സഹീര്‍ ഖാന്‍: ക്രിക്കറ്റ് തിരിച്ച് സ്നേഹിച്ച ബൗളര്‍
ഇഞ്ചുറി കാരണം കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും ഇന്ത്യയുടെ മികച്ച ബൗളര്‍ ആയി എന്നെന്നും അറിയപ്പെടും സഹീര്‍ ഖാന്‍ എന്ന ഇടങ്കൈയ്യന്‍ പേസ് ബൗളര്‍. സച്ചിന്‍ ഇന്ത്യയുടെ ബാറ്റിംഗ് ഇരുപത്തിനാല് കൊല്ലം തോളത്ത് കൊണ്ട് നടന്നത് പോലെ, ബൗളിങ്ങില്‍ അത് ചെയ്തത് സഹീര്‍ ഖാന്‍ ആണെന്ന് നിസ്സംശയം പറയാം. മൂന്ന് ലോകകപ്പ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് സഹീര്‍ ഖാന്‍. ഇന്ത്യക്ക് വേണ്ടി കളിച്ച എല്ലാ ലോകകപ്പിലും ഏറ്റവും കൂടുതല്‍ വിക്കെറ്റ് എടുത്തത് സഹീര്‍ ഖാന്‍ ആയിരുന്നു.
സഹീര്‍ ഖാന്‍ എന്ന ഇടങ്കൈയ്യന്‍ ബൗളര്‍ തന്‍റെ കഠിനാധ്വാനം കാരണം ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. മഹാരാഷ്ട്രയിലെ ശ്രിരാംപൂര്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് സഹീര്‍ ഖാന്‍ ജൈത്രയാത്ര തുടങ്ങുന്നത്. ഒരുപാട് വീഴ്ചകളും വളവുകളും തിരിവുകളും നേരിട്ടുകൊണ്ട് ആണ് ഇന്ത്യന്‍ ടീമിന്‍റെ മികച്ച ബൗളര്‍ എന്ന പദവിയിലേക്ക് എത്തിയത്. സഹീര്‍ ഖാനിനെ വിമര്‍ശിച്ചവരെ കൊണ്ട് പോലും കയ്യടിപ്പിച്ചവന്‍ ആണ് സഹീര്‍ ഖാന്‍ എന്ന പേസ് ബൗളര്‍. ഹാംസ്ട്രിംഗ് ഇഞ്ചുറികള്‍ എന്നും സഹീര്‍ ഖാനിനെ വേട്ടയാടിയിരുന്നു എങ്കിലും സഹീര്‍ ഖാന്‍ ഒരു പേടിസ്വപ്നം ആയിരുന്നു മികച്ച ബാറ്റ്സ്മാന്മാര്‍ക്കും. ഇഞ്ചുറി തന്നെ തളര്‍ത്തി എങ്കിലും സഹീര്‍ പോരാടാന്‍ തയ്യാറായിരുന്നു. അങ്ങനെ പോരാടിയും ശാഢ്യം പിടിച്ചും നേടിയെടുത്തത് ആണ് എല്ലാം.
ഒരു ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ കാണുന്ന ആദ്യത്തെ ലോകകപ്പ് 1999 ലെ ലോകകപ്പ് ആയിരുന്നു. കളി കാണുമ്പോള്‍ തന്നെ ഇടംകൈയ്യന്‍ പേസ് ബൗളര്‍മാരോട് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു. ആ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കെറ്റ് എടുത്തത് ന്യൂസീലാന്ദ് ബൗളര്‍ ആയിരുന്ന ജെഫ്ഫ് അലോട്ട് ആയിരുന്നു. നല്ല രസം ആണ് അലോട്ട് പന്ത് എറിയുന്നത് കാണാന്‍. ഇതുപോലെ ഒരു ബൗളര്‍ ഇന്ത്യക്ക് വന്നിരുന്നെങ്കില്‍ എന്നൊക്കെ ആലോചിച്ച് ഇരുന്നിട്ടുണ്ട്. എന്‍റെ ആ ആലോചന വീണ്ടും ഉയര്‍ന്ന് വരും വസിം അക്രം പാകിസ്ഥാനു വേണ്ടി പന്തെറിയാന്‍ വരുന്നത് കാണുമ്പോള്‍. എന്താണെന്ന് അറിയില്ല ഇടങ്കൈയ്യന്‍ ബൗളര്‍മാര്‍ പന്ത് എറിയുന്നത് കാണാന്‍ ഒരു പ്രത്യേക ചേലാണ്. എന്‍റെ പ്രാര്‍ത്ഥന ജഗദീശ്വരന്‍ കേട്ടത് ശ്രീരാംപൂരിലെ ഒരു ചെറുപ്പക്കാരന്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചപ്പോ ആണ്. ആ ചെറുപ്പക്കാരന്റെ പേരായിരുന്നു സഹീര്‍ ഖാന്‍!
