രാഷ്ട്രീയം ശ്വസിച്ച് വളർന്നവരാണ് സൈമൺ ബ്രിട്ടോയും സീന ഭാസ്കറും. അതേ വിപ്ലവമനസ്സാണ് അവരെ ഒരുമിപ്പിച്ചത്. ഇപ്പോൾ ഒരേയുടലിലെ ഒരു ചിറക് പൊഴിഞ്ഞു പോയിരിക്കുന്നു…
‘‘ഈ ചങ്കു പൂച്ചയുണ്ടല്ലോ അബ്ബയ്ക്ക് പ്രിയപ്പെട്ടതാണ്. ഞാന്‍ അബ്ബയുടെ ദേഹത്ത് കയറിക്കിടക്കുന്നതൊന്നും ഇവൾക്ക് ഇഷ്ടമല്ല. ഉടനെ വന്ന് ബഹളമുണ്ടാക്കി എന്നെ അടിക്കാൻ തുടങ്ങും. എന്നിട്ട് അബ്ബയുടെ നെഞ്ചിൽ കയറിക്കിടക്കും. അന്നത്തെ ദിവസം അബ്ബ വന്നപ്പോൾ മൊബൈൽ മോർച്ചറിയുടെ അടിയിൽ നിന്ന് മാറിയതേയില്ല. മൂന്നാമത്തെ ദിവസം ഞങ്ങൾ നിർബന്ധിച്ചാണ് ഭക്ഷണം കൊടുത്തത്. ഈ പൂച്ചയെ കാണുമ്പോഴാണ് എനിക്കേറ്റവും കൂടുതൽ അബ്ബയെ മിസ്സ് ചെയ്യുന്നത്.
അതുപോലെ അബ്ബ വാങ്ങിത്തന്ന ബോൾ കാണുമ്പോഴും. അമ്മയേക്കാളും എനിക്കേറ്റവും കൂട്ട് അബ്ബയായിരുന്നു. ഞാൻ ഓരോ എടാകൂടത്തിൽ പെടുമ്പോൾ അബ്ബയാണ് എന്നെ രക്ഷിക്കുന്നത്. ഞങ്ങൾ തമ്മിൽ എടോ, പോടോ എന്നൊക്കെയായിരുന്നു വിളി. എന്നെ ഓമനിച്ച് ‘ഡുക്ക’ എന്നും വിളിക്കും.
അബ്ബ വീട്ടിലെത്തിയശേഷമാണ് ഞാനും അമ്മയുമെത്തിയത്. അബ്ബ കിടക്കുന്നതു കണ്ട് എനിക്കു സങ്കടം വന്നു കുറെക്കരഞ്ഞു. പെട്ടെന്നാണ് കുറച്ചു ദിവസം മുൻപ് അബ്ബ പറഞ്ഞ കാര്യമോർത്തത്.
ഞങ്ങൾ രണ്ടുംകൂടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നേ. അപ്പോ പെട്ടെന്ന് അബ്ബ പറഞ്ഞു: ‘എടോ, താൻ വലുതാകാനെടുക്കുന്ന പത്തു കൊല്ലമൊന്നും ഞാൻ നിൽക്കുമെന്നു തോന്നുന്നില്ല. ആരോഗ്യസ്ഥിതിയൊക്കെ കഷ്ടാടോ.’
എനിക്കതു കേട്ട് ദേഷ്യം വന്നു. ‘എടോ, താനെന്നെ വിട്ട് പോവ്വോ.’ ഞാൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
‘അയ്യോ, എന്നെ ആക്രമിക്കല്ലേ. ഞാൻ തന്നെ വിട്ട് പോകില്ല. ഇനി എങ്ങാനും മരിച്ചാലും ഞാൻ തന്റെ കൂടെ തന്നെ കാണും.’ അതു കേട്ടതും ഞാൻ അബ്ബയെ കെട്ടിപ്പിടിച്ചു. അബ്ബ എന്നെ വിട്ടുപോകില്ലെന്ന് ഉറപ്പു തന്നിട്ടില്ലേ. പിന്നെ, ഞാൻ കരഞ്ഞില്ല.
പറഞ്ഞു തീർന്നതും നിലാവ് പന്തുമെടുത്ത് പൂച്ചയേയും കൂട്ടി കളിക്കാൻ പോയി. കൺചിമ്മാതെ അതു നോക്കിയിരുന്ന നിലാവിന്റെ അമ്മ പറഞ്ഞു.‘അവൾ അബ്ബയോടൊപ്പമാകണം കളിക്കുന്നത്.’