തലച്ചോറിനെ ബാധിക്കുന്ന പിറ്റ്യൂട്ടറി അഡിനോമ എന്ന അപൂർവരോഗം പിടിപെട്ട് 6 വർഷമായി വേദന അനുഭവിക്കുകയാണ് പ്രിയ. എങ്കിലും നിർധന രോഗികൾക്ക് താങ്ങും തണലുമേകാൻ, പിന്നണിഗായികയായ എറണാകുളം ഇടപ്പള്ളി മണ്ണാംപറമ്പിൽ പ്രിയ എവിടെയും ഓടിയെത്തും.
പുതുപ്പള്ളി ഗോവിന്ദമുട്ടം ചരുവക്കാട്ടിതറയിൽ ഓമനക്കുട്ടന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഫണ്ട് ശേഖരണത്തിനായി കായംകുളത്ത് എത്തിയ പ്രിയ തുടർച്ചയായി 12 മണിക്കൂർ പാടിയാണ് ജനശ്രദ്ധ ആകർഷിച്ചത്. ഇതിനിടെ മുപ്പതോളം രോഗികൾക്കു പാട്ടിലൂടെ സഹായധനം സമാഹരിച്ചിട്ടുണ്ട്. പ്രിയയുടെ തലച്ചോറിൽ രണ്ട് മുഴകൾ ഉണ്ട്.
ചികിത്സയ്ക്ക് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹരിപ്പാട്ടുള്ള നിർധനയായ ഒരു കുട്ടിയുടെ ദുരിതം കണ്ടറിഞ്ഞത്. ആ കുട്ടിക്കു വേണ്ടിയാണ് ആദ്യമായി തെരുവിൽ പാടുന്നത്. ഇപ്പോൾ ഒട്ടേറെ സംഘടനകളാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രിയയെ പാടാൻ വിളിക്കുന്നത്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ പ്രിയ പാടാനെത്തും.
രോഗിയായ ഓമനക്കുട്ടനുവേണ്ടിയാണ് കഴിഞ്ഞ ദിവസം കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം പാടിയത്. സമാഹരിച്ച തുക ചികിത്സാ സഹായ സമിതിക്കു കൈമാറി. ഭർത്താവ് സുമേഷാണ് പ്രിയയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കരുത്തേകുന്നത്. ഒട്ടേറെ ആൽബങ്ങളിൽ പാടിയിട്ടുണ്ട്. ജോജൻ ജോസഫ് സംവിധാനം ചെയത രാക്ഷസ രാവണൻ എന്ന ചിത്രത്തിൽ പാടാനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് ഇപ്പോൾ പ്രിയ.