നിരപരാധിയുടെ കണ്ണീര് അപമാനം സഹിക്കാനാകാതെ കുടുംബസമേതം ഞങ്ങള്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ആര് സമാധാനം പറയുമായിരുന്നു? ചെയ്യാത്ത കുറ്റം ഏറ്റ് ജയിലില്‍ പോകേണ്ടിവന്ന ഇവന്റെ ജീവിതം എന്താകുമായിരുന്നു? കണ്ണീരുമായി അരികത്ത് നില്‍ക്കുകയായിരുന്ന അനുജന് ഷാനവാസിനെ ചേര്‍ത്തുപിടിച്ച് റുബീന ചോദിക്കുകയാണ്.
ഭര്‍തൃമതിയെ ഓടുന്ന ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ശേഷം നിരപരാധിയാണെന്ന് കണ്ട് വെറുതേ വിടപ്പെട്ടയാളാണ് എ.ജി.ഷാനവാസ്. കാങ്കോല്‍ സ്വാമിമുക്ക് അഞ്ചില്ലത്ത് ഹൗസില്‍ ഷാഹുല്‍ ഹമീദിന്റെയും ബീഫാത്തിമയുടെയും ഇളയമകന്. കോത്തായമുക്കിലെ ഡ്രീംവേള്‍ഡ് കൂള്‍ബാര്‍ ആന്‍ഡ് ബേക്കറിയില്‍ ജോലിക്കാരനാണ് ഇരുപത്തിയൊന്നുവയസ്സുകാരനായ ഷാനവാസ്.
ഞാനും ഒരു പെണ്ണാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാല്‍, ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്. ഷാനവാസിന്റെ മൊബൈല്‍ ലൊക്കേഷന്‍ നോക്കാന്‍ പോലീസിനോട് കരഞ്ഞ് പറഞ്ഞിരുന്നു. റുബീനയുടെ പേരിലുള്ള സിം ആണ് ഷാനവാസ് ഉപയോഗിച്ചിരുന്നത്. റുബീനയാണ് പരിയാരത്ത് ചികിത്സ തേടിയതെന്നാണത്രെ പോലീസ് പറഞ്ഞത്. ചികിത്സയുടെ വിവരം തിരക്കി അന്ന് പല തവണ റുബീന ഷാനവാസിനെ ഫോണില്‍ വിളിച്ചിരുന്നു. അക്കാര്യം പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ലെന്നും തങ്ങള്‍ അനുഭവിച്ച വേദന എല്ലാവരും ആഘോഷിക്കുകയായിരുന്നെന്നും റുബീന.
ഒരാള്‍ക്കും ജീവിതത്തില്‍ ഇത്തരം അവസ്ഥ ഉണ്ടാകരുതെന്ന് മാത്രമാണ് പ്രാര്‍ഥന. ചെയ്യാത്ത കുറ്റം അനുജന്റെ തലയില്‍ കെട്ടിവെക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് മനസ്സിലായതോടെ അത് തടയാന്‍ തീരുമാനിച്ച് രംഗത്തിറങ്ങുകയായിരുന്നു റുബീന. കോത്തായമുക്ക് മുതല്‍ പരിയാരം വരെയുള്ള കടകള്‍ ഉപ്പയ്ക്കൊപ്പം കയറിയിറങ്ങി അവര്‍ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചു. കടകളില്‍ അധികദിവസം ബാക്കപ്പ് ഇല്ലാത്തത് പ്രശ്നമായി. പരിയാരത്ത് ഒരു മാസം ബാക്കപ്പ് ഉള്ളതായി മനസ്സിലാക്കി. അത് സേവ് ചെയ്ത് വെക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നല്കി. അത് കച്ചിത്തുരുമ്പായതായി റുബീന.
