Breaking News
Home / Lifestyle / അഞ്ച് വയസുകാരന്‍ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു രക്ഷകനായി തമിഴ് യുവാവ്

അഞ്ച് വയസുകാരന്‍ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു രക്ഷകനായി തമിഴ് യുവാവ്

40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ അഞ്ചുവയസുകാരന് രക്ഷകനായി
വാര്‍ക്കപ്പണിക്കെത്തിയ തമിഴ് യുവാവ്. രക്ഷകനെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ പരിചയവുമില്ല, കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് നന്ദിവാക്ക് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ യുവാവ് മടങ്ങി.

അയ്യന്തോള്‍ ചുങ്കത്ത് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. 10 വര്‍ഷമായി തൃശൂരില്‍ താമസിച്ച് കെട്ടിടനിര്‍മാണജോലികള്‍ ചെയ്യുന്ന കൊല്‍ക്കത്ത സ്വദേശി മാണിക് പത്രയുടെ സഹോദരിയുടെ മകനായ ത്രിഷാന്‍ പ്രമാണിക് (5) ആണ് കിണറ്റില്‍ വീണത്. കിണറിനു മുകളില്‍ ഗ്രില്‍ ഉണ്ടായിരുന്നെങ്കിലും ഒരുഭാഗം തുറന്ന് കിടക്കുകയായിരുന്നു. ത്രിഷാന്‍ കളിക്കുന്നതിനിടെ ഇതുവഴി കിണറ്റിനുള്ളിലേക്കു കാല്‍തെറ്റി വീഴുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ മൈമൂന്‍ കണ്ടത് കിണറ്റിനുള്ളില്‍ കിടന്നു കൈകാലിട്ടടിക്കുന്ന മകനെ. മൈമൂന്റെ നിലവിളി കേട്ട് സമീപവാസിയായ കൊല്‍ക്കത്ത സ്വദേശി ശിവ്ശങ്കര്‍ (18) ഓടിയെത്തി. കെട്ടിടനിര്‍മാണ ജോലിയില്‍ മാണിക് പത്രയുടെ സഹായിയാണ് ശിവ്ശങ്കര്‍. കുട്ടിയെ രക്ഷിക്കാന്‍ ശിവ്ശങ്കര്‍ കിണറ്റിലേക്ക് എടുത്തുചാടി. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുകയായിരുന്ന കുട്ടിയെ ഉയര്‍ത്തിപ്പിടിച്ചെങ്കിലും കരയ്ക്കു കയറാനാവാതെ കുഴഞ്ഞു.

ഈ സമയത്താണ് അടുത്തവീട്ടില്‍ പണിയെടുക്കുകയായിരുന്ന തമിഴ് യുവാവ് ബഹളം കേട്ട് ഓടിയെത്തിയത്. കയറില്‍ തൂങ്ങി കിണറ്റിലിറങ്ങിയ ഇയാള്‍ ത്രിഷാനെയും ശിവ്ശങ്കറിനെയും ഒരുവിധം മുകളിലെത്തിച്ചു. ബോധമറ്റ നിലയിലായിരുന്നു ത്രിഷാന്‍. കമിഴ്ത്തിക്കിടത്തി വയറില്‍ അമര്‍ത്തി വെള്ളം കളഞ്ഞതോടെ കുട്ടിക്കു ബോധം തിരിച്ചുകിട്ടി. പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച ശേഷം തമിഴ് യുവാവ് പോയി. കുട്ടി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എഎല്‍ ലാസറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തുമ്പോഴേക്കും ത്രിഷാന്റെയും ശിവ്ശങ്കറിന്റെയും ജീവന്‍ സുരക്ഷിത തീരത്തെത്തിയിരുന്നു. സമീപത്തുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് ഉടന്‍ ഇരുവരെയും മദര്‍ ആശുപത്രിയിലെത്തിച്ചു. കുട്ടി സുരക്ഷിതനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.