Breaking News
Home / Lifestyle / കുഞ്ഞുങ്ങളോട് ചെയ്യാൻ പാടില്ലാത്തത് മൂന്നു വയസ്സ് വരെ നിങ്ങളാണ് അവരുടെ ലോകം

കുഞ്ഞുങ്ങളോട് ചെയ്യാൻ പാടില്ലാത്തത് മൂന്നു വയസ്സ് വരെ നിങ്ങളാണ് അവരുടെ ലോകം

ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളെ പരിചരിക്കാൻ മാതാപിതാക്കൾക്ക് അതീവ ശ്രദ്ധയും കരുതലും ആവശ്യമാണ്. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള പ്രായമായതിനാൽ കുഞ്ഞുങ്ങളെ വഴക്കാളികളാക്കാതെ വളർത്താൻ ചില ടെക്നിക്കുകളുണ്ട്.

1. നിശബ്ദത പാലിക്കുക

ലോകത്തെ ഏറ്റവും നല്ല കാര്യം നിശബ്ദമായി ഇരിക്കുക എന്നാണ്. എന്നാൽ കൈക്കുഞ്ഞുങ്ങളെ മെരുക്കാൻ ഭൂരിഭാഗം അമ്മമാരും ഉപയോഗിക്കുന്ന ടെക്നിക്കാണ് ഉച്ചത്തിൽ സംസാരിക്കുക എന്നത്. മാതാപിതാക്കൾ ഉച്ചത്തിൽ സംസാരിക്കുമ്പോൾ കുഞ്ഞുങ്ങളും അതേ രീതിയിൽ തന്നെയായിരിക്കും പ്രതികരിക്കുക. അതേസമയം ആവശ്യമില്ലാതെ കുഞ്ഞുങ്ങളോട് ഒച്ചവയ്‌ക്കേണ്ട കാര്യമില്ല. വളരെ ശാന്തമായി സംസാരിച്ചാൽ അവരും വളർന്നുവരുമ്പോൾ ശാന്തശീലരായിരിക്കും.

2. ആവശ്യമില്ലാതെ ഭയപ്പെടുത്താതിരിക്കുക

മാതാപിതാക്കളെ പോലെയായിരിക്കും കുഞ്ഞുങ്ങളും പെരുമാറുക എന്ന് പറഞ്ഞല്ലോ, അത് നൂറു ശതമാനം ശരിയാണ്. നിങ്ങളാണ് അവരുടെ റോൾ മോഡൽസ്. അതുപോലെ കുട്ടികളെ കരുത്തരും ധൈര്യശാലികളുമാക്കി വളർത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലേ ഭയപ്പെടുത്തുന്ന ബിംബങ്ങൾ അവരുടെയുള്ളിൽ സൃഷ്ടിക്കരുത്. ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനും മറ്റും പേടിപ്പെടുത്തുന്ന കഥകൾ പറഞ്ഞു കൊടുക്കരുത്. ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ മാനസികമായി തളർത്താനേ ഉപകരിക്കൂ…

3. അവരുടെ എല്ലാം നിങ്ങളാണ്

ഒരു കുഞ്ഞു ഭൂമിയിലേക്ക് എത്തി ആദ്യം കാണുന്നതും തിരിച്ചറിയുന്നതും അവന്റെ മാതാപിതാക്കളെയായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങളാണ് അവന്റെയെല്ലാം. ഭൂമിയും ചന്ദ്രനും സൂര്യനും കാറ്റും സംഗീതവും സുഗന്ധവും എല്ലാം നിങ്ങളാണ്. നിങ്ങളിലൂടെയാണ് അവൻ ജീവിതം അറിയാനും അനുഭവിക്കാനും പഠിച്ചു തുടങ്ങുന്നത്. കുട്ടികളുടെ മുന്നിൽ വഴക്കും പിണക്കങ്ങളും ഇല്ലാതെ നന്മയുള്ള നല്ല മനുഷ്യരായി വേണം നിങ്ങൾ അവതരിക്കാൻ.

