Breaking News
Home / Lifestyle / മരിച്ചു പോയവരുടെ ഫേസ്ബുക് വാളിൽ പോയി നോക്കിയിട്ടുണ്ടോ.

മരിച്ചു പോയവരുടെ ഫേസ്ബുക് വാളിൽ പോയി നോക്കിയിട്ടുണ്ടോ.

ചിലപ്പോൾ_ഇതു_നമ്മുടെ_കഥയാവാം

മരിച്ചു പോയവരുടെ ഫേസ്ബുക് വാളിൽ പോയി നോക്കിയിട്ടുണ്ടോ. അറിയാത്ത കാരണത്താൽ വിഷാദം നിറഞ്ഞ മനസുമായി ഫേസ്ബുക്ക് തുറന്ന ആ പാതിരാവിൽ എനിക്ക് അവനെ ഓർമ്മവന്നു. ഒന്നു രണ്ടുവര്ഷങ്ങൾ മുൻപ് അപകടത്തിൽ മരിച്ചുപോയ പ്രിയകൂട്ടുകാരനെ, എന്റെ വിരൽതുമ്പുകൾ അവന്റെ പ്രൊഫൈൽ തിരഞ്ഞു.

അതേ അവന്റെ ജീവൻ തുളുമ്പുന്ന പുഞ്ചിരിക്കുന്ന പ്രൊഫൈൽ പിക്ചർ, ഞങ്ങൾ ഒന്നിച്ചു യാത്രപോയപ്പോൾ ഞാൻ എടുത്തു കൊടുത്തതായിരുന്നു ആ ഫോട്ടോ. മറ്റൊരിക്കലും ഞാൻ അവന്റെ വാളിൽ ഇതുപോലെ വിരലോടിച്ചിരുന്നില്ല. അവൻ മരിച്ചത് അറിയാതെയാവും അവന്റെ ടൈംലൈനിൽ ആരൊക്കെയോ ബർത്ഡേ ആശംസകൾ കുറിച്ചിരുന്നു. പിന്നെ ഒരു ഫ്രീക്കൻ പേരുള്ള ഫോട്ടോയുള്ള ഒരു പയ്യൻ അവനെ ടാഗ് ചെയ്തു വാച്ചിങ് മൂവി എന്ന ആക്ടിവിറ്റി കാണിച്ചിരുന്നു.

താഴേക്കു താഴേക്കു ചെല്ലുമ്പോൾ എന്റെ കൈവിറക്കാൻ തുടങ്ങി അവന്റെ സ്വപ്നങ്ങൾ ആഗ്രഹങ്ങളൊക്കെയും സാഹിത്യഭംഗിയോടെ കുറിച്ചിരുന്നു. അവന്റെ പോസ്റ്റുകൾ എപ്പോളും സന്തോഷം നിറഞ്ഞ ശുഭപ്രതീക്ഷകളോട് കൂടിയവയായിരുന്നു. അവന്റെ വിദ്യാഭ്യാസ നാൾവഴികൾ അടയാളപ്പെടുത്തിയിരുന്നു, അവിടെ അവൻ ചേർത്തു കുറിച്ച വാകമരവും ഇലഞ്ഞിയും പാലയുമൊക്കെ അന്ന് ഞാൻ കണ്ടിരുന്നില്ല ഇന്ന് അവയെല്ലാം മനസിൽ തെളിഞ്ഞു. അവിടെ എവിടെയൊക്കെയോ എന്റെയും ഓർമ്മകൾ പറ്റിപ്പിടിച്ചു കിടന്നു വീണ്ടും വീണ്ടും ഓളങ്ങൾ തഴുകുന്ന പാറകല്ലിലെ ഒരു നരചപ്പായൽ പോലെ.

അവനു ജോലികിട്ടിയപ്പോൾ ഞങ്ങൾ കൂട്ടുകാരെ കൂട്ടി നഗരത്തിലെ വലിയഹോട്ടലിൽ ഞങ്ങൾക്ക് പാർട്ടി തന്നതിന്റെ സെൽഫിയിൽ അവന്റെ മുഖത്തെ സന്തോഷം ഇന്നും എന്റെ നെഞ്ചിൽ ഒരു നോവാകുന്നു.

