Breaking News
Home / Lifestyle / ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ് പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ

ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ് പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ

അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന കാര്യം ഒരുപക്ഷേ അറിയുന്നുണ്ടാകില്ല.

എല്ലാ പമ്പുകാരും കള്ളന്മാരാണെന്നല്ല പറഞ്ഞു വരുന്നത്, എങ്കിലും ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി അനുഭവസ്ഥരിൽ നിന്നും നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് കണ്ണൂർ സ്വദേശിയും ടൂറിസ്റ്റ് ടാക്സി ഡ്രൈവറുമായ വിനോദ് കെ.പി. അദ്ദേഹത്തിൻ്റെ അനുഭവക്കുറിപ്പ് ഇങ്ങനെ…

യാത്രകൾക്കു പറയുവാനുള്ളത് കാഴ്ചകളുടെ മാത്രം കഥയല്ല. അനുഭവങ്ങളുടെതും കൂടിയുണ്ട്. ചിലത് നന്മയുടെത് അല്ലെങ്കിൽ തിന്മയുടെത്. അന്യ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ പ്രധാനമായും നമ്മൾ ചതിക്കപ്പെടുന്നത് ഫ്യൂവൽ സ്റ്റേഷനുകളിലാണ്. കർണാടകയുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട് അല്പം ഭേദം എന്നു മാത്രം. നമ്മുടെ വാഹനം പമ്പിനകത്ത് കയറുന്ന നിമിഷം തന്നെ പമ്പ് ജീവനക്കാർ വാഹനത്തിന്റെ റജിസ്ട്രേഷൻ ശ്രദ്ധിക്കും. അന്യ സംസ്ഥാന റജിസ്ട്രേഷനാണെങ്കിൽ അവർ അവരുടെ നമ്പറുകൾ ഒന്നൊന്നായി പുറത്തെടുക്കും.

1) നമ്മുടെ വാഹനം ഫ്യൂവൽ മെഷീനിൽ നിന്നും പരമാവധി മുൻപോട്ടേക്ക് വാഹനം ഒതുക്കി നിർത്തുവാൻ പറയും. അവരുടെ ഉദ്ദേശ്യം ഇതാണ്, വാഹനത്തിനകത്ത് ഇരിക്കുന്നവരുടെ ദൃഷ്ടി പെട്ടെന്ന് മെഷീനിൽ പതിയരുത്.

2) ജീവനക്കാർ നമ്മുടെ സമീപം വന്നതിനു ശേഷം എത്ര രൂപക്ക് വേണമെന്നു ചോദിക്കുമ്പോൾ നമ്മൾ 1000 രൂപയാണ് പറയുന്നതെങ്കിൽ അവർ 300 രൂപക്ക് ഇന്ധനം നിറച്ചതിനു ശേഷം മെഷീൻ ഓഫ് ചെയ്യും. നമ്മൾ നോക്കുമ്പോൾ മെഷീനിൽ 300. ഇതെന്താ, 1000 രൂപക്കാണല്ലോ പറഞ്ഞത് എന്നു ചോദിക്കുമ്പോൾ ക്ഷമിക്കണം സർ 700 രൂപക്കും കൂടി ഫിൽ ചെയ്യാം എന്നു പറയും. ഈ സമയത്തിനുള്ളിൽ പമ്പിലെ മറ്റു ജീവനക്കാർ നമ്മുടെ വാഹനത്തിനു സമീപം വന്നിരിക്കും. നമ്മോട് വാഹനത്തിന്റെ മൈലേജിനെ കുറിച്ചും, എങ്ങോട്ടാണ് യാത്ര പോകുന്നത് എന്നിങ്ങനെ പല കുശലാന്വേഷണങ്ങളും ആരംഭിക്കും.