പോലീസ് സ്റ്റേഷനില്‍ ഒരു ബെഞ്ചില്‍ ഒന്നിച്ചിരുന്നിട്ടും ഇരയ്ക്ക് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഷാനവാസ് പറയുന്നു. കാലിക്കടവിലെ കോഴിക്കടയില്‍ പുലര്‍ച്ചെ ഏഴ് മണി മുതല്‍ രാത്രി വൈകും വരെ ജോലി ചെയ്താണ് ഷാഹുല്‍ ഹമീദ് മക്കളായ മുബീന, റുബീന, ഷാനവാസ് എന്നിവരെ പോറ്റിയത്. ഭാര്യ ബീഫാത്തിമ പയ്യന്നൂരിലെ ഒരു വീട്ടില്‍ ജോലിക്കും പോകുന്നുണ്ട്. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താംതരം കഴിഞ്ഞയുടന്‍ ഷാനവാസ് ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. അങ്ങനെ അവന് സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ടാക്സി ഓട്ടോ വാങ്ങിയത്. അത് പ്രൈവറ്റ് ആക്കുന്നതിന് നിറം മാറ്റി കടലാസ് പണികള്‍ നടക്കുന്നതിനിടയിലാണ് ഷാനവാസിനെ പോലീസ് പിടിച്ചത്.
മകനെ പോലീസ് പിടിച്ചപ്പോള്‍ സത്യം പറഞ്ഞ് സഹായം തേടി ഷാഹുല്‍ ഹമീദ് നാട്ടിലെ പാര്‍ട്ടിക്കാരെ കണ്ടിരുന്നു. എന്നാല്‍, ഇതില്‍ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് അവര്‍ തങ്ങളെ കൈയൊഴിഞ്ഞതായി ഷാനവാസ് പറയുന്നു. ഷാനവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ രാത്രിയില്‍ തങ്ങളെ വിളിച്ചടുത്തിരുത്തി ഉപ്പ നെഞ്ചുപൊട്ടിക്കരഞ്ഞത് മറക്കാനാകില്ലെന്ന് റുബീന.
ദേശീയപാതയില്‍ നടന്നത് 2017 നവംബര്‍ 24-ന് ഉച്ചയ്ക്ക് രണ്ടരയോടെ ദേശീയപാതയില്‍ പിലിക്കോട് പടുവളത്താണ് കേസിനാസ്പദമായ സംഭവം. ചന്തേരയില്‍ സ്കൂള്‍ പി.ടി.എ.യോഗത്തിന് പോകുമ്പോള്‍ തോട്ടം ?േഗറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് നിന്ന് ഓട്ടോയില്‍ കയറിയ യുവതിയെ ഡ്രൈവര്‍ പിന്നിലേക്ക് കൈയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പടുവളം വില്ലേജ് ഓഫീസിനടുത്തെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ യുവതി ഓട്ടോയില്‍ നിന്ന് ചാടി. റോഡില്‍ വീണ് പരിക്കേറ്റ യുവതി മംഗളൂരു ആസ്പത്രിയില്‍ ചികിത്സ തേടി.
അന്വേഷണം ഇങ്ങനെ ഓട്ടോയില്‍ യുവതി പീഡനശ്രമത്തിനിരയായത് കാട്ടുതീ പോലെ പടര്‍ന്നു. ചന്തേര പോലീസ് എസ്.ഐ. കെ.വി.ഉമേശന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കാസര്‍കോട്ടെയും കണ്ണൂരിലെയും സ്വകാര്യ ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. യുവതിയുടെയും ദൃക്സാക്ഷികളുടെയും മൊഴിയും സംഭവസമയത്തെ ദേശീയപാതയിലെ സി.സി.ടി.വി.ക്യാമറ ദൃശ്യങ്ങളും അതിന് ബലം നല്കി.