സഹീര്‍ ഖാനിന് മുതല്‍കൂട്ട് ആയി ഉള്ളത് അദ്ധേഹത്തിന്‍റെ പേസും ലയവും സ്വിങ്ങും നിറഞ്ഞ ബൗളിംഗ് ആണ്. സഹീര്‍ ഖാന്‍ അരങ്ങേറ്റം കുറിക്കുന്നത് 2000 ഇല്‍ നടന്ന ഐസീസീ നോക്ക്ഔട്ട് ട്രോഫിയില്‍ വച്ചിട്ട് ആണ്. അധിക നാള്‍ എടുത്തില്ല സഹീറിന് എല്ലാവരെയും കൊണ്ട് കൈ അടിപ്പിക്കാന്‍. രണ്ടാമത്തെ ഏകദിനത്തില്‍തന്നെ ഓസ്ട്രെലിയന്‍ നായകന്‍ സ്റ്റീവ് വോയെ ക്ലീന്‍ ബൗള്‍ ചെയ്തുകൊണ്ട് സഹീര്‍ ഖാന്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സഹീര്‍ അന്താരഷ്ട്ര ടൂര്‍ണമെന്റ്റ്കളില്‍ ഇന്ത്യയുടെ പ്രതീക്ഷ ആയി മാറിയത്. മാച്ച് ഫിക്സിംഗ് ആരോപണങ്ങളെ തുടര്‍ന്ന് സൗരവ് ഗാംഗുലി നായകന്‍ ആയി ചുമതല ഏറ്റപ്പോള്‍ സഹീര്‍ ഖാന്‍ ഗാംഗുലിയുടെ ഒരു വിശ്വസ്തന്‍ ആയ പടയാളി ആയി മാറുകയായിരുന്നു. പിന്നീട് സഹീറിന് അഡികം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
2003 ലോകകപ്പ് സമയം ആയപ്പോഴേക്കും സഹീര്‍ ഇന്ത്യയുടെ ഒരു കുന്തമുന ആയി മാറികഴിഞ്ഞിരുന്നു. കൂടെ സഹായത്തിന് ആശിഷ് നെഹ്രയും ശ്രിനാതും അടങ്ങുന്ന പേസ് അറ്റാക്ക്. സന്നാഹ മത്സരങ്ങള്‍ തോലവികളോടെ തുടങ്ങിയ ഇന്ത്യ കാണികള്‍ക്ക് അധികം പ്രതീക്ഷ ഒന്നും നല്‍കിയില്ല. പക്ഷെ ടൂര്‍ണമെന്റ്റ് തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ ഭാവവും രൂപവും മാറി. മുന്നോട്ട് എതിര്‍ക്കാന്‍ വന്ന ടീമുകളെ എതിര്‍ത്തും തോല്പിച്ചും വെട്ടിമാറ്റിയും ഇന്ത്യ ഫൈനല്‍ വരെ എത്തി. ഇതില്‍ സഹീര്‍ എല്ലാ കളിയിലും മികച്ച് നിന്നെങ്കിലും ന്യുസീലാന്ദ് ആയുള്ള പ്രകടനം ആണ് മികച്ച് നിന്നത്. സഹീര്‍ നാലു വിക്കെറ്റ് നേടി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇന്ത്യയ്ക്ക് ഫൈനലില്‍ പക്ഷെ പാളിപ്പോയി. ഓസ്ട്രേലിയ ഫൈനല്‍ ജയിക്കുകയും കപ്പ് നേടുകയും ചെയ്തു. എന്നിരുന്നാലും സഹീര്‍ ഖാനിനെ അന്ന് ഭയങ്കര കൈയ്യടിയും പ്രോത്സാഹനവും ആണ് ലഭിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഹീര്‍ വരവറിയിച്ച ടൂര്‍ണമെന്റ്റ് കൂടി ആയാണ് ആ ലോകകപ്പ് ഇന്നും അറിയപ്പെടുന്നത്. ബാറ്റുകൊണ്ടുള്ള സച്ചിന്‍റെ കസര്‍ത്ത് പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ! സഹീര്‍ ആണ് 2003 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കെറ്റ് എടുത്തത്.