അന്നേരത്തേക്കും, വാഹനത്തിൽ ഇന്ധനം നിറക്കുന്ന ജീവനക്കാരൻ എണ്ണ അടിച്ചു കഴിഞ്ഞു എന്നു പറയും. മെഷീനിൽ നോക്കുമ്പോൾ 700. അങ്ങിനെ 1000 രൂപയും നല്കി പമ്പിൽ നിന്നും നമ്മൾ യാത്രയാകുന്നു. സത്യത്തിൽ അവർ 700 രൂപയുടെ ഇന്ധനം മാത്രമെ നിറക്കുന്നുള്ളൂ. അതായത് ആദ്യം നിർത്തിയ 300 ൽ നിന്നും തന്നെയാണ് അവർ വീണ്ടും 700 ൽ നിർത്തുന്നത്.

അല്ലാതെ വീണ്ടും പൂജ്യത്തിൽ നിന്നും തുടങ്ങുന്നില്ല. ഇവിടെ നമ്മുടെ ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണ് ജീവനക്കാർ നമ്മളോട് കുശലം പറയുന്നത്. ചില സ്ഥലത്ത് കുശലം പറയൽ ആണെങ്കിൽ, ചില സ്ഥലത്ത് പമ്പിലെ ജീവനക്കാർ വന്നു നമ്മുടെ വാഹനത്തിന്റെ ഫ്രണ്ട് ഗ്ലാസ്സ് വെള്ളം ഒഴിച്ചു കഴുകി തരും. എങ്ങിനെയും ശ്രദ്ധ തിരിക്കുക എന്നു മാത്രം.

ചതി വേറെ രീതിയിലുമുണ്ട്. ഒരിക്കൽ എന്റെ അമ്മാവന്റെ ഒപ്പം കാറിൽ ബാംഗ്ളൂരിലേക്കു പോകുമ്പോൾ ബിഡദിക്കു സമീപം ഒരു പമ്പിൽ വാഹനം കയറ്റി. കർണാടക റജിസ്ട്രേഷൻ വാഹനമായിരുന്നു. ഞാൻ ടാങ്കിന്റെ ക്ലിപ്പ് തുറന്നു. ഈ സമയം അമ്മാവൻ എന്നോടു മലയാളത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ ജീവനക്കാരൻ വാഹനം അല്പം കൂടി മുൻപോട്ടു ഒതുക്കുവാൻ പറഞ്ഞു. ചതി മണത്തു തുടങ്ങി. പെട്ടെന്നു തന്നെ വേറെയും രണ്ടു ജീവനക്കാർ വന്നു കാറിനു സമീപം നിന്നു. അതായത് മെഷീൻ കാണുവാൻ സാധിക്കാത്ത രീതിയിൽ.

എത്ര രൂപക്കാണ് വേണ്ടതെന്നു ചോദിച്ചപ്പോൾ 1000 എന്നു പറഞ്ഞു 2000 രൂപയുടെ നോട്ട് നല്കി. ജീവനക്കാരൻ 2000 രൂപ തിരിച്ചും മറിച്ചും നോക്കിയിട്ട് സർ, ഇതിൽ ഗ്രീൻ ലൈൻ കാണുന്നില്ല എന്നു പറഞ്ഞു. അമ്മാവൻ ആകെ പരിഭ്രാന്തനായി. ഒരു നിമിഷത്തേക്ക് ഞാനും പതറി. ഇതിനിടയിൽ ഒരു ജീവനക്കാരൻ ഇന്ധനം നിറക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ കാര്യം എനിക്കു മനസ്സിലായി. ഇവരുടെ മറ്റൊരു സൂത്രം. ഞാൻ കാറിൽ നിന്നും ഇറങ്ങി വെളിയിലേക്ക് വന്നു. സർ അടിച്ചു കഴിഞ്ഞു എന്നു ജീവനക്കാരൻ. നോക്കുമ്പോൾ മിഷ്യനിൽ 300. എനിക്കു ഒരു സംശയം തോന്നിയിട്ട് കാറിന്റെ എഞ്ചിൻ സ്വിച്ച് ഓൺ ചെയ്പ്പോൾ ഫ്യൂവൽ മീറ്റർ ഒരു പൊടിക്ക് അനങ്ങിയിട്ടില്ല.