ഒരിക്കൽ അവൻ പറഞ്ഞിരുന്നു ഒരു പെണ്കുട്ടിയുമായി പ്രണയത്തിലാണെന്ന്,ഞങ്ങൾ കൂട്ടുകരോട് ഒരിക്കൽ സർപ്രൈസ് ആയി അവളെ കാണിച്ചു തരുമെന്നു പറഞ്ഞിരുന്നു. മറ്റാർക്കും അറിയാത്ത അവൾ ആരായിരുന്നു അവളുടെ പിന്നീടുള്ള അവസ്‌ഥ എന്തായിട്ടുണ്ടാവും അറിയില്ല. അവനെ നഷ്ടപെട്ടതിന്റെ വേദനയിൽ അന്ന് ഇതൊന്നും അന്വേഷിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ അവൻ പറയാതെ പോയ കുറെ കാര്യങ്ങൾ കുറെ ചോദ്യങ്ങളായി മനസിൽ നിറയുന്നു.

എന്റെ കൈകൾ നിശ്ചലമായിരിക്കുന്നു അവൻ പവർകൂടിയ പുതിയ ബൈക്കുവാങ്ങി ഞങ്ങൾ കൂട്ടുകാരുടെ അടുത്തു ചിലവുമായിവന്ന ആ ദിവസത്തെ ഫോട്ടോ. അന്ന് ഞങ്ങളിൽ പലരും പറഞ്ഞത് ഇന്നും ഓർക്കുന്നു. ഇത്രയും കൂടിയ വണ്ടി ഓടിക്കാൻപറ്റിയ റോഡ് നമ്മുടെ നാട്ടിൽ ഇല്ലാ എന്നു.. അപ്പോൾ ചിരിച്ചു പറഞ്ഞു എനിക്ക് നിങ്ങളുടെ അടുത്തു വേഗമോടിയെത്താൻ ഇവൻ തന്നെ വേണമെന്നു.. ദിവസങ്ങൾക്കു അപ്പുറം മഴ മൂടിയ സന്ധ്യയിലാണ് അവന്റെ മരണവാർത്ത തീക്കനൽ കുത്തിയിറക്കിയപോലെ ഞങ്ങളുടെ കാതുകളിൽ വന്നു മുഴങ്ങിയത്.

പെട്ടന്ന് എന്തോ എന്റെ കണ്ണുകൾ നിറഞ്ഞു ജനലിൽ തൂക്കിയ വിരിപ്പുകൾ പറന്നുപൊങ്ങുന്നു ശക്തമായ കാറ്റിൽ. ജനൽ അടച്ചതും പുറത്തു മഴ ശക്തമായിരിക്കുന്നു. അന്നും അങ്ങനെയായിരുന്നു അവന്റെ ശരീരം വീട്ടുപടിക്കൽ എത്തുമ്പോൾ മഴ അതിന്റെ സർവ്വരൗദ്രഭാവവും എടുത്തു പെയ്തിറങ്ങുകയായിരുന്നു. മഴയെ പ്രണയിച്ചു എപ്പോളൊക്കെയോ അവൻ കുറിച്ച വരികൾ.അതിൽ ആരൊക്കെയോ സാഹിത്യം ചേർത്തു കുറിച്ച കമന്റുകൾ. പയ്യെ പയ്യെ എന്റെ കൈ ബാക്ക് ബട്ടൺ അമർത്തിക്കൊണ്ടിരുന്നു.അവസാനം എന്റെ ചിരിച്ച മുഖമുള്ള പ്രൊഫൈൽ ഫോട്ടോയിൽ എത്തി നിന്നും ഒരിക്കൽ ഞാനും അവനെപോലെ ആരുടെയൊക്കെയോ പഴയ ഓർമ്മകളിൽ ചേക്കേറും പിന്നെ, എല്ലാവരുടെയും ഒർമ്മകളിലും മരിക്കും.

അന്നും ചിലപ്പോൾ ഞാൻ ഈ ലോകത്തില്ല എന്നറിയാത്ത ആരെങ്കിലുമൊക്കെ എനിക്ക് ബർത്ഡേ ആശംസകൾ കുറിക്കുമായിരിക്കും….

മനു ശങ്കർ പാതാമ്പുഴ

About Intensive Promo

Leave a Reply

Your email address will not be published.