Breaking News
Home / Lifestyle / ഡ്രൈവറോട് ഒരു നന്ദി പറഞ്ഞിട്ടുണ്ടോ മനസ്സിൽ കൊള്ളുന്ന കുറിപ്പുമായി ഒരു ബസ് ഡ്രൈവർ

ഡ്രൈവറോട് ഒരു നന്ദി പറഞ്ഞിട്ടുണ്ടോ മനസ്സിൽ കൊള്ളുന്ന കുറിപ്പുമായി ഒരു ബസ് ഡ്രൈവർ

അപകടവാർത്തയായാലും റോഡ് സംബന്ധിച്ച എന്തൊക്കെ കാര്യമായാലും ഭൂരിഭാഗമാളുകൾ ഡ്രൈവർമാരെ കുറ്റം പറയുന്നതായി നാം കേട്ടിട്ടുണ്ടാകും. ചിലപ്പോൾ നമ്മളും പറഞ്ഞിട്ടുണ്ടാകും. ഡ്രൈവർമാരിൽ മോശക്കാർ ഇല്ലെന്നല്ല, എങ്കിലും ചിലർ ചെയ്യുന്ന കുറ്റങ്ങൾക്ക് എല്ലാ ഡ്രൈവർമാരെയും ഒന്നടങ്കം വിലയിരുത്തുന്നത് ശരിയാണോ?

ഡ്രൈവർമാരുടെ മാനസിക സംഘർഷങ്ങളും ജോലിക്കിടയിലെ ബുദ്ധിമുട്ടുകളും ആരും എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? ആരെങ്കിലും യാത്രയുടെ അവസാനം നമ്മെ സുരക്ഷിതമായി എത്തിച്ചതിനു ഡ്രൈവർമാരോട് നന്ദി പറയാറുണ്ടോ? പോട്ടെ, ഒന്നു പുഞ്ചിരിക്കാറുണ്ടോ? ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ സന്തോഷ് കുട്ടൻ പങ്കുവെച്ച കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. ആ കുറിപ്പ് നമുക്കൊന്ന് വായിക്കാം.

“‘ഡ്രൈവർ’ സാമൂഹികജീവിയായ മനുഷ്യന് യാത്ര ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുതന്നെയാണ്. എന്നാൽ ഈ യാത്രയിലുടനീളം നമ്മളെ സഹായിക്കുന്ന ഡ്രൈവർ എന്ന ജീവിയെ കുറിച്ച് നമ്മളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ട്, പക്ഷേ അത് യാത്രചെയ്യുമ്പോൾ അല്ല നേരെമറിച്ച് ഒരു അപകടമുണ്ടായ ശേഷം ആ ഡ്രൈവർ ആരാണ് ആരുടെ ഭാഗത്താണ് തെറ്റ് ഈ വക കാര്യങ്ങൾ വരുമ്പോൾ മാത്രമാണ് ഭൂരിഭാഗം ആൾക്കാരും ഡ്രൈവർ എന്ന ഭാഗത്തെ കുറിച്ച് ചിന്തിക്കുന്നത്.

പറഞ്ഞു വരുന്നത് യാത്രയിലുടനീളം ഒരു അപകടം കൂടാതെ ഒരു പോറൽപോലുമേൽക്കാതെ ഏറെക്കുറെ നമ്മളെ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ആ ഡ്രൈവറോട് എത്ര യാത്രികർ ഒരു നന്ദി വാക്ക് പറയാറുണ്ട്? ആരുമില്ല എന്നു പറയുന്നില്ല വളരെ ചുരുക്കം ചില ആൾക്കാർ മാത്രം അത് പറയാറുണ്ട്. അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ് എങ്കിൽ കൂടി അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള കുതിപ്പിൽ ആ ഓർമ്മ ഉള്ളിൽ സൂക്ഷിക്കും.

ചില ആൾക്കാർ ചിന്തിക്കും ഞങ്ങൾ പൈസ കൊടുത്തിട്ടാണ് യാത്ര ചെയ്യുന്നത്. അപ്പോൾ എന്തിനാണ് ഒരു നന്ദി വാക്ക് പറയുന്നത് എന്ന്. ഹോട്ടലിൽ നമ്മൾ ഭക്ഷണം കഴിക്കാൻ കയറിയാൽ ടിപ്പ് കൊടുക്കാറുണ്ട് അതും ഒരുതരത്തിൽ നന്ദി അല്ലേ? നിസ്സാര സഹായങ്ങൾ ചെയ്യുന്ന നമ്മൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നന്ദിവാക്ക് പറയാറുണ്ട്.. വലുതായാലും പറയാറുണ്ട്.. എൻറെ ഒരേ ഒരു ചോദ്യം ഒരു ഡ്രൈവർ ഒരു നന്ദിവാക്കിന് അർഹനല്ലേ? ഇതിന് ഉത്തരം പറയേണ്ടത് യാത്രചെയ്യുന്ന യാത്രികരാണ് അല്ലെങ്കിൽ അല്ലെന്നു പറയാൻ സ്വാതന്ത്ര്യമുണ്ട്. ആണെങ്കിൽ ആണെന്ന് പറയാനും സ്വാതന്ത്ര്യമുണ്ട്..

വളയം തൊടുന്നതുമുതൽ ആ വളയത്തിൽ നിന്നും കൈ എടുക്കുന്നതുവരെ റോഡിൽ ഉണ്ടാകുന്ന എല്ലാത്തരം തടസ്സങ്ങളും തരണം ചെയ്ത് അതിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ഉള്ളിലൊതുക്കി യാത്രികരെ അവരുടെ ചിന്തകൾക്ക് അനുകൂലമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡ്രൈവർക്ക് കൊടുക്കാവുന്ന ഒരു സന്തോഷമാണ് ഒരു നന്ദിവാക്ക് അല്ലെങ്കിൽ ഒരു പുഞ്ചിരി അല്ലാതെ നന്ദി വാക്ക് കേൾക്കാനുള്ള കൊതി കൊണ്ടല്ല നിങ്ങളോടുള്ള സ്നേഹം അത് നിങ്ങൾ നന്ദി പറഞ്ഞില്ലെങ്കിലും പുഞ്ചിരിച്ചില്ല എങ്കിലും ഞങ്ങൾ ഡ്രൈവർമാരുടെ ഉള്ളിൽ ഉണ്ടാവും.”

About Intensive Promo

Leave a Reply

Your email address will not be published.