ഉമ്മാക്ക് സുഖല്ലാതെ കെടക്കാണ്…. പുട്ടല്ലാതെ ഒന്നും ഉമ്മാന്റെ വയറ്റിന് പറ്റൂല…. ഉമ്മാക്ക് എന്തൊക്കെയോ സൂക്കേടാണ്..’ അവിചാരിതമായി ബൈക്കിന് പിന്നിൽ കയറിയ കുട്ടി പറഞ്ഞത് രോഗിയായ ഉമ്മയുടെയും മൂന്ന് അനിയത്തിമാരുടെയും ദുരിതകഥ. റോഡിൽ നിന്ന് കൈനീട്ടിയ കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത രാജന്റെ അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത് സുഹൃത്ത് നജീബ് മൂടാടിയാണ്.
രോഗിയായ ഉമ്മ. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മകൻ. എട്ടിൽ പഠിക്കുന്ന അനിയത്തിയും അഞ്ചിലും ഒന്നിലും പഠിക്കുന്ന രണ്ട് അനിയന്മാരും കൂടിയുണ്ടായിരുന്നു ആ വീട്ടിൽ. പട്ടിണിയും ദാരിദ്ര്യവും കട്ട പിടിച്ചു നിൽക്കുന്ന വീടും ദൈന്യത നിറഞ്ഞ അഞ്ചു മനുഷ്യരൂപങ്ങളും. തിരിഞ്ഞു നോക്കാൻ ബന്ധുക്കളോ സ്വന്തക്കാരോ ആരുമില്ല. സ്‌കൂളിൽ നിന്ന് കിട്ടുന്ന ഉച്ചക്കഞ്ഞി കൊണ്ട് കുട്ടികൾ വിശപ്പടക്കും.
ഉമ്മ കിടപ്പിലായതിൽ പിന്നെ വല്ലപ്പോഴും അടുത്തവീട്ടിലെ സ്ത്രീ കൊണ്ടുക്കൊടുക്കുന്ന ഭക്ഷണമാണ് അവരുടെ ജീവൻ നിലനിർത്തുന്നത്.
ദുരിതം കേട്ട് ഉള്ളുപൊള്ളിയതോടെ അവന്റെ വീട്ടിലെത്തി രാജൻ. ലക്ഷംവീട് കോളനിയിൽ, വീടെന്ന് വിളിക്കാൻ പോലുമാകാത്ത ഒരു കൂര!
‘ഉമ്മാ’ എന്ന് വിളിച്ച് അവൻ അകത്തേക്ക് ചെന്നപ്പോൾ വെറും നിലത്ത് മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ രൂപം കിടക്കുന്നുണ്ടായിരുന്നു.
ഒടുവിൽ രോഗിയായ സ്ത്രീയെ പാലിയേറ്റീവ് സെന്ററിൽ അഡ്മിറ്റ് ആക്കിയെന്ന് കുറിപ്പിൽ പറയുന്നു. ആ കുടുംബത്തിന് വിശപ്പും ദാരിദ്ര്യവും അനുഭവിക്കാതെ ജീവിക്കാൻ സഹായം തേടുകയാണ് കുറിപ്പില്‍.
കുറിപ്പ് വായിക്കാം:
“ന്റുമ്മാക്ക്…. പുട്ട് വാങ്ങാൻ പോയതാ”
ആ ബാലൻ ബൈക്കിന് പിന്നിൽ കയറി ഇരിക്കുമ്പോൾ പറഞ്ഞു.
“അതെന്താ വീട്ടിൽ ഒന്നും ഉണ്ടാക്കീട്ടില്ലേ”
വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ അയാൾ തമാശ മട്ടിൽ ചോദിച്ചതാണ്. സങ്കടത്തോടെയായിരുന്നു അവന്റെ മറുപടി.
“ഇല്ല….ഉമ്മാക്ക് സുഖല്ലാതെ കെടക്കാണ്….പുട്ടല്ലാതെ ഒന്നും ഉമ്മാന്റെ വയറ്റിന് പറ്റൂല….ഉമ്മാക്ക് എന്തൊക്കെയോ സൂക്കേടാണ്”
ഉപ്പയെ കുറിച്ച് ചോദിച്ചപ്പോൾ അവൻ നിശബ്ദനായി.
ആ കുട്ടി കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ മുന്നോട്ട് പോയതായിരുന്നു അയാൾ.
കത്തുന്ന വെയിലിൽ നടന്നു തളർന്നു വരുന്ന അവനെ ഓർത്തു പിന്നെയും തിരിച്ചു വന്ന് കയറ്റിയതാണ്.
