Breaking News
Home / Lifestyle / സൗന്ദര്യറാണിയില്‍ നിന്നും സൈനിക ഉദ്യോഗസ്ഥയിലേക്ക് ബോളിവുഡ് കൈ അകലത്ത് ഉണ്ടായിരുന്നെങ്കിലും

സൗന്ദര്യറാണിയില്‍ നിന്നും സൈനിക ഉദ്യോഗസ്ഥയിലേക്ക് ബോളിവുഡ് കൈ അകലത്ത് ഉണ്ടായിരുന്നെങ്കിലും

ഇന്ത്യയില്‍ സൗന്ദര്യമത്സരം ജയിക്കുന്ന സുന്ദരികളില്‍ ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നലോകം ബോളിവുഡാണ്. ഗരിമാ യാദവ് എന്ന സുന്ദരി വ്യത്യസ്ഥയാകുന്നതും ഇവിടെയാണ്. സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയ ശേഷം സിനിമാലോകത്ത് ഇഷ്ടംപോലെ അവസരങ്ങളുണ്ടായിട്ടും ഗരിമാ യാദവിന്റെ സ്വപ്‌നം രാജ്യസേവനത്തില്‍ അടിയുറച്ചതായിരുന്നു. ഇന്ന് ഗരിമ സശസ്ത്ര സീമാ ബലില്‍ ലെഫ്റ്റനന്റാണ്.ഗരിമാ യാദവിന്റെ സൗന്ദര്യത്തിന്റെയും സാഹസികതയുടെയും ലോകത്ത് നിറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ക്ക് പ്രചോദനമാകുന്നതാണ് ഈ സൈനിക ഉദ്യോഗസ്ഥയുടെ ജീവിതം.

2017ലാണ് ഇന്ത്യാസ് മിസ് ചാമിംഗ് ഫേസ് എന്ന സൗന്ദര്യ മത്സരത്തില്‍ ഗരിമ യാദവ് പങ്കെടുക്കുന്നത്. സൗന്ദര്യറാണിപ്പട്ടം ചൂടിയാണ് ഗരിമ ആ മത്സരം അവസാനിപ്പിച്ചത്. ഇനി ഗരിമയുടെ ജീവിതത്തില്‍ ഉണ്ടായ വഴിത്തിരിവിനെക്കുറിച്ച് പറയാം…ഡല്‍ഹിയിലെ സെന്റ്.സ്റ്റീഫന്‍സ് കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ ഐഎഎസ് ആയിരുന്നു ഗരിമയുടെ സ്വപ്‌നം. എന്നാല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഗരിമയ്ക്ക് വിജയിക്കാനായില്ല. ഇതുകൊണ്ടൊന്നും തോറ്റു പിന്മാറാന്‍ ഗരിമ തയ്യാറായിരുന്നില്ല. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസിലേക്കുള്ള പരീക്ഷയായിരുന്നു അടുത്തത്. ഈ പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഗരിമ യാദവ് വെന്നിക്കൊടി പാറിച്ചു.

അങ്ങനെ ജീവിതം മറ്റൊരു വഴിയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു സൗന്ദര്യമത്സരത്തിന്റെ ലോകതലത്തിലുള്ള മത്സരത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. ഇറ്റലിയായിരുന്നു മത്സരത്തിന്റെ വേദി. ഇറ്റലിയിലേക്കു പോകണമോ അതോ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി(ഒടിഎ)യിലേക്കു പോകണമോ എന്നതായിരുന്നു അപ്പോള്‍ ഗരിമയുടെ മുമ്പിലെത്തിയ ചോദ്യം. എന്നാല്‍ തീരുമാനമെടുക്കാന്‍ ഗരിമയ്ക്ക് അധികം സമയമൊന്നും വേണ്ടി വന്നില്ല. ആ മനസ്സു തുടിച്ചത് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി(ഒടിഎ)യില്‍ ചേര്‍ന്ന് രാജ്യസേവനം ചെയ്യാനായിരുന്നു. അങ്ങനെ സൗന്ദര്യറാണിയുടെ താരപരിവേഷത്തില്‍ നിന്നും സൈനിക ഉദ്യോഗസ്ഥയുടെ ഉത്തരവാദിത്തങ്ങളിലേക്ക് ഗരിമ മാറി.

ട്രെയിനിംഗ് കാലഘട്ടത്തെക്കുറിച്ച് ഗരിമ പറയുന്നതിങ്ങനെ… ഒടിഎയിലെ കാലയളവ് അത്യുജ്ജ്വലമായിരുന്നു. ട്രെയിനിംഗ് കടുകട്ടിയായതിനാല്‍ തുടക്കത്തില്‍ ഏറെ കഷ്ടപ്പെട്ടു. കാലാവസ്ഥയും പ്രതികൂലമായിരുന്നു.മികച്ച ശാരീരിക യോഗ്യതകളുള്ള വ്യക്തിയല്ലാതിരുന്നതിരുന്നിട്ടും ആദ്യ മാസങ്ങളില്‍ ഞാന്‍ എന്നാലാവും വിധം പൊരുത്തപ്പെടുവാന്‍ ശ്രമിച്ചു.പതിയെ എല്ലാം എന്റെ വഴിയ്ക്കു വന്നു.അതോടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്തു.ഗരിമ പറയുന്നു.

” ആളുകള്‍ക്കൊരു ധാരണയുണ്ട്. കായികഇനങ്ങളില്‍ മികവു തെളിയിച്ചവരെയും ശാരീരികമായി കരുത്തരായവരെയും മാത്രമാണ് സശസ്ത്ര സീമാബലി(എസ്എസ്ബി)ലേക്ക് തെരഞ്ഞെടുക്കുക എന്നതാണത്. എന്നാല്‍ അത് തികച്ചും തെറ്റായ കാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ ദൗര്‍ബല്യങ്ങളെ അംഗീകരിക്കുകയും അതിനെ മറികടക്കാന്‍ ഒത്തൊരുമിച്ച് പ്രയത്‌നിക്കുകയും ചെയ്താല്‍ ഓരോദിവസം കഴിയും തോറും നിങ്ങള്‍ മെച്ചപ്പെടും” ഗരിമ പറയുന്നു. രാജ്യത്തെ അനേകം പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുകയാണ് ഗരിമയുടെ ജീവിതവും വാക്കുകളും.

About Intensive Promo

Leave a Reply

Your email address will not be published.