അതിന് ശേഷം സഹീറിനെ പരിക്കുകള്‍ വേട്ടയാടാന്‍ തുടങ്ങി. 2005 ഇല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് സഹീര്‍ പുറത്തായി. അന്ന് എല്ലാവരും വിധി എഴുതി. സഹീര്‍ ഇനി ഒരിക്കലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ല. പക്ഷെ സഹീര്‍ വന്ന പശ്ചാത്തലവും ആധേഹത്തിന്റെ തീക്ഷണതയും സഹീറിനെ തിരിച്ചു വരാന്‍ പ്രോത്സാഹനം നല്‍കി. പരിക്കില്‍ നിന്ന് മോചിതന്‍ ആയെങ്കിലും ടീമില്‍ കേറുക എന്നുള്ളത് എളുപ്പം ആയിരുന്നില്ല. അപ്പൊ സഹീറിന് മനസ്സിലായി രണ്‍ജി പ്രകടനം കൊണ്ട് മാത്രം ടീമില്‍ ഇടം കിട്ടില്ല എന്ന്. അങ്ങനെ സഹീര്‍ ഖാന്‍ ഇംഗ്ലീഷ് ക്ലബ് ആയ വോര്സേസ്റെര്‍ശയറിന് വേണ്ടി കളിക്കാന്‍ തീരുമാനിച്ചു. സഹീര്‍ തന്‍റെ റണ്‍ അപ്പ് കുറച്ചു,റിവേര്‍സ് സ്വിംഗ് ചെയ്യാന്‍ കൂടുതല്‍ പരിശീലനം നേടി. ആദ്യത്തെ കളിയില്‍ തന്നെ പത്ത് വിക്കെറ്റ് നേടി റെക്കോര്‍ഡ് ഇട്ടു. ആദ്യത്തെ കളിക്കാരന്‍ ആയിരുന്നു വോര്സേസ്റെര്‍ശയറിന് വേണ്ടി പത്ത് വിക്കെറ്റ് നേടുന്നത്.
2006 ഇല്‍ ആണ് സഹീര്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഇര്‍ഫാന്‍ പത്താനിനു പകരം ആയി ആണ് ടീമില്‍ കയറിയത്. വീണ്ടും സഹീര്‍ മനോഹരം ആയി എറിയുവാന്‍ തുടങ്ങി. ദക്ഷിണാഫ്രിക്കന്‍ പര്യടനം സഹീര്‍ തകര്‍ത്താടി. സ്മിത്തിന് സഹീറിനെ നേരിടാന്‍ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സ്മിത്തിന് ആ കാലത്ത് സഹീര്‍ ഒരു പേടി സ്വപ്നം ആയി മാറി. സൗരവ് ഗാംഗുലി നായക സ്ഥാനം ഒഴിഞ്ഞപ്പോള്‍ വന്നത് ധോണി ആണ്. ഗാംഗുലിയുടെ വിശ്വസ്തന്‍ ആയ ബൗളര്‍ ആയിരുന്ന സഹീര്‍ പിന്നീട് ധോണിയുടെയും വിശ്വസ്തന്‍ ആയി മാറി.
