സാത്വികഭാവം പൂണ്ട് നാലുചുമുരകൾക്കുള്ളിൽ ഒതുങ്ങുന്ന കന്യാസ്ത്രീയല്ല ആൻ മരിയ. പാതിജീവനറ്റ് നിരത്തിൽ പിടയുന്നവർക്കിടയിൽ, ജീവശ്വാസത്തിനായി കേഴുന്നവർക്കിടയിൽ സൈറൺ മുഴക്കിയെത്തും ഈ ആംബുലൻസ് ഡ്രൈവർ. അസീസി സ്നേഹാശ്രമത്തിലെ സിസ്റ്റർ ആന്‍ മരിയക്കാണ് ദൈവം ആർക്കും അത്ര പരിചിതമല്ലാത്തൊരു മേൽവിലാസം ചാർത്തിനൽകിിരിക്കുന്നത്. ഈ നിമിഷം വരേയും ഓരോ പിടയുന്ന ജീവനേയും ചിപ്പിക്കുൾ പൊതിഞ്ഞു പിടിച്ച മുത്തു പോലെ ചേർത്തു വയ്ക്കാൻ ഈ ആംബുലൻസ് ഡ്രൈവർക്കായിട്ടുണ്ട് എന്നത് മറ്റൊരു സത്യം.
ഇത് ഒരു പതിറ്റാണ്ടിലേറെയായി ഹൈറേഞ്ചിന്റെ പതിവു കാഴ്‌ചയാണ് ആൻമരിയയും അവരുടെ ആംബുലൻസും. രോഗിക്കും ബന്ധുക്കള്‍ക്കും മനസാന്നിധ്യം കൈവിടാതെ ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവർക്ക് രക്ഷകയുടെ പരിവേഷമാണ്. പുരുഷന്മാരുടെ കുത്തകയാക്കി വച്ചിരിക്കുന്ന ആംബുലൻസ് സീറ്റിലേക്ക് ആൻമരിയ എത്തുന്നത് 13 വർഷം മുമ്പ്. ആന്ധ്ര, ഊട്ടി, ഉജൈ്വന്‍ എന്നിവിടങ്ങളില്‍ നഴ്‌സായിരുന്നു സിസ്‌റ്റര്‍ ആന്‍ മരിയ. 16 വര്‍ഷമായി അഗതി മന്ദിരമായ ആകാശപ്പറവയിലാണ് ശുശ്രൂഷ ചെയ്യുന്നത്.
ആശ്രമത്തിലെ അടിയന്തിര ഘട്ടങ്ങളില്‍ തന്റെ സേവനം ആവശ്യമായി വന്നപ്പോളാണ് സിസ്റ്റര്‍ ആംബുലന്‍സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിയത്. ആശ്രമത്തിലെ ഫാ. ഫ്രാന്‍സീസ് ഡൊമിനിക്കും, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനീറ്റയും പ്രൊത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു.
67 വയസുള്ള സിസ്റ്റര്‍ കട്ടപ്പനയില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടരമണിക്കൂര്‍ കൊണ്ടെത്തും. ദൈവാനുഗ്രഹത്താല്‍ ഇന്നുവരെ ഒരു അപകടംപോലും ഉണ്ടായിട്ടില്ലെന്ന് സിസ്റ്റര്‍ പറയുന്നു. ഓരോയാത്രയും ഒരുജീവന്‍ രക്ഷിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെ തന്റെദൗത്യം പൂര്‍ത്തിയാക്കുകയാണ് സിസ്റ്റര്‍ ആന്‍ മരിയ. കൂടുതല്‍ സ്‌ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നാണു സിസ്‌റ്ററുടെ അഭിപ്രായം. പിക്കപ്പ്, മാര്‍ഷല്‍ തുടങ്ങി വലിയ വാഹനങ്ങളും ജപമാലയേന്തുന്ന ഈ കരങ്ങള്‍ നിയന്ത്രിക്കും. ഇതുവരെ അപകടമുണ്ടാകാത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിസ്‌റ്റര്‍ വളയം തിരിക്കുന്നത്. ഇതിനു ദൈവത്തിനു നന്ദിപറയുന്നു.