Breaking News
Home / Lifestyle / ആറ് മണിക്കൂര്‍ കൊണ്ട് കുതിച്ച് പാഞ്ഞത് 650 കിലോമീറ്റര്‍ പന്ത്രണ്ടുകാരിക്ക്‌ പുതുജീവന്‍ പകര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍

ആറ് മണിക്കൂര്‍ കൊണ്ട് കുതിച്ച് പാഞ്ഞത് 650 കിലോമീറ്റര്‍ പന്ത്രണ്ടുകാരിക്ക്‌ പുതുജീവന്‍ പകര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍

കോട്ടയം: രോഗികളുടെ ജീവന്‍ കാക്കാനായി ആംബുലന്‍സ് ജീവനക്കാര്‍ പലപ്പോഴും സ്വന്തം ജീവന്‍ പോലും മറന്ന് കുതിച്ച് പായാറുണ്ട്. ഇത്തരത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ വെറും ആറ് മണിക്കൂര്‍ കൊണ്ട് വെല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ച് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് ഹാര്‍ട്ട് ഓഫ് കോട്ടയം ആംബുലന്‍സ് ഡ്രൈവര്‍മാരായ സുബിനും ബിബിനും.

അസ്ഥിമജ്ജക്ക് ഗുരുതരമായ രോഗം ബാധിച്ച മറയൂരുകാരി ബാലികയെ ആണ് വിദഗ്ധ ചികിത്സയ്ക്കായി ഇവര്‍ ആറു മണിക്കൂര്‍ കൊണ്ട് 650 കിലോ മീറ്റര്‍ പിന്നിട്ട് വെല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സിന്റെ മുഴുവന്‍ ചെലവും വഹിച്ചത് തൊടുപുഴ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയാണ്.

രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്ന അസ്ഥിമജ്ജയിലെ രോഗമാണ് 12 വയസുള്ള മറയൂര്‍ സ്വദേശിനിയെ ബാധിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കായി കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അസ്ഥിമജ്ജ ചികിത്സകള്‍ക്കായി ഉടന്‍ വെല്ലൂരിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച കുട്ടിയെ വെല്ലൂരിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നറിഞ്ഞിട്ടും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി രോഗിയും ബന്ധുക്കള്‍ക്കുമൊപ്പം ആംബുലന്‍സ് ഉടമയും നഴ്‌സുമായ രഞ്ചു ജോര്‍ജും ഡ്രൈവര്‍മാരായ സുബിനും ബിബിനും ദൗത്യം ഏറ്റെടുത്തു. വൈകീട്ട് അഞ്ചുമണിക്ക് രോഗിയുമായി ആംബുലന്‍സ് തമിഴ്‌നാട്ടിലെ വെല്ലൂരിലേക്ക് കുതിച്ചു പാഞ്ഞു.

രക്തം കുറവുള്ളതിനാല്‍ ദിവസവും നാല് പാക്കറ്റ് രക്തഘടകങ്ങളാണ് രോഗിക്ക് നല്‍കിയിരുന്നത്. അതിനാല്‍ ആംബുലന്‍സ് യാത്ര അധിക സമയം നീട്ടാന്‍ സാധിക്കുമായിരുന്നില്ല. എല്ലാ മുന്നൊരുക്കങ്ങളോടെയുമായിരുന്നു യാത്ര. ആംബുലന്‍സിന് വഴിയൊരുക്കാന്‍ കേരള, തമിഴ്‌നാട് പോലീസും ഒപ്പമുണ്ടായിരുന്നു. അതിനാല്‍ ആറ് മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞു. കുട്ടിയെ വെല്ലൂര്‍ ആശുപത്രിയിലെ അടിയന്തരചികിത്സാ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published.