മിഷ്യനിൽ 300 രേഖപ്പെടുത്തിയ ശേഷം കാറിന്റെ ടാങ്കിനുള്ളിൽ ഗൺ താഴ്ത്തിയിട്ട് അവർ ഓൺ ചെയ്യാതെ വെക്കുകയായിരുന്നു. 1000 ത്തിനാണല്ലോ നിറക്കുവാൻ പറഞ്ഞത് എന്നു ചോദിച്ചപ്പോൾ സോറി സർ, ഞാൻ 300 എന്നാണ് കേട്ടത്. ബാക്കി 700 രൂപക്ക് നിറക്കാമെന്നായി അവർ. ഞാൻ പറഞ്ഞു വേണ്ട, ആദ്യം മുതൽ 1000 രൂപക്ക് ഫിൽ ചെയ്താൽ മതി. അവർ 1000 രൂപക്ക് നിറച്ചു തീരുന്നതു വരെ ഞാൻ മിഷ്യനിൽ നിന്നും കണ്ണുകൾ മാറ്റിയിട്ടില്ല.

ഫിൽ ചെയ്തതിനു ശേഷം 1300 രൂപ എന്നു പറഞ്ഞു. അമ്മാവനോട് 2000 രൂപ തിരികെ വാങ്ങുവാൻ ആവശ്യപ്പെട്ടു. ജീവനക്കാരനോടു 1300 ചില്ലറയുണ്ട് തരാം എന്നു പറഞ്ഞതിനു ശേഷം 2000 തിരികെ വാങ്ങി. ഞാൻ കാറിനകത്ത് കയറി സ്റ്റാർട്ട് ചെയ്ത ശേഷം 1300 നല്കാതെ 500 രൂപയുടെ രണ്ടു നോട്ടുകൾ നല്കി വാഹനം മുൻപോട്ടെടുത്തു. റിയർ വ്യൂ കണ്ണാടിയിൽ കൂടി നോക്കിയപ്പോൾ അവർ പരസ്പരം സംസാരിക്കുന്നതു കണ്ടു. എന്റെ പുറകെ വരുവാൻ അവർ ശ്രമിച്ചതുമില്ല.

പ്രത്യേകം ശ്രദ്ധക്ക് : അന്യ സംസ്ഥാനങ്ങളിൽ ഫ്യൂവൽ സ്റ്റേഷനുകളിൽ ചെന്നാൽ ജീവനക്കാർ പറയുന്നതിനനുസരിച്ച് വാഹനം മുൻപോട്ട് ഒതുക്കരുത്. ഫ്യൂവൽ ഗൺ ടാങ്കിൽ പ്രവേശിക്കും എന്നു ഉറപ്പായാൽ അവിടെ നിർത്തുക. ടാങ്കിന്റെ ലിവർ വലിച്ചതിനു ശേഷം ഇറങ്ങുവാനും, എത്ര രൂപക്കാണ് എണ്ണ വേണ്ടതെന്നും അവരോട് പറയുവാനും ശ്രമിക്കരുത്.

കാറിൽ നിന്നും ഇറങ്ങിയതിനു ശേഷം മാത്രം ഫ്യൂവലിന്റെ ലിവർ വലിക്കുക. ഉടൻ തന്നെ മിഷ്യന്റെ മുൻപിൽ ചെന്നു നില്ക്കുക. പൂജ്യത്തിൽ നിന്നു തന്നെയാണോ ആരംഭിക്കുന്നതെന്നു ശ്രദ്ധിക്കുക. പറഞ്ഞ സംഖ്യ വരെ നിറയുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഈ സമയം നമ്മുടെ ശ്രദ്ധ തിരിക്കുവാൻ ആരെങ്കിലും വന്നാൽ തിരിഞ്ഞു നോക്കരുത്. ഇന്ധനം നിറയുന്നതു വരെ മസിൽ പിടിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇനി ഒരിക്കലും നമ്മൾ ചതിക്കപ്പെടരുത്.

About Intensive Promo

Leave a Reply

Your email address will not be published.