Breaking News
Home / Lifestyle / മതം പ്രചരിപ്പിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കുമെല്ലാം സമൂഹം അധിക ബഹുമാനം നൽകിവരുന്നുണ്ട്

മതം പ്രചരിപ്പിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കുമെല്ലാം സമൂഹം അധിക ബഹുമാനം നൽകിവരുന്നുണ്ട്

മലപ്പുറത്തെ തിരൂരിൽ ഒരു മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായിട്ടുണ്ട്.11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ് ! ഇത് എത്രാമത്തെ സംഭവമാണെന്ന് ആർക്കെങ്കിലും നിശ്ചയമുണ്ടോ? പരിഹാരം കാണേണ്ട സമയം അതിക്രമിച്ചില്ലേ?

മതം പ്രചരിപ്പിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കുമെല്ലാം സമൂഹം അധിക ബഹുമാനം നൽകിവരുന്നുണ്ട്.അവരും സാധാരണ മനുഷ്യരാണെന്ന സത്യം പലരും തിരിച്ചറിയാറില്ല.ഒരു സാധാരണ മനുഷ്യനിൽനിന്ന് ഉണ്ടാവുന്ന സകല വൃത്തികേടുകളും മതപണ്ഡിതരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.ഇക്കാര്യം മനസ്സിലാക്കാതെ അവരെ ദൈവത്തിൻ്റെ പ്രതിപുരുഷൻമാരായി കണക്കാക്കുകയും കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റ്.

മദ്രസ അദ്ധ്യാപകർ അനുഭവിക്കുന്ന ചില പ്രിവിലേജുകളുണ്ട്.പല സ്ഥലങ്ങളിലും അവർക്ക് വീടുകളിൽ നിന്ന് ഭക്ഷണം നൽകിവരുന്നു.ചിലർ കുട്ടികളെ തല്ലിയും വിരട്ടിയും പേടിപ്പിച്ചുനിർത്തും.പിന്നെ ഒന്നും പുറത്തുപറയില്ലല്ലോ ! മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നൊരു കുട്ടി പറഞ്ഞാൽ അത് വിശ്വസിക്കാത്ത രക്ഷിതാക്കൾ വരെയുണ്ട് ! അവർ അങ്ങനെയൊന്നും ചെയ്യില്ല എന്നൊരു ധാരണയാണ് !

ഇതിനെല്ലാം അറുതിവരുത്താൻ എന്താണ് മാർഗ്ഗം? എല്ലാ മതങ്ങളും നാളെമുതൽ നിരോധിക്കണമെന്ന് യുക്തിവാദികളും അതിവിപ്ലവകാരികളും അഭിപ്രായപ്പെട്ടേക്കാം.അതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം.

നമ്മുടെ ഭരണഘടനയുടെ ശില്പികൾ ആർട്ടിക്കിൾ 25 എഴുതിച്ചേർത്തത് വെറുതെയൊന്നുമല്ല.മതവിശ്വാസമെന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല.ഒരു സുപ്രഭാതത്തിൽ സ്വിച്ച് ഒാഫ് ചെയ്യുന്നത് പോലെ അത് അവസാനിപ്പിക്കാനും സാദ്ധ്യമല്ല.മതങ്ങൾക്കുള്ളിലെ പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യുക എന്നതാണ് പ്രായോഗികമായ ആദ്യത്തെ കാര്യം.ഇരുന്നിട്ട് കാലുനീട്ടുക എന്ന് പറയാറുണ്ടല്ലോ.

ആദ്യം ഉണരേണ്ടത് ഇസ്ലാംമതവിശ്വാസികൾ തന്നെയാണ്.ഭൂരിഭാഗം പേരും ഈ വിഷയത്തിൽ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചുകാണുന്നത്.എന്നാൽ ചുരുക്കം ചിലർ മാത്രം പൂജാരിമാരുടെയും ക്രിസ്ത്യൻ വൈദികൻമാരുടെയും പീഡനക്കേസുകൾ വെച്ച് ബാലൻസ് ചെയ്യുന്നു.ഈ നാട് കുരുതിക്കളമാക്കാൻ കാത്തുനിൽക്കുന്നവർക്ക് അത്തരമൊരു കമൻ്റിൻ്റെ സ്ക്രീൻഷോട്ട് മാത്രം മതി എന്ന കാര്യം ഒാർക്കുക !

