Breaking News
Home / Lifestyle / എന്റെ കയ്യിൽ കിട്ടുമ്പോൾ വാവ്വച്ചിക്ക് ഞെരക്കം മാത്രം അതിജീവനം പ്രാർഥന

എന്റെ കയ്യിൽ കിട്ടുമ്പോൾ വാവ്വച്ചിക്ക് ഞെരക്കം മാത്രം അതിജീവനം പ്രാർഥന

അഞ്ചുവർഷം മുമ്പ് ഒരു ജൂലൈയിലാണ് ഷഫീഖ് എന്ന കുരുന്ന് കേരളമനസാക്ഷിയെ കരയിപ്പിച്ചത്. തൊടുപുഴയിലെ ഏഴുവയസുകാരൻ അനുഭവിച്ച സമാനമായ അവസ്ഥയിലൂടെയാണ് ഷഫീഖും കടന്നുപോയത്. അത്ര പെട്ടന്ന് ഒന്നും കേരളത്തിന് ആ കുഞ്ഞിനെ മറക്കാനാകില്ല. അവനുവേണ്ടി ഒരുപാട് മനസുകളാണ് പ്രാർഥനയോടെ കാത്തിരുന്നത്. ഷഫീഖ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത് പോലെ തൊടുപുഴയിലെ കുഞ്ഞും തിരികെ ജീവിതത്തിലേയ്ക്ക് എത്തണേയെന്ന പ്രാർഥനയിലാണ് കേരളം.

രണ്ടാനമ്മയുടെയും അച്ഛന്റെയും കൊടിയമർദനമേറ്റ് അതീവഗുരുതരാവസ്ഥയിലാണ് ഷഫീഖിനെ ആശുപത്രിയിൽ എത്തിച്ചത്. ഇരുമ്പുവടികൊണ്ട് തലക്കും വലതുകണ്ണിൻെറ പുരികത്തും പരുക്കേറ്റിരുന്നു. ശരീരത്ത് പലയിടത്തും ചട്ടുകംകൊണ്ട് പൊള്ളിച്ച പാടുകളും ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞുതൂങ്ങിയ കാലുകളുമായാണ് ഷഫീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പട്ടിണികിടന്ന് ശരീരം മെലിഞ്ഞുപോയിരുന്നു. ക്രൂരപീഡനം തെളിഞ്ഞതോടെ അച്ഛൻ ഷരീഫിനെയും രണ്ടാനമ്മ അനീഷയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മരണത്തിന്റെ നൂൽപാലത്തിലൂടെ കടന്നുവന്ന ഷഫീഖിനെ അൽ-അസ്ഹർ മെഡിക്കൽ കോളജ് അധികൃതർ ഏറ്റെടുത്തിരുന്നു. ഷഫീഖിനെ നോക്കാൻ രാഗിണി എന്ന ‘അമ്മ’യേയും ഏർപ്പാടാക്കി. അഞ്ചുവർഷമായി രാഗിണി പ്രിയപ്പെട്ട വാവ്വച്ചിക്ക് ഒപ്പം തന്നെയുണ്ട്. പെറ്റമ്മയും രണ്ടാനമ്മയും നൽക്കാത്ത സ്നേഹം നൽകി പൊന്നുപോലെയാണ് രാഗിണി കുഞ്ഞിനെ നോക്കുന്നത്. മകനെക്കുറിച്ചും കടന്നുവന്ന കനൽവഴികളെക്കുറിച്ചും രാഗിണി സംസാരിക്കുന്നു.

എന്റെ കയ്യിൽ കിട്ടുമ്പോൾ വാവച്ചിക്ക് ഒരു ഞെരക്കം മാത്രമേയുള്ളായിരുന്നു. അവിടെ നിന്നും കുന്നോളം പരിശ്രമിച്ചിട്ടാണ് അവനെ ജീവനോടെ കിട്ടിയത്. വാവച്ചിയിപ്പോൾ അവന്റേതായ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. ക്രൂരതയുടെ ശേഷിപ്പുകൾ ഇപ്പോഴും കുഞ്ഞിനെ അലട്ടുന്നുണ്ട്. മോന് നടക്കാനാവില്ല. വീൽചെയറിലാണ്. എങ്കിലും അവനെ ഞങ്ങൾ സ്കൂളിൽ അയക്കാറുണ്ട്. രണ്ടാംക്ലാസിലാണിപ്പോൾ. പഴയ പട്ടിണിക്കോലമായല്ല കുഞ്ഞല്ല, അവനിപ്പോൾ മിടുക്കനായി.

സ്കൂളിൽ വിടുന്നുണ്ടെങ്കിലും അവന്റെ മുകളിൽ പഠനഭാരമൊന്നും ഏൽപ്പിക്കാറില്ല. അവന് പറ്റുന്നത് പോലെ പഠിക്കട്ടെയെന്നാണ് കരുതുന്നത്. ഇപ്പോഴും മരുന്നുകൾ ഉള്ളതുകൊണ്ട് വാവ്വച്ചിയ്ക്ക് വേഗം ഉറക്കം വരും. സ്കൂളിൽ തന്നെ അതിനുള്ള സൗകര്യമുണ്ട്. നിഴലുപോലെ ഞാനെന്നും അവനൊപ്പമുണ്ട്. ഇടയ്ക്ക് കോലാഹലമേട്ടിലുള്ള എന്റെ വീട്ടിൽ പോകാൻ സാധിക്കുന്നില്ല എന്നൊരു ചെറിയ വിഷമം മാത്രമേയുള്ളൂ. അത് പക്ഷെ മോന്റെ ചിരി കാണുമ്പോൾ പോകും.

ചിലരൊക്കെ മോനെ നോക്കുന്ന സ്ത്രീയല്ലേ, ആയയല്ലേ എന്നൊക്കെ ചോദിക്കുമ്പോൾ ഹൃദയം നോവും. കാരണം അവനെ ഞാൻ പ്രസവിച്ചിട്ടില്ലന്നേയുള്ളൂ, അവനെനിക്ക് മകനാണ്. ഞാൻ അവന്റെ അമ്മയും. ഞാൻ അവന്റെ അമ്മയല്ല എന്ന് പറയുന്നത് അവന് ഇഷ്ടമല്ല. എന്റെ മകനൊപ്പം തന്നെ ജീവിച്ച് ഒരുമിച്ച് മരിക്കണമെന്നാണ് എന്റെ ആഗ്രഹം.

About Intensive Promo

Leave a Reply

Your email address will not be published.