പല സ്വകാര്യ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും ഉടമകളെയും പോലീസ് വിളിപ്പിച്ചു. അങ്ങിനെ സ്വകാര്യ ഓട്ടോറിക്ഷയുള്ള ഷാനവാസിലേക്കും അന്വേഷണം എത്തി. റുബീനയുടെ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് രാത്രി പത്തിന് ചന്തേര പോലീസ് സ്വാമിമുക്കിലെ വീട്ടില്‍ എത്തി. കെ.എല്‍.13 ആര്. 2748 നമ്പര്‍ ഓട്ടോ പരിശോധിച്ചു. സി.സി.ടി.വി.യില്‍ കണ്ട ഓട്ടോ ഇതല്ലെന്നും കല്ല്യാണവീട്ടില്‍ പരിശോധനയ്ക്ക് എത്തിയതില്‍ ക്ഷമിക്കണമെന്നും പറഞ്ഞ് പോലീസ് മടങ്ങിയതായി ഷാനവാസ് പറഞ്ഞു.
ഡിസംബര്‍ ഏഴിന് രാവിലെ പത്തിന് പോലീസ് ഷാഹുല്‍ ഹമീദിനെ വിളിച്ച് ഷാനവാസുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. കാലിക്കടവിലെ കോഴിക്കടയിലായിരുന്നു ഷാഹുല്‍ ഹമീദ് അപ്പോള്‍. അവിടെ നിന്ന് ഷാനവാസിനെയും കൂട്ടി അദ്ദേഹം സ്റ്റേഷനില്‍ എത്തി. ഉച്ചവരെ ചോദ്യംചെയ്തു.
പരിയാരം മെഡിക്കല്‍ കോളേജില്‍ പല്ല് റൂട്ട് കനാല്‍ ചെയ്യുന്നതിന് പോയിരിക്കുകയായിരുന്നെന്ന് ഷാനവാസ് പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അസ്സല് ബില്‍ ഹാജരാക്കി. സംശയം തീര്‍ക്കാന്‍ ഡോക്ടറുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്നും സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പറഞ്ഞെങ്കിലും ആരും ചെവികൊടുത്തില്ലെന്ന് റുബീന പറഞ്ഞു. ആസ്പത്രിയില്‍ നിന്നുള്ള അസ്സല് ബില്‍ നല്കുമ്പോള് ഷാഹുല്‍ ഹമീദ് പകര്‍പ്പ് എടുത്തുവെച്ചിരുന്നു. അസ്സല് ബില്‍ നല്കുമ്പോള് ഷാഹുല്‍ ഹമീദ് പകര്‍പ്പ് എടുത്തുവെച്ചിരുന്നു. അസ്സല് ബില്‍ തങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്നാണ് പോലീസ് പിന്നീട് പറഞ്ഞത്. ബില്ലിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് പിടിവള്ളിയായെന്ന് റുബീന പറഞ്ഞു.
നിരവധി സാക്ഷിമൊഴികളുടെയും സി.സി.ടി.വി.ക്യാമറകളില്‍ നിന്നുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് പോലീസ് പറഞ്ഞതെന്ന് ഷാനവാസ്. യുവതിക്ക് ഇന്‍ഷുറന്‍സ് കിട്ടാന്‍ വേണ്ടി മാത്രമാണെന്നും കുറ്റം സമ്മതിച്ചാല്‍ മറ്റൊരു പ്രശ്നവും ഉണ്ടാകില്ലെന്നും പോലീസ് സൂചിപ്പിച്ചതായും അവന് പറയുന്നു. പിന്നീട് ഭീഷണിയായി. പുറത്തിറങ്ങിയാല്‍, യുവതിയുടെ നാട്ടുകാര്‍ തന്നെ പിച്ചിച്ചീന്തുമെന്നും സമ്മതിച്ചില്ലെങ്കില്‍ കാസര്‍കോട്ട് കൊണ്ടുപോയി മൂന്നാംമുറയ്ക്ക് വിധേയനാക്കുമെന്നും പോലീസ് വിരട്ടിയതായി കലങ്ങിയ കണ്ണുകളോടെ ഷാനവാസ്. ആരോടും സംസാരിക്കാന്‍ വിട്ടില്ല. കുറ്റം സമ്മതിച്ചാ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം വിടാമെന്നുള്ള പ്രലോഭനവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി ഷാനവാസ് പറയുന്നു.
