Breaking News
Home / Lifestyle / സുബീഷ് എന്ന തേവര സ്വദേശിയുടെ ജീവിതം സിനിമാക്കഥയേക്കാൾ സുന്ദരമാണ്

സുബീഷ് എന്ന തേവര സ്വദേശിയുടെ ജീവിതം സിനിമാക്കഥയേക്കാൾ സുന്ദരമാണ്

എം.എസ്. സുബീഷ് എന്ന തേവര സ്വദേശിയുടെ ജീവിതം സിനിമാക്കഥയേക്കാൾ സുന്ദരമാണ്. പഠനവും ഗവേഷണവുമെല്ലാം സ്വപ്നം കാണുന്ന സാധാരണ മലയാളിക്കു പ്രചോദനമാകുന്ന ‘ആൽക്കെമിസ്റ്റ്’.

തേവര സെന്റ്. മേരീസ്, എസ്എച്ച് സ്കൂളുകളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസവും എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ നിന്നു കെമസ്ട്രിയിൽ ബിഎസ്‌സി ബിരുദവും മഹാരാജാസിൽ നിന്നു അനലിറ്റിക്കൽ കെമസ്ട്രിയിൽ പിജിയും നേടിയ സുബീഷിന്റെ തലയിൽ ഗവേഷണമെന്നൊരു ചിന്ത പൊടിക്കുപോലുമുണ്ടായിരുന്നില്ല.

പഠനശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്വാളിറ്റി കൺട്രോളറായി പ്രവേശിച്ചതു കുടുംബസാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ്. കൂലിപ്പണിക്കാരായ സുരേഷിന്റെയും ഇന്ദിരയുടെയും മകനു പ്രാരാബ്ധങ്ങളേറെയുണ്ടായിരുന്നു. ഇനിയാണ് ട്വിസ്റ്റുകളുടെ കളി.

മഹാരാജാസിൽ അധ്യാപകനായ റെജിമോനാണു ദക്ഷിണ കൊറിയയിലെ പുസാൻ നാഷനൽ യൂണിവേഴ്സിറ്റിയിൽ ഗവേഷണ ഒഴിവുണ്ടെന്ന വിവരം സുബീഷിനെ അറിയിച്ചതും അപേക്ഷിക്കാൻ നിർബന്ധിച്ചതും. പിജി പഠനകാലത്തു സുബീഷിന്റെ മികവ് അധ്യാപകർ കണ്ടെത്തിയിരുന്നു. അപേക്ഷ വെറുതെയായില്ല.

അധ്യാപകരുടെ പിന്തുണയും സുബീഷിന്റെ പഠനമികവും പുസാൻ സർവകലാശാല അധികൃതർക്കും ബോധ്യമായി. അങ്ങനെ 2013ൽ പുസാനിൽ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയായി പ്രവേശനം നേടി. തനിക്ക് ഏറെ ആത്മവിശ്വാസം പകർന്നു നൽകിയ അധ്യാപകരും മാതാപിതാക്കളും സഹോദരൻ സുയീഷുമാണു ഗവേഷണ വഴിയിൽ താൻ എത്തിപ്പെടാൻ കാരണമെന്നു സുബീഷിന്റെ വാക്കുകൾ.

തേവര എസ്എച്ച് സ്കൂളിലെ അധ്യാപകരായ സേവ്യർ കൊച്ചുമുട്ടം, ആൻസി മാത്യു, എം.എ. മറിയാമ്മ മഹാരാജാസിലെ അധ്യാപിക ശാന്ത മത്തായി, ലാബ് അസിസ്റ്റന്റ് കെ.എം. വിനോദ് എന്നിവരെല്ലാം ഏറെ പിന്തുണ നൽകി. വിമാനടിക്കറ്റ് എടുത്തു നൽകിയതു മഹാരാജാസിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന ലിസമ്മ കോശി. എന്തായാലും പുസാനിലെത്തി.

പുസാനിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണം നടത്തിയ 4 വർഷം സുബീഷിന്റെ അറിവും ബോധ്യങ്ങളും പൊളിച്ചെഴുതി. തുടർന്നു പഠിക്കാൻ തീരുമാനിച്ചതും സ്കോട്ട്ലൻഡിലെ പ്രശസ്തമായ സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് അപേക്ഷിച്ചതും അങ്ങനെ. പുസാനിൽ പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ സമയത്തു ആൻഡ്രൂസിൽ നിന്നുള്ള വിളിയെത്തി.

