ഞാൻ മദ്യപിച്ച് വഴക്കുണ്ടാക്കിയെന്നാണ് വാർത്ത. എന്റെ അമ്മ സത്യം, ഞാൻ മദ്യപിക്കാറില്ല. കഴിഞ്ഞ ഒന്നരവർഷമായി മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചു. ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിക്കുന്നത് കൊണ്ടാണ് മദ്യപിക്കാത്തത്. എന്നെ കണ്ടാൽ കള്ളുകുടിയനാണെന്ന് തോന്നും. പക്ഷെ ഞാൻ കുടിച്ചിരുന്നില്ല. മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടില്ല.
ഞങ്ങൾ ബാറിൽ പോയതല്ല. എസ്‍.എൽ പുരത്ത് ഒരു സുഹൃത്തിന്റെ ഹോട്ടലിൽ പോയതാണ്. അതിന്റെ പുറകിൽ ഒരു ബാറുണ്ട്. ഞങ്ങൾ ആലപ്പുഴയിൽ ഒരു ചടങ്ങിന് പോകുന്ന വഴിയായിരുന്നു. സുഹൃത്തിനെ കണ്ടിട്ട് തിരികെ ഇറങ്ങിയപ്പോൾ ബാറിൽ നിന്നും ആളുകൾ പുറത്ത് വരുന്നുണ്ടായിരുന്നു. വണ്ടിയുടെ മുന്നിൽ നിന്ന് മാറാനായി ഹോൺ അടിച്ചു. ഇത് ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല. എറണാകുളം രജിസ്ട്രേഷനുള്ള ആഡംബര വാഹനം കണ്ടതോടെ ഇവിടെ വന്ന് തിണ്ണമിടുക്ക് കാണിക്കേണ്ട എന്നു പറഞ്ഞ് അയാൾ ബോണറ്റിൽ ആഞ്ഞിടിച്ചു.
എന്റെ സുഹൃത്ത് മനോജാണ് വണ്ടിയോടിച്ചിരുന്നത്. ഇതുകണ്ടിട്ട് മനോജ് ഇറങ്ങി ചോദ്യം ചെയ്തു. ഇത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. മനോജിനെ പിടിച്ച് തള്ളി വണ്ടിയിൽ ചവിട്ടി. ഉന്തും തള്ളുമായതോടെ എന്റെ സഹോദരനും കാറിൽ നിന്ന് ഇറങ്ങി. അവനെ നാട്ടുകാരും ഈ പ്രശ്നമുണ്ടാക്കിയവനും ചേർന്ന് ഇടിച്ചു. വിഡിയോയിൽ വെള്ള മുണ്ടുടുത്ത് നിൽക്കുന്നയാളാണ് അനിയൻ.
അനിയനെ തൊട്ടത് എനിക്ക് സഹിച്ചില്ല. എന്ത് നടനാണെങ്കിലും കൂടപ്പിറപ്പിനെ തല്ലുന്നത് എങ്ങനെ കണ്ടുനിൽക്കും. ഞാനും ഇറങ്ങി ഇടിച്ചു. ഇടിയുടെ ഇടയ്ക്ക് എന്റെ കൈ കൊണ്ട് ഒരാളുടെ മൂക്കിൽ നിന്നും ചോരവന്നു. എന്റെ നെഞ്ചത്തും ഇടികൊണ്ടു. അപ്പോഴേക്കും പൊലീസ് എത്തി ഇടപെട്ടു.
ഞാനൊരു നടനായതുകൊണ്ടാണ് ഇത് ഇത്രയും വലിയ സംഭവമായത്. ആരൊക്കെയോ ഫോട്ടോയും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ സാധാരണ സംഭവമായി ഒതുങ്ങിപ്പോകുമായിരുന്നു. ഏതായാലും ഞാൻ ഇനി ഇത് വിടാൻ ഉദ്ദേശിക്കുന്നില്ല. എന്റെ സഹോദരനും പരുക്കുണ്ട്. ഇങ്ങോട്ട് വന്ന് വഴക്കുണ്ടാക്കിയതാണ്. ഞാൻ മരാരിക്കുളം സ്വദേശിയാണ് എറണാകുളത്തേക്ക് താമസം മാറ്റിയിട്ട് പത്തുപതിനഞ്ച് വർഷമായിട്ടേയുള്ളൂ.