പത്തു മിനിറ്റോളം ദൂരമുള്ള യാത്രക്കിടയിൽ അവൻ ഏറെയൊന്നും സംസാരിച്ചില്ലെങ്കിലും എന്തൊക്കെയോ വലിയ സങ്കടങ്ങൾ ഉള്ളിൽ പേറുന്ന കുട്ടിയാണെന്ന് മനസ്സിലാക്കിയാണ് അവൻ പറഞ്ഞ റോഡരികിൽ ഇറക്കാതെ വീട്ടിലേക്ക് ചെന്നത്.
ലക്ഷംവീട് കോളനിയിൽ, വീടെന്ന് വിളിക്കാൻ പോലുമാകാത്ത ഒരു കൂര!
‘ഉമ്മാ’ എന്ന് വിളിച്ച് അവൻ അകത്തേക്ക് ചെന്നപ്പോൾ വെറും നിലത്ത് മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ രൂപം കിടക്കുന്നുണ്ടായിരുന്നു.
പത്താം ക്ലാസ്സിൽ പഠിക്കുന്ന അവനെ കൂടാതെ എട്ടിൽ പഠിക്കുന്ന അനിയത്തിയും അഞ്ചിലും ഒന്നിലും പഠിക്കുന്ന രണ്ട് അനിയന്മാരും കൂടിയുണ്ടായിരുന്നു ആ വീട്ടിൽ.
പട്ടിണിയും ദാരിദ്ര്യവും കട്ട പിടിച്ചു നിൽക്കുന്ന വീടും ദൈന്യത നിറഞ്ഞ അഞ്ചു മനുഷ്യരൂപങ്ങളും.
തിരിഞ്ഞു നോക്കാൻ ബന്ധുക്കളോ സ്വന്തക്കാരോ ആരുമില്ല. സ്‌കൂളിൽ നിന്ന് കിട്ടുന്ന ഉച്ചക്കഞ്ഞി കൊണ്ട് കുട്ടികൾ വിശപ്പടക്കും.
ഉമ്മ കിടപ്പിലായതിൽ പിന്നെ വല്ലപ്പോഴും അടുത്തവീട്ടിലെ സ്ത്രീ കൊണ്ടുക്കൊടുക്കുന്ന ഭക്ഷണമാണ് അവരുടെ ജീവൻ നിലനിർത്തുന്നത്.
എന്തുചെയ്യണം എന്നൊരു രൂപവും ഇല്ലാതെയാണ് അയാൾ അവിടെ നിന്നും ഇറങ്ങിയത്.
പിറ്റേന്ന് രാവിലെ പാലിയേറ്റിവ് സെന്ററിലെ പരിചയക്കാരനെ വിളിച്ച് ചെല്ലുമ്പോഴും ആ സ്ത്രീ അതേ കിടപ്പിലായിരുന്നു. ഏറെ നിർബന്ധിച്ചാണ് ഹോസ്പിറ്റലിലേക്ക് പോരാൻ കൂട്ടാക്കിയത് തന്നെ. അപ്പോൾ തന്നെ അഡ്മിറ്റ് ആവണമെന്ന് ഡോക്ടർ ശഠിച്ചപ്പോൾ അവർക്ക് ഒട്ടും സമ്മതമുണ്ടായിരുന്നില്ല.
“ന്റെ മക്കള് മാത്രേ ഉള്ളൂ പോരേല്….ഓലെയും ഇട്ടേച്ച് ഞാനെങ്ങനെ ഇവിടെ നിക്കാനാ”
ആ സ്ത്രീ കരഞ്ഞു.
“കുട്ടികളെ ഞാൻ നോക്കിക്കോളാ ഉമ്മാ…. ”
ഉമ്മാന്റെ അസുഖം ഭേദമമാവാൻ ആശുപത്രിയിൽ അഡ്മിറ്റായേ പറ്റൂ എന്ന് മുതിർന്നവന് മനസ്സിലായിരുന്നു.
“പരീക്ഷ കഴിഞ്ഞിട്ട് ഉച്ചക്ക് ശേഷം ഞാനിവിടെ ഉമ്മാന്റടുത്ത് വന്ന് നിക്കാം…..ഉമ്മ പേടിക്കണ്ട”
എട്ടാം ക്ലാസ്സുകാരി ഉമ്മാനെ സമാധാനിപ്പിച്ചു.
കൂടെപോയ പലിയേറ്റിവ് പ്രവർത്തകരും ഒരുപാട് നിർബന്ധിച്ചിട്ടാണ് അവർ ആശുപത്രിയിൽ നിൽക്കാമെന്ന് സമ്മതിച്ചത്.
അടച്ചുറപ്പില്ലാത്ത ആ വീട്ടിൽ ആരോരുമില്ലാത്ത, രോഗിയായ ഈ സ്ത്രീ മക്കളെയും കൊണ്ട് എങ്ങനെ ജീവിക്കുമെന്നത്….