പക്ഷെ വീസ നടപടികൾ പൂർത്തിയാക്കണമെങ്കിൽ ഇംഗ്ലിഷിലാണു മുൻപഠനങ്ങൾ പൂർത്തിയാക്കിയതെന്നു കാട്ടുന്ന സർട്ടിഫിക്കറ്റ് ആവശ്യം. നാട്ടിലായിരുന്നതിനാൽ സുബീഷ് ആദ്യം സമീപിച്ചത് എംജി സർവകലാശാല അധികൃതരെ.

ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ കണ്ടെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒരു മാസമെടുക്കുമെന്നായിരുന്നു മറുപടി. സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്നും ദിവസങ്ങൾക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ പ്രവേശനം നഷ്ടപ്പെടുമെന്ന് അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല.

അപേക്ഷ നൽകി കാത്തിരിക്കാൻ മറുപടി. അപേക്ഷ നൽകി നിരാശനായി മടങ്ങിയ സുബീഷ് കൊറിയയിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. ഇമെയിലിൽ അപേക്ഷ അയച്ചു 2 മണിക്കൂറിനുള്ളിൽ പുസാൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സർട്ടിഫിക്കറ്റെത്തി. സുബീഷ് യുകെയിലെത്തിയ ശേഷമാണ് എംജി സർവകലാശാലയുടെ സർട്ടിഫിക്കറ്റ് തയാറാണെന്നുള്ള സന്ദേശമെത്തിയത്.

സെന്റ് ആൻഡ്രൂസിലെ ഓർഗാനിക് സെമി കണ്ടക്ടേഴ്സ് ഗ്രൂപ്പിന്റെ കീഴിലാണു സുബീഷിന്റെ ഗവേഷണം. സെമി കണ്ടക്ടിങ് വിഷയത്തിൽ ഏറ്റവും മികച്ച ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളിലൊന്ന്. കഴിഞ്ഞ വർഷമാണു മേരി ക്യൂറി ഫെലോഷിപ്പിനു വേണ്ടി അപേക്ഷിച്ചത്. ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡുകളിലെ എമിറ്റിങ് മെറ്റീരിയലുമായി ബന്ധപ്പെട്ടാണു സുബീഷ് ഗവേഷണ ആശയം സമർപ്പിച്ചത്.

ഭാരം കുറഞ്ഞ ഉൽപന്നം ഉപയോഗിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നതിനാൽ ഇവ കണ്ടെത്തുന്നതുന്നതിൽ ഗവേഷണം നടത്താനായിരുന്നു തീരുമാനം. ഗവേഷണ ആശയവും, സുബീഷിന്റെ സിവിയും വിലയിരുത്തി മേരി ക്യൂറി ഫെലോഷിപ്പ് അനുവദിച്ചത്. 2 വർഷത്തെ ഫെലോഷിപ്പിൽ 212933.76 യൂറോയാണു(ഏകദേശം 1.71 കോടി രൂപ) ഗവേഷണത്തിനായി ലഭിക്കുക. ഈ വർഷം തന്നെ ഗവേഷണം ആരംഭിക്കാനുള്ള തയാറെടുപ്പുകളിലാണു സുബീഷ്.

ഗവേഷക വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ഫെലോഷിപ് രാജ്യാന്തര തലത്തിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രത്യേകമായും അനുവദിക്കുന്നുണ്ട്. പിഎച്ച്ഡി പൂർത്തിയാക്കി തുടർ ഗവേഷണം നടത്തുന്നവർക്കാണു രണ്ടു വർഷത്തെ ഫെലോഷിപ്പ് സാധാരണ ലഭിക്കുക. കഴിഞ്ഞ വർഷം 14% ആയിരുന്നു വിജയശതമാനം. ഹൊറൈസൺ 2020 എന്ന പേരിൽ ബിരുദ, പിജി വിദ്യാർഥികൾക്കും ഫെലോഷിപ്പുണ്ടെങ്കിലും നിലവിൽ അതു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു മാത്രമാണ്.
-കടപ്പാട്-മനോരമ

ഉപകാരപ്രദമായ ഈ ലേഖനം ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

About Intensive Promo

Leave a Reply

Your email address will not be published.