നിപ്പാവിന്‍ ഹോക്സിനെതിരെ ഹംബോള്‍ഡ് ബ്രോണ്‍കോസ് ഗെയിംസ് കളിക്കാന്‍ പുറപ്പെട്ടതായിരുന്നു ഇവാനും സംഘവും. ഇവാനെയും സുഹൃത്ത് ഡെക്ലാനെയും മത്സരത്തിനയച്ചിട്ട് തിരിച്ചു വരുന്ന വഴിയിലാണ് ഹൃദയം നടുക്കുന്ന സംഭവം തോമസും ഡെക്ലാന്‍റെ പിതാവ് കാള്‍ ഹോബ്സും അറിയുന്നത്. മത്സരത്തിനായി പുറപ്പെട്ട ഹോക്കി ടീം യാത്ര ചെയ്ത ബസ് അപകടത്തില്‍പ്പെട്ടു.
അപ്പോള്‍ തന്നെ കാറില്‍ സംഭവ സ്ഥലത്തെത്തിയ തോമസിനും ഹോബ്സിനും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. സയറിന്‍ മുഴക്കി ചീറി പായുന്ന ആംബുലന്‍സുകളുടെയും വലിയ മുഴക്കത്തോടെ തലക്ക് മുകളിലൂടെ പറന്നുയരുന്ന ഹെലികോപ്റ്ററുകളുടെയും ഇടയില്‍ നിശ്ചലരായി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
ഇവാനുള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന 15 പേരാണ് ആ അപകടത്തില്‍ മരിച്ചത്. ഡെക്ലാന്‍ ഉള്‍പ്പടെ 13 പേര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. സംഭവത്തില്‍ ജസ്കിരത് സിംഗ് സിദ്ദു എന്ന സെമി-ട്രെയിലര്‍ (ലോറി പോലെയുള്ള വലിയ വാഹനം) ഡ്രൈവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വര്‍ഷം നീണ്ട വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച സിദ്ദുവിനെ 8 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. അപകടകരമായി വാഹനം ഓടിക്കുക, മരണ൦, ശാരീരിക ഉപദ്രവ൦ തുടങ്ങി 29 വകുപ്പുകള്‍ ചുമത്തിയാണ് സിദ്ദുവിനെ തടവിനു ശിക്ഷിച്ചത്.
എന്നാല്‍, വേഗതയോ, ലഹരിയോ, മൊബൈല്‍ ഫോണോ ഒന്നുമായിരുന്നില്ല അപകടത്തിന് കാരണം. സ്ഥലത്തുണ്ടായിരുന്ന ഒരു ഫ്ലാഷിംഗ് സ്റ്റോപ്പ് സൈന്‍ വേഗത്തില്‍ മറികടക്കാന്‍ സിദ്ദു ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.
ഇന്ത്യന്‍ വംശജനായ സിദ്ദു കാനഡയില്‍ സ്ഥിരതാമസമാക്കിയത് 2013ലാണ്. ഇരുപത്തിയൊന്‍പതുകാരനായ സിദ്ദു ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചിട്ട് ഒരു മാസം തികയുന്നതേയുണ്ടായിരുന്നുള്ളൂ. ”സംഭവിച്ചതിന്‍റെയെല്ലാം പൂര്‍ണ ഉത്തരവാദി ഞാനാണ്. ജോലിയിലുള്ള എന്‍റെ പരിചയകുറവാണ് എല്ലാത്തിനും കാരണം. നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കണം”- മരിച്ചവരുടെ കുടുംബാംഗങ്ങളോട് സിദ്ദു പറഞ്ഞു.
കോടതിയില്‍ ജനുവരിയില്‍ നടന്ന വാദത്തിനിടെ സിദ്ദുവിന് നേരെ കുടുംബാ൦ഗങ്ങള്‍ അവരുടെ നിരാശ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇവാന്‍റെ പിതാവ് സിദ്ദുവിനോട് ക്ഷമിക്കാന്‍ തയാറാകുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ തോമസ് സിദ്ദുവിനെ സന്ദര്‍ശിച്ചിരുന്നു.
നടന്ന സംഭവങ്ങള്‍ കൂടുതല്‍ ആഴത്തില്‍ വിശദീകരിക്കുന്നത് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കൂടുതല്‍ നിരാശയുണ്ടാക്കുമെന്നും അത് സിദ്ദുവിന്‍റെ ശിക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും തോമസ് സിദ്ദുവിനോട് പറഞ്ഞു. സിദ്ദുവിനെ സന്ദര്‍ശിച്ചത് തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നുവെന്നും സിദ്ദുവിന്‍റെ കണ്ണീരില്‍ തന്‍റെ ഷര്‍ട്ട് കുതിര്‍ന്നുവെന്നും തോമസ് പറയുന്നു.
മന:പൂര്‍വമല്ലാതെ നടന്ന ഒരു അപകടത്തിന് സിദ്ദുവിനെ പൂര്‍ണമായി കുറ്റവാളിയാക്കാന്‍ സാധിക്കില്ലെന്നും ഇവിടെ ക്ഷമിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാന്‍ കഴിയുകയെന്നും തോമസ് ചോദിക്കുന്നു. ‘കിട്ടേണ്ട ശിക്ഷ സിദ്ദുവിന് ലഭിച്ചു. ഇനിയും അയാളോട് ക്ഷമിക്കാതെ ഇരിക്കുന്നത് എന്‍റെ മനസാക്ഷിയെ വഞ്ചിക്കുന്നതിനു തുല്യമാണ്’- തോമസ് പറയുന്നു.