കൈക്കൂലി ഓഫർ നിരസിച്ച പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുല്ല ബിലാലിനെ പ്രശസ്തിപത്രവും സ്ഥാനക്കയറ്റവും നല്‍കി ദുബൈ പോലീസ് ആദരിച്ചു. പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയാണു പുരസ്ക്കാരം നൽകിയത്.
ദുബായിലെ മുഹൈസിനയില്‍ അനധികൃത മദ്യ വിപണന സംഘമാണ് മുഹമ്മദ് അബ്ദുല്ലക്ക് കൈക്കൂലി വാഗ്ദാനം ചെയ്തത്. പ്രതി മാസം 50,000 ദിര്‍ഹവും കാറും നൽകുമെന്നും ആദ്യ ഘട്ടത്തില്‍ 30,000 ദിര്‍ഹം നൽകുമെന്നുമായിരുന്നു വാഗ്ദാനം ചെയ്യപ്പെട്ടത്. മദ്യ വിപണന സംഘത്തെ നിരീക്ഷിക്കുകയോ പിടികൂടുകയോ ചെയ്യാതിരിക്കുന്നതിനു പകരമായിട്ടാണു ഇത്രയും വലിയ ഓഫർ ലഭിച്ചത്.
എന്നാല്‍ ഈ വിവരം മുഹമ്മദ് അബ്ദുല്ല ബിലാല്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനു പിറകെ സംഘത്തെ പിടികൂടുകയായിരുന്നു. മുഹമ്മദ് അബ്ദുല്ലയുടെ ജോലിയോടുള്ള ആത്മാർഥതക്കും മാതൃകാ പരമായ സത്യസന്ധതക്കും പകരമായി അധികൃതർ അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു