പുതിയ ഹാരിയര്‍ എങ്ങനെയുണ്ട്? ഈ ചോദ്യത്തിന് ഉടമകള്‍ അഭിപ്രായം പറഞ്ഞു തുടങ്ങുന്നതേയുള്ളൂ. ഡീലര്‍ഷിപ്പുകളില്‍ വന്‍ പിടിവലിയാണ് ഹാരിയര്‍ എസ്‌യുവിക്കായി. പലയിടത്തും നാലുമാസം വരെ കാത്തിരിക്കണം ബുക്ക് ചെയ്താല്‍ കിട്ടാന്‍. പോയമാസം 1,449 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹാരിയര്‍ കുറിച്ചത്. മാര്‍ച്ചിലും ചിത്രം മോശമാവില്ല. രാജ്യത്ത് പുതിയ ടാറ്റ എസ്‌യുവി പ്രചാരം നേടവെ, വീണ്ടുമൊരു ഹാരിയര്‍ അപകടം വാഹന ലോകത്ത് ശ്രദ്ധ നേടുകയാണ്.
അപകടത്തെ തുടര്‍ന്ന് മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന ഹാരിയറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മധ്യപ്രദേശിലാണ് സംഭവം. ടെസ്റ്റ് ഡ്രൈവിനായി ഡീലര്‍ഷിപ്പ് കൊടുത്തുവിട്ട എസ്‌യുവി അപകടത്തില്‍പ്പെടുകയാണുണ്ടായത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ കാര്‍ ഡ്രൈവറുടെ അശ്രദ്ധമൂലം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ചെന്നിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിസാര പരുക്കുകള്‍ മാത്രമെ യാത്രക്കാര്‍ക്ക് സംഭവിച്ചുള്ളൂ.
എന്നാല്‍ ഇടിയില്‍ എസ്‌യുവിയുടെ മുന്‍വശം നാമാവശേഷമായതായി കാണാം. ഗ്രില്ല് തകര്‍ന്ന് റേഡിയേറ്റര്‍ പുറത്തെത്തി. എന്നാല്‍ ഗുരുതരമായ പ്രഹരം ക്യാബിനില്‍ കടന്നിട്ടില്ലെന്നത് ശ്രദ്ധേയം. A പില്ലറുകള്‍ക്കും തകരാറില്ല. ഹാരിയറിന്റെ മുഖരൂപത്തില്‍ ഏറിയപങ്കും ബമ്പറാണ് കൈയ്യടക്കുന്നത്. ഹെഡ്‌ലാമ്പുകളും ഗ്രില്ല് ഘടനയുമെല്ലാം ബമ്പറില്‍തന്നെ.
മുന്‍വശത്ത് കാര്യമായ ക്ഷതമേല്‍ക്കാന്‍ ഈ ഡിസൈന്‍ ശൈലി കാരണമാവുന്നു. മുന്നില്‍ രണ്ടു എയര്‍ബാഗുകളും പുറത്തുവന്ന നിലയിലാണ്. ഇവിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എയര്‍ ബാഗുകള്‍ നിര്‍ണായക പങ്കുവഹിച്ചു. ആറു എയര്‍ബാഗുകള്‍ ഒരുങ്ങുന്ന ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ പതിപ്പാണിത്. എന്നാല്‍ ആഘാതം മുന്നില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടതിനാല്‍ മറ്റു എയര്‍ബാഗുകള്‍ പുറത്തുവന്നില്ല.
ഇലക്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ഹൈഡ്രോളിക് ബ്രേക്ക് ഫേഡിങ് കോമ്പന്‍സേഷന്‍, ഓട്ടോമാറ്റിക് ഡിസ്‌ക്ക് ബ്രേക്ക് വൈപ്പിങ് സംവിധാനം, ഓഫ്‌റോഡ് എബിഎസ്, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ സുരക്ഷാ ഫീച്ചറുകളുടെ നീണ്ടനിരയുണ്ട് ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ മോഡലില്‍.
നേരത്തെ മുംബൈയിലും ഡീലര്‍ഷിപ്പില്‍ വെച്ച് ഹാരിയര്‍ അപകടത്തില്‍പ്പെട്ടിരുന്നു. എസ്‌യുവി മാറ്റിയിടാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരന് സംഭവിച്ച പിഴവാണ് അന്ന് അപകടത്തില്‍ കലാശിച്ചത്. എന്തായാലും പുതുതലമുറ ടാറ്റ കാറുകളെപോലെ ഉള്ളിലിരിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഹാരിയറും പിന്നില്‍ പോകില്ലെന്നാണ് വിലയിരുത്തല്‍.