ധോണി ഒരിക്കല്‍ സഹീറിനെ കുറിച്ച് പറയുക ഉണ്ടായി, “സഹീര്‍ ഖാന്‍ ഇന്ത്യന്‍ ബൗളിങ്ങിന്റെ സച്ചിന്‍ തെണ്ടുല്‍കര്‍ ആണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിയുള്ള ബൗളര്‍ ആണ് സഹീര്‍”. ധോണി അങ്ങനെ പറഞ്ഞതില്‍ തെറ്റ് പറയാന്‍ പറ്റില്ല. സഹീര്‍ എപ്പോഴും ചിന്തിക്കുന്ന ഒരു ബൗളര്‍ ആയിരുന്നു. ബാറ്സ്മനിന്റെ ചിന്തയെ തന്‍റെ കൗശലം കൊണ്ട് സ്വാദീനിക്കാന്‍ ഉള്ള കഴിവാണ് മറ്റ് ബൗളര്‍മാരില്‍നിന്നും സഹീര്‍ ഖാന്‍ എന്ന ഇടങ്കൈയ്യന്‍ പേസ് ബൗളര്‍ വേറിട്ട് നിന്നത്. വിവേകവും, കുശാഗ്രബുദ്ധിയും കൗശലം നിറഞ്ഞതും ആയിരുന്നു സഹീര്‍ ഖാന്‍ എന്ന ബൗളര്‍. സമ്മര്‍ദം ഉണ്ടായിരുന്ന അവസരങ്ങളില്‍ ഒക്കെ ധോണി വിശ്വസ്തതയോടെ ബോള്‍ ഏല്പിച്ചത് സഹീറിനെ ആണ്. എപ്പോഴും ശാന്തനായി പന്തെറിയാന്‍ സാധിച്ചു എന്നത് കൊണ്ട്തന്നെ ആണ് എല്ലാ നായകന്മാരുടെയും ഇഷ്ടപെട്ട ബൗളര്‍ ആയി മാറാന്‍ സഹീറിന് കഴിഞ്ഞത്.
സഹീര്‍ കൈവരിച്ച നേട്ടങ്ങളുടെ പട്ടിക എടുക്കുവാണെങ്കില്‍ ഐസീസീ ലോകകപ്പ് 2011 വിജയവും നാട്വേസ്റ്റ് ട്രോഫിയില്‍ വിജയ റണ്‍ അടിച്ചതും ആവും. 2011 ലോകകപ്പില്‍ ഇംഗ്ലണ്ട് ആയിട്ട് ഉള്ള മത്സരം ഇന്ത്യയുടെ വിജയത്തിന് കാരണമാക്കിയത് സഹീറിന്‍റെ ബൗളിംഗ് മികവ് ആയിരുന്നു.
ഇന്ത്യക്ക് വേണ്ടി കളിച്ച പേസ് ബൗളര്‍മാരുടെ പട്ടിക എടുത്താല്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ വിക്കെറ്റ് സഹീറിന് തന്നെ. സഹീര്‍ ബോള്‍ ചെയ്തിരുന്നത് ബാറ്സ്മാനിനു കൂടുതല്‍ അനുകൂലമായ പിച്ചുകളില്‍ ആണ്. അതുകൊണ്ട് തന്നെ ഇന്ത്യ കണ്ട മികച്ച ബൗളര്‍മാരില്‍ ഉണ്ട് സഹീര്‍ ഖാന്‍.
ഒരു എഞ്ചിനീയറിംഗ് ഡ്രോപ്പ്ഔട്ടില്‍ നിന്നും 2008 വിസ്ദെന്‍ ക്രിക്കറ്റര്‍ എന്ന ബഹുമതിയിലെക്ക് എത്തിയത് ഒരുപാട് കഷ്ടപെട്ടും സഹിച്ചും അധ്വനിച്ചുമാണ്. ഇന്നും ഇന്ത്യയുടെ ബൗളിംഗ് അറ്റാക്ക് കാണുമ്പോള്‍ ഇടക്ക് എങ്കിലും സഹീറിനെ മിസ്സ് ചെയ്യാത്ത ആരും ഉണ്ടാവില്ല. ബാറ്റിംഗ് കൂട്ടുകെട്ടുകള്‍ തകര്‍ക്കുവാനും, അവസാന ഓവറുകളില്‍ വിക്കെറ്റ് എടുക്കുവാനും, ടെസ്റ്റ് ക്രിക്കറ്റില്‍ റിവേര്‍സ് സ്വിംഗ് ചെയ്യുവാനും സഹീറിന് കഴിഞ്ഞത് പോലെ അധികം ആര്‍ക്കും കഴിഞ്ഞിട്ടില്ല. സഹീര്‍ ഖാനിനെ ഞങ്ങള്‍ ഓര്‍ക്കുന്നു ഞങ്ങളുടെ മനസ്സുകളില്‍. കുറേ നല്ല ഓര്‍മ്മകള്‍ ആണ് നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മാറ്റിവെക്കാന്‍ പറ്റാത്ത ഒരു അധ്യായം എന്നും നിങ്ങള്‍ നിലനില്‍ക്കും
കടപ്പാട് – Jithu Jose Parackal