അയാൾ പറത്തി വിട്ട പറവകൾക്ക് അയാളുടെ സ്വപ്നത്തിന്റെ കൂടെ ചിറകുകൾ ഉണ്ടായിരുന്നു. ബാബു ഷാഹിർ എന്ന പ്രൊഡക്ഷൻ കൺട്രോളറിന്റെ മകൻ സിനിമയിലെത്തിയിട്ട് ഏകദേശം 13 വര്ഷങ്ങളായി. സിനിമാ സംവിധാനം എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ അയാൾക്ക് ഒരുപാട് വഴികളിലൂടെ ഇച്ചാപൂവും ഹസീബും പറവകളെ പിടിക്കാൻ ഓടിയതുപോലെ പോകേണ്ടി വന്നിട്ടുണ്ട്. അസിസ്റ്റന്റ് ഡയറെക്ടർ ആയി നടനായി ഒടുവിൽ സംവിധായകനായി മാറിയ സൗബിൻ പറത്തി വിട്ട പറവകൾ വാനിൽ പറന്നു നടക്കുന്ന കണ്ടു അയാൾ ചിരിച്ചിട്ടുണ്ടാകണം എന്തെന്നാൽ അത് അയാളുടെ ജീവിതം തന്നെയായിരുന്നു.
ഒട്ടു മിക്ക സിദ്ദിഖ് ലാൽ ചിത്രങ്ങളിലൂടെ മുന്നിലെ എഴുത്തുകുത്തിലും ബാബു ഷാഹിർ എന്ന പ്രൊഡക്ഷൻ കൺട്രോളറിന്റെ പേരു കാണാം. ഒരു സംവിധായകനാകാൻ സിനിമയിലെത്തി ഫാസിലിന്റെ അസിസ്റ്റന്റ് ആയി കൂടി ഒടുവിൽ ആ സ്വപ്‌നങ്ങൾ ഉപേക്ഷിച്ചു ഒരു പ്രൊഡക്ഷൻ കൺട്രോളർ ആയി തീർന്ന ആ അച്ഛന്റെ ജീവിതം മുൻപിൽ ഉണ്ടായിരിക്കെ സൗബിൻ എന്ന മകൻ അതെ സിനിമാ മേഖല തന്നെ തിരഞ്ഞെടുത്തു, ഒരിക്കലും അച്ഛനെ പോലെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ നിന്നു മാറിപ്പോകരുതെന്നു ചിന്തിച്ചു സിനിമയിൽ എത്തിയ സൗബിൻ ആദ്യമായി ഒരു സിനിമയിൽ അസിസ്റ്റന്റ് ആകുന്നത് അച്ഛന്റെ തന്നെ അടുത്ത കൂട്ടുകാരനായ സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ചലറിലൂടെ ആണ്.
പിന്നീടങ്ങോട്ട് കുറെ വർഷം സെറ്റുകളുടെ ഇഷ്ടക്കാരനായി പല സംവിധായകരുടെ കൂടെ സൗബിൻ ഉണ്ടായിരുന്നു. ഒരു അസ്സിസ്റ്റന്റിന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊന്നും അയാളെ അലട്ടിയിരുന്നില്ല എന്തെന്നാൽ സിനിമയെ അത്രകണ്ട് അദ്ദേഹം സ്വപ്നം കണ്ടിരുന്നു. സിനിമാ സംവിധായകനാനുള്ള മോഹം അത്രകണ്ട് ഉള്ളിലുള്ളത് കൊണ്ട് തന്നെയാണ് സിനിമയിൽ ഏകദേശം 7 വർഷത്തോളം അസിസ്റ്റന്റും അസ്സോസിയേറ്റും ആയി കൂടിയത്. ഒടുവിൽ സംവിധായകന്റെ തൊപ്പി വയ്ക്കാറായപ്പോളാണ് നിയോഗം പോലെ അദ്ദേഹത്തെ തേടി നടനാകാനുള്ള അവസരം വന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി ആഷിഖ് അബുവിന്റെ നിർമ്മാണത്തിൽ ഒരു ചിത്രം ഒരുക്കാനിരുന്ന സൗബിൻ അതിന്റെ കഥ ഡിസ്‌കസ് ചെയ്യാൻ അന്നയും റസൂലിന്റെയും സെറ്റിൽ എത്തിയപ്പോഴാണ് രാജീവ് രവി സൗബിനെ അഭിനയിക്കാൻ ക്ഷണിക്കുന്നതും ആ വേഷം ക്ലിക്ക് ആയതിനു ശേഷം സൗബിൻ അഭിനയം എന്ന മേഖലയുമായി മുന്നോട്ടു പോയി. അയാൾ നമുക്ക് പറഞ്ഞു തന്ന ആ പറവകളുടെ ജീവിതം പോലെ തന്നെയാണ് സൗബിന്റെ ജീവിതം. കൂട്ടിലടച്ച പറവക്ക് അതിനു ഇനി എത്ര സൗഭാഗ്യങ്ങൾ ഉണ്ടായാലും ഒരു വിയർപ്പുമുട്ടൽ ഉണ്ടാകും. അത്പോലെ തന്നെയായിരുന്നു നടനായി ഉള്ള സൗബിന്റെ ജീവിതവും. അയാൾക്ക് സംവിധാനം എന്ന ലക്ഷ്യത്തിലേക്ക് പറക്കണമായിരുന്നു.
നടനായി ജീവിതം ജീവിച്ചു തീർക്കുന്നതിനിടെ ആ വിയർപ്പു മുട്ടൽ സൗബിനെ തെല്ലൊന്നുമാകില്ല അലട്ടിയത്. ആകാശം കൊതിച്ച പറവയെ പോലെ അയാളും കൊതിച്ചു. ആ ഉയരത്തിൽ പറക്കാനാണ് ആ മനുഷ്യൻ തന്റെ ഇരുപതാം വയസു മുതൽ സെറ്റുകളിൽ ഒതുങ്ങി കൂടിയത്. 13 വർഷങ്ങൾ.. ഒടുവിൽ അയാളിലെ പറവ പറന്നു ആകാശത്തിൽ ഒരുപാട് ഉയരെ…