നടന്‍ ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞാല്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാം. ഫഹദ് ആദ്യമായി നായകനായ സിനിമ എട്ടുനിലയില്‍ പൊട്ടിയതോടെ താരപുത്രന്‍ നിരാശയോടെ സിനിമ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നത് ആ നഷ്ടം നികത്താനായിരുന്നു. ഇന്ന് ഫഹദിന്റേതായി ഇറങ്ങുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
2018 ന്റെ അവസാനമെത്തിയ ഞാന്‍ പ്രകാശന്‍ തിയറ്ററുകള്‍ നിറഞ്ഞോടുന്നതിനിടെയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം റിലീസിനെത്തുന്നത്. പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ചിത്രം ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. റിലീസിനെത്തി രണ്ട് മാസം പോലും ആവുന്നതിന് മുന്‍പ് സിനിമ വാരിക്കൂട്ടിയത് റെക്കോര്‍ഡ് കളക്ഷനാണ്. 2019 ലെ ആദ്യ വമ്പര്‍ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് കുമ്പളങ്ങി ടീം. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്..
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഫെബ്രുവരി ഏഴിന് പൃഥ്വിരാജ് ചിത്രം 9 ന് ഒപ്പമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സും റിലീസിനെത്തിയത്. ബിഗ് ബജറ്റോ വമ്പന്‍ മുതല്‍ മുടക്കിലോ നിര്‍മ്മിച്ച സിനിമ അല്ലാതിരുന്നിട്ടും ആദ്യദിനം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. കുടുംബ പശ്ചാതലത്തിലൊരുക്കിയ ചിത്രം നാല് സഹോദരന്മാരുടെ കഥയായിരുന്നു പറഞ്ഞത്. പുതുമയുള്ള ഡയലോഗുകളും അവതരണവും കുമ്പളങ്ങി നൈറ്റ്‌സിനെ ഉയരങ്ങളിലേക്ക് എത്തിച്ചു. ഇപ്പോള്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്.
ഈ വര്‍ഷം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയ ആദ്യ ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിയിരുന്നു. പതിനെട്ട് ദിവസം കൊണ്ട് 99.73 ലക്ഷം നേടിയ ചിത്രം 19ാം ദിവസം ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 കോടി നേടിയിരുന്നു. റിലിസീനെത്തി 38 ദിവസം കഴിയുമ്പോഴും ഇപ്പോഴും 14 ഓളം ഷോ കുമ്പളങ്ങി നൈറ്റ്‌സിന് ലഭിക്കുന്നുണ്ട്. ഇതുവരെ 1.80 കോടിയാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ചിത്രം വാരിക്കൂട്ടിയത്. ഇപ്പോഴും പ്രതിദിനം 4 ലക്ഷത്തിനടുത്ത് വരെ ലഭിക്കുന്നതിനാല്‍ അതിവേഗം 2 കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.