* * * * *
ഇതൊരു കഥയല്ല ഇന്നലെ പയ്യോളി ശാന്തി പലിയേറ്റിവ് സെന്ററിലെ രാജേട്ടനെ വിളിച്ചപ്പോൾ പറഞ്ഞ അനുഭവമാണ്. ഈ കുടുംബത്തെ എന്തു ചെയ്യണം എന്ന ആലോചന അപ്പോൾ ശാന്തിയിൽ നടക്കുകയായിരുന്നു.
ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾക്ക്
മാസാമാസം ഭക്ഷണ കിറ്റുകളും മരുന്നും നൽകുന്നത് തന്നെ വലിയ ബാധ്യതയിലേക്ക് നീങ്ങുന്നതിനിടയിൽ ഇവരുടെ കാര്യം കൂടി എങ്ങനെ എന്ന ധർമ്മസങ്കടത്തിലായിരുന്നു എല്ലാവരും.
മക്കളെ ഏതെങ്കിലും അനാഥാലയങ്ങളിലും ആ സ്ത്രീയെ അഗതി മന്ദിരത്തിലും ആക്കിയലോ എന്നാണ് ആദ്യം ചിന്തിച്ചത്.
ഉമ്മയോടൊട്ടി നിൽക്കുന്ന ആ മക്കളുടെ ദൈന്യമുഖം കാണുമ്പോൾ….
പട്ടിണിയാണെങ്കിലും ഒരുമിച്ചു കഴിയുന്ന ഈ ഉമ്മയെയും മക്കളെയും എങ്ങനെയാണ് പിരിക്കുക എന്ന്….
എന്തെങ്കിലും വഴിയുണ്ടാക്കാം എന്ന് തീരുമാനിച്ചു പിരിഞ്ഞെങ്കിലും ഇതുവരെ ഒരു വഴിയും തെളിഞ്ഞിട്ടില്ല.
നമുക്കും വേണമെങ്കിൽ ഇത് അറിഞ്ഞില്ലെന്ന് നടിക്കാം.
നാൽപതാം വയസ്സിൽ സകല ജീവിതദുരിതങ്ങളും പേറി ഒറ്റക്കായിപ്പോയ സ്ത്രീ. പത്താം ക്‌ളാസ് പരീക്ഷയെഴുതുന്ന മോനും ഒരു പെൺകുട്ടിയുമടക്കം നാലു മക്കൾ…..
ആരോരുമില്ലെങ്കിലും, അടച്ചുറപ്പുള്ള വീടോ ശരിക്കും ഭക്ഷണമോ ഇല്ലെങ്കിലും ആ മക്കളും വളരുമായിരിക്കും.
നമ്മളൊക്കെയൊന്ന് മനസ്സുവെച്ചാൽ ആ കുടുംബത്തിന് വിശപ്പും ദാരിദ്ര്യവും അനുഭവിക്കാതെ ജീവിക്കാനാവും.
ആ മക്കൾക്ക് അഭിമാനത്തോടെ വളരാനാവും.
ദാരിദ്ര്യം ആരുടെയും കുറ്റമല്ലല്ലോ.
ബന്ധുക്കളില്ലാത്ത ആ കുടുംബത്തിന്റെ ഉറ്റവരായി എന്തിനും കൂടെ നിൽക്കാൻ ശാന്തി പലിയേറ്റിവ് ന്റെ പ്രവർത്തകർ ഉണ്ട്. കഴിയുന്ന രീതിയിൽ നാമൊന്ന് സാമ്പത്തിക സഹായിച്ചാൽ ആ ദൈന്യമുഖങ്ങളിലും ചിരി തെളിയും. വിശപ്പും ദാരിദ്ര്യവും അറിയാതെ ആ മക്കളും മിടുക്കരായി വളരട്ടെ.
സഹായിക്കാൻ താല്പര്യമുള്ളവർ
Santhi Palliative Care Society, Payyoli, Canara Bank Payyoli,A/c No 1908101016140,Ifsc CNRB0001908
എന്ന AC ലേക്ക് നിങ്ങളാൽ കഴിയുന്നത് അയച്ചു കൊടുത്താൽ നന്നാവും.
താഴെ കൊടുത്ത ശാന്തി പലിയേറ്റിവ് വളണ്ടിയർമാരുടെ നമ്പറുകളിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.
Nooruddeen 9946744491
Raveendran 9447544342
Rajan chelakkal 9447393815
സഹായിക്കാൻ മനസ്സുള്ള കൂടുതൽ ആളുകളിലേക്കെത്താൻ ഈ പോസ്റ്റ് share ചെയ്യുമല്ലോ.
ഇങ്ങനെയൊക്കെയല്ലേ ആലംബമറ്റവരെ നമുക്ക് ചേർത്തുപിടിക്കാൻ കഴിയുക.
(നജീബ് മൂടാടി)