താനല്ല കുറ്റം ചെയ്തതെന്ന് അള്ളാവിനെയും ഉപ്പയെയും ഉമ്മയെയും സത്യമിട്ട് പലതവണ പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ചെയ്യാത്ത കുറ്റം തലയില്‍ കെട്ടിവെക്കപ്പെപ്പോള് താന്‍ മറ്റൊരു ലോകത്ത് എത്തിപ്പെട്ടതായി തോന്നിയ നിമിഷത്തില്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ഷാനവാസ്. കേസിന്റെ ഗൗരവവും ശിക്ഷയുടെ കാഠിന്യവും മറ്റൊന്നും അപ്പോള്‍ മനസ്സില്‍ വന്നില്ല. എല്ലാവരും കുറ്റവാളിയെ പോലെ തന്നെ നോക്കി. മുന്നില്‍ വന്ന് തെറി വിളിച്ചാക്ഷേപിച്ചു. ദുഃസ്വപ്നത്തില്‍ പോലീസിന്റെ കൈയിലെ പാവയായി മാറിയതു പോലെയായിരുന്നു താനപ്പോള്‍ എന്ന് ഷാനവാസ് പറയുന്നു.
പ്രതി പിടിയിലായതായി പോലീസ് പത്രസമ്മേളനം നടത്തി അറിയിച്ചു. സ്റ്റേഷനില്‍ എത്തിയ എല്ലാവരും പ്രതിയുടെ ചിത്രം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അന്വേഷണ മികവിന് പോലീസിന് അഭിനന്ദന പ്രവാഹം. യുവതിയുടെ നാട്ടുകാരും സ്വന്തം നാട്ടുകാരും സ്റ്റേഷനില്‍ എത്തി തനിക്കെതിരെ അസഭ്യം വിളിച്ചുപറഞ്ഞതായി ഷാനവാസ് പറയുമ്പോള്‍ ആ കണ്ണുകളില്‍ നിന്ന് അതിന്റെ വേദന കണ്ടറിയാം. ആണുങ്ങളെ പറയിക്കാന്‍ ജനിച്ചവനെന്ന നിലയില്‍ പലരും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
ജയില്‍ദിനങ്ങള്‍ ജയിലില്‍ നാലുപേരുള്ള അറയ്ക്കുള്ളിലായിരുന്നു പതിന്നാല് ദിവസം കഴിഞ്ഞത്. അവിടെ എത്തിയ ഉടന്‍ അധികൃതരില്‍നിന്നും സഹതടവുകാരില്‍ നിന്നും വളരെ മോശം അനുഭവങ്ങളാണ് ഉണ്ടായതെന്ന് ഷാനവാസ്. ചെറുപ്രായത്തില്‍ എന്തിനിത് ചെയ്തുവെന്ന കുറ്റപ്പെടുത്തല്‍. സഹതടവുകാരുടെ ഭാഗത്തുനിന്ന് കൊല്ലുമെന്ന ഭീഷണിവരെയുണ്ടായി. എന്നാല്‍, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സംഭവസമയത്ത് ഷാനവാസ് പരിയാരത്ത് ചികിത്സയിലായിരുന്നെന്ന വാര്‍ത്ത പുറത്തുവന്നുതുടങ്ങി. ആ വാര്‍ത്ത ജയിലിലെത്തിയപ്പോള്‍ തടവുകാര്‍ സമാധാനിപ്പിക്കാനെത്തി. യഥാര്‍ഥ പ്രതിയെ കിട്ടിയാല്‍ വെച്ചേക്കില്ലെന്നും പറഞ്ഞ് അവര്‍ പിന്തുണയുമായി എത്തിയെന്നും ഷാനവാസ്. പോലീസിനെതിരെയും തടവുകാര്‍ പ്രതികരിക്കാന്‍ തുടങ്ങി. അനീതിക്ക് കൂട്ടുനിന്നവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും തടവുകാര്‍ ആവശ്യപ്പെട്ടത്രെ.