കായംകുളത്ത് നടന്ന ഒരു സംഭവം ഞാൻ ഒാർക്കുന്നു.മദ്രസയിൽ വന്ന പെൺകുട്ടിയോട് ഇമാം മോശമായി പെരുമാറി.വീട്ടുകാർ പരാതിപ്പെട്ടതോടെ അയാൾ രാജി വെച്ചുപോയി.കുറച്ചുദിവസങ്ങൾക്കുശേഷം സംഭവം തണുത്തപ്പോൾ അയാൾ വീണ്ടും ഇമാമായി ചുമതലയേറ്റു !

ഇത്തരത്തിൽ കുറ്റക്കാരെ സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവുന്നുണ്ടെങ്കിൽ അതിനെ ശക്തമായി എതിർക്കേണ്ടത് വിശ്വാസികളാണ്.ഇരുപത്തിനാലു മണിക്കൂറും ദൈവത്തെക്കുറിച്ച് വാചാലരാകുന്നവരാണ് റേപ്പ് ചെയ്യുന്നത് ! അത് ദൈവം കാണില്ലെന്നാണോ അവരുടെ ധാരണ? സത്യത്തിൽ അത്തരക്കാരല്ലേ ഏറ്റവും വലിയ ദൈവനിന്ദ നടത്തുന്നത്? അവരെ ചുമക്കേണ്ട ആവശ്യം എന്താണ്?

യോഗ്യത ഉള്ളവരെ മാത്രം മദ്രസകളിൽ നിയമിക്കണം.വനിതാ അദ്ധ്യാപകരെ പരീക്ഷിക്കണം.സ്ഥാപനത്തിൽ ക്യാമറ സ്ഥാപിക്കണം.അങ്ങനെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആവശ്യമായതെല്ലാം ചെയ്യണം.

ചപ്പുചവറുകൾ കുന്നുകൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ക്യാമറ സ്ഥാപിച്ചാൽ മാലിന്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വരാറുണ്ട്.അതുകൊണ്ടുതന്നെ ക്യാമറയുടെ കാര്യം ഗൗരവമായി ആലോചിക്കേണ്ടതാണ്.

ദൈവവിശ്വാസം കൊണ്ട് മനുഷ്യർക്ക് മനഃസമാധാനം കിട്ടുമെങ്കിൽ അതിനെ എതിർക്കേണ്ടതില്ല എന്നാണ് എൻ്റെ പക്ഷം.അതിനപ്പുറത്തേക്ക് കാര്യങ്ങൾ വളരുമ്പോഴാണ് പ്രശ്നം.മതപഠനം കഴിഞ്ഞ് വരുന്ന കുട്ടിയോട് രക്ഷിതാക്കൾ കാര്യങ്ങൾ കൃത്യമായി ചോദിച്ചുമനസ്സിലാക്കണം.വർഗീയതയുടെ വിഷവിത്തുക്കൾ അദ്ധ്യാപകർ കുഞ്ഞുമനസ്സുകളിൽ വിതയ്ക്കുന്നുണ്ടെങ്കിൽ മുളയിലേ നുള്ളണം !

പീഡിപ്പിക്കപ്പെട്ടത് ആൺകുട്ടി ആയതുകൊണ്ട് മാത്രം ഈ വാർത്ത ഒരു തമാശയായി കാണുന്ന ആളുകൾ ഇവിടെയുണ്ട്.സ്വന്തം ശരീരത്തിൽ അനുവാദമില്ലാതെ മറ്റൊരാൾ സ്പർശിക്കുന്നത് ഒട്ടും സുഖമില്ലാത്ത ഏർപ്പാടാണ്.ഭീകരമായ കുറ്റകൃത്യമാണ് റേപ്പ്.ഒരാളെ ജീവിതം മുഴുവൻ അത് പിന്തുടർന്നേക്കാം.

”പതിനേഴു തികയാത്ത പാൽക്കാരൻ പയ്യനെ അഞ്ചു പെൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു കൊന്നു” എന്ന സിനിമാ ഡയലോഗ് അറിവില്ലാത്ത പ്രായത്തിൽ ആസ്വദിച്ചിട്ടുണ്ട്.ഇ­പ്പോൾ ആ സീൻ കാണുമ്പോൾ ചിരിവരാറില്ല.ജെൻ്റർ ഏതായാലും പീഡനം തമാശക്കളിയല്ല.

കുട്ടികളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ ഇനി ആരാധനാലയങ്ങളിൽനിന്ന് കേൾക്കാതിരിക്കട്ടെ….

Written by-Sandeep Das

About Intensive Promo

Leave a Reply

Your email address will not be published.