ഇന്നലെ രാത്രിമുതൽ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒന്നാണ് അതിരപ്പിള്ളിയെ ഔട്ട് ഓഫ് ഫോക്കസ് ആക്കിയുള്ള മമ്മൂട്ടിയുടെ മനോഹര ചിത്രം. മുടി നീട്ടി വളർത്തി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി നിൽക്കുന്നത്. ഈ ചിത്രം പിറന്നതിന് പിന്നിൽ രസകരമായ മറ്റൊരു കഥ കൂടിയുണ്ട്. ആരാധകർ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് യുവ ഫൊട്ടോഗ്രാഫർ ശ്രീനാഥ് എൻ ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ:
വളരെ ആകസ്മികമായി എനിക്ക് കൈവന്ന അവസരമാണ് ഈ ചിത്രം. പതിനെട്ടാംപടിയെന്ന ചിത്രത്തിന്റെ സ്റ്റിൽഫോട്ടോഗ്രാഫർ ഞാൻ അല്ല. ആഗസ്റ്റ് സിനിമയുമായുള്ള അടുപ്പത്തിന്റെ പുറത്താണ് സെറ്റിലെത്തുന്നത്. ഞാൻ എത്തുന്നതിന് മുന്‍പ് കുറച്ചുപേരെക്കൊണ്ട് ഇത്തരമൊരു ചിത്രത്തിനായി സംവിധായകരും അണിയറപ്രവർത്തകരും ശ്രമിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് എന്നെ വിളിക്കുന്നത്.
മമ്മൂട്ടിയ്ക്ക് കൂടുതൽ പ്രാധാന്യം വരണം എന്നുള്ളത് കൊണ്ടാണ് വെള്ളച്ചാട്ടം ഔട്ട് ഓഫ് ഫോക്കസ് ആക്കിയത്. അദ്ദേഹത്തിന്റെ ആ നിൽപ്പും സ്റ്റൈലും പശ്ചാത്തലവുമെല്ലാം മനോഹരമായതോടെ സംവിധായകൻ ഉദ്ദേശിച്ച പോലെയുള്ള ചിത്രം ലഭിച്ചു.ഇതിന് മുന്‍പും മമ്മൂട്ടിയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ് ഫാദർ, കുട്ടനാടാൻ ബ്ലോഗ്, മാമാങ്കം എന്നീ ചിത്രങ്ങളിലെ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്തിട്ടുണ്ട്. പക്ഷെ എബ്രഹാമിന്റെ സന്തതികളെ ഫോട്ടോകൾ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു- ശ്രീനാഥ് പറഞ്ഞു.
‘പതിെനട്ടാം പടി’ എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് പതിെനട്ടാം പടി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്.