4. ’നോവിക്കുന്ന’ കളിപ്പാട്ടങ്ങൾ വേണ്ട

കുഞ്ഞിനെ സന്തോഷിപ്പിക്കാൻ നിരവധി കളിപ്പാട്ടങ്ങൾ വാങ്ങിക്കൂട്ടുന്നവരുണ്ട്. എന്നാൽ പലതും കുഞ്ഞിന്റെ ആരോഗ്യത്തിന് അനുയോജ്യമായിരിക്കില്ല. ചിലത് അവന്റെ മൃദുല ചർമ്മത്തെ കുത്തി നോവിക്കുന്നതായിരിക്കും. ചിലത് തുമ്മൽ, അലർജി പോലുള്ളവ ഉണ്ടാക്കുന്നതായിരിക്കും. കുഞ്ഞിന്റെ ആരോഗ്യത്തെ മുൻനിർത്തി നല്ല കളിപ്പാട്ടങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

5. ഇഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുക

കുഞ്ഞിന്റെ ഇഷ്ടങ്ങൾക്ക് താൽപ്പര്യങ്ങൾക്കും ആവശ്യത്തിന് ബഹുമാനം കൊടുക്കുക. നിങ്ങളുടെ കടുംപിടിത്തങ്ങൾ ഒരിക്കലും കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. പ്രത്യേകിച്ചും ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക. ചില രുചികൾ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നു വരില്ല. നല്ലതാണെന്ന് പറഞ്ഞ് അത്തരം ഭക്ഷണം കഴിക്കാൻ നിർബന്ധിക്കരുത്. കുഞ്ഞുങ്ങളുടെ താല്പര്യങ്ങൾ വില നൽകി പെരുമാറുക.

6. ’നോ’ പറയേണ്ട കാര്യങ്ങളിൽ പറയുക

ഏറ്റവും കരുത്തുള്ള വാക്കാണ് ’നോ’. ചില കാര്യങ്ങൾക്ക് ’നോ’ പറഞ്ഞെ മതിയാകൂ. കുഞ്ഞുങ്ങൾ അനാവശ്യമായി ചില കാര്യങ്ങൾക്ക് നിർബന്ധം പിടിക്കുമ്പോൾ അത് പാടില്ലെന്ന് മാതാപിതാക്കൾക്ക് പറയാം. ഉദാഹരണമായി കൂടുതൽ സമയം മൊബൈലിൽ ചിലവഴിക്കാൻ കുഞ്ഞുങ്ങൾ താല്പര്യപ്പെടാറുണ്ട്. ഇത് ആരോഗ്യത്തിനു ഹാനികരമായതിനാൽ അത്തരം ശീലങ്ങൾക്ക് ആദ്യം തന്നെ ’നോ’ പറയണം. കുഞ്ഞുങ്ങൾക്ക് നല്ലതും ചീത്തയും മനസ്സിലാക്കാൻ നിങ്ങളുടെ ഒരു ’നോ’ ഉപകരിക്കും.

7. നല്ലത് പറഞ്ഞു കൊടുക്കുക

മുട്ടിലിഴയുന്ന കാലം തൊട്ടേ നന്മ പറഞ്ഞു ശീലിപ്പിക്കുക. വിനയം, ബഹുമാനം, കരുണ, സ്നേഹം, സത്യസന്ധത തുടങ്ങിയ സദ്ഗുണങ്ങൾ കുട്ടിക്കാലം മുതലേ അവന്റെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കുക. കുഞ്ഞു കഥകളായും അനുഭവങ്ങളായും കുഞ്ഞുങ്ങളിലേക്ക് നല്ല പാഠങ്ങൾ പകർന്നുനൽകുക. നല്ല ശീലങ്ങൾ കുട്ടിക്കാലം മുതലേ അവരിൽ വളർത്തിയെടുക്കാം.

About Intensive Promo

Leave a Reply

Your email address will not be published.