തന്റെ പേരില്‍ പെങ്ങമ്മാരുടെ ജീവിതം പോയല്ലോ എന്നോര്‍ത്ത് ജയിലില്‍ ഓരോ നിമിഷവും നീറുകയായിരുന്നെന്ന് ഷാനവാസ്. റുബീനയുടെ കല്ല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു അറസ്റ്റ്. തന്നെ അറിയുന്നവര്‍ക്ക് താനിത് ചെയ്യില്ലെന്ന് അറിയാമെന്ന് ഷാനവാസ് പറയുന്നു. എന്നാല്‍, തന്നെ അറിയാത്ത ലോകത്തിന് മുന്നില്‍ താനൊരു കുറ്റവാളിയാകേണ്ടിവന്നതിന്റെ സങ്കടവും അതുവഴി ഉണ്ടായ മാനസികവേദനയും കഴുകിക്കളയുന്നതെങ്ങനെയെന്ന ഷാനവാസിന്റെ ചോദ്യം ആരുടെയും നെഞ്ചില്‍ തറച്ചുകയറും.
ജാമ്യം ഹൈക്കോടതിയില്‍നിന്ന് മൂന്ന് മാസം ജയിലില്‍ കിടക്കാനും ജാമ്യം കിട്ടാതിരിക്കാനും കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് റുബീന. ഷാനവാസിനെ ജീവിതകാലം മുഴുവന്‍ ജയിലിലാക്കാനായിരുന്നു പോലീസിന്റെ പദ്ധതിയെന്നും അവര്‍ ആരോപിക്കുന്നു.
സഹായം തേടി ഷാഹുല്‍ ഹമീദും ബീഫാത്തിമയും മനുഷ്യാവകാശ കമ്മിഷന്, പോലീസ് കംപ്ലയിന്റ് അതോറിറ്റി, ഡി.ജി.പി., ഉത്തരമേഖലാ ഐ.ജി. തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എത്തി. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പോയി പരാതി നല്കി. ഒടുവില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് കേസ് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. എം.പ്രദീപിന് കൈമാറി. നവംബര്‍ 24-ന് പകല്‍ പതിനൊന്നര മുതല്‍ രണ്ടേമുക്കാല്‍ വരെ ഷാനവാസ് തന്റെ ചികിത്സയിലായിരുന്നെന്ന് ഡോ. സയാന അഹമ്മദ് സര്‍ട്ടിഫിക്കറ്റ് നല്കി.
അത് ശരിയാണെന്ന് സ്ഥാപിക്കാന്‍ പരിയാരത്ത് നിന്നുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ സഹായിച്ചു. ആസ്പത്രിയിലെ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും ഷാനവാസിനെ തിരിച്ചറിഞ്ഞു. ഷാനവാസ് നിരപരാധിയാണെന്ന് പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷ തിരിച്ചുകൊടുക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്കി. ഏതാനും നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അപ്പോഴേക്കും ഷാനവാസിന്റെ കുടുംബത്തെ സഹായിക്കാന്‍ എത്തിയിരുന്നു.
എട്ട് ആഴ്ച ചന്തേര പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പുവെക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു ഷാനവാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പുവെക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു ഷാനവാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് പലരെയും പിടിച്ച് ചോദ്യം ചെയ്തിരുന്നു. ബന്ധുക്കള്‍ എത്തി ആത്മഹത്യാഭീഷണി മുഴക്കിയും പലരും ഇടപെട്ടും അവരെയെല്ലാം വിടുകയായിരുന്നെന്ന് ഷാനവാസും റുബീനയും പറയുന്നു.