മുത്തുഗൗ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്നു വന്ന താര പുത്രനാണ് ഗോകുൽ സുരേഷ്. വമ്പൻ വിജയങ്ങൾ ഒന്നും കൈയിൽ ഇല്ലെങ്കിലും ശ്രദ്ധേയമായ ഒരു പിടി റോളുകളിൽ ആണ് ഗോകുൽ എത്തിയത്. ഇപ്പോളിതാ അച്ഛൻ സുരേഷ് ഗോപിയുമൊത്തു ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ പോകുകയാണ് ഗോകുൽ.
മലയാള സിനിമയിലെ താര പുത്രന്മാരെ പറ്റി ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോകുലിന്റെ വാക്കുകൾ ഇങ്ങനെ..“ദുല്‍ഖറോ പ്രണവോ കാളിദാസോ ശ്രാവൺ മുകേഷോ ഷെയ്ൻ നിഗമോ അർജുൻ അശോകനോ തുടങ്ങി ഞങ്ങള്‍ മക്കളാരും അച്ഛന്‍മാരുടെ റേഞ്ചിന്റെ ഏഴ് അയലത്തു വരില്ല. അതൊരു സത്യമാണ്. കാരണം അവരൊക്കെ അന്നത്തെ കാലത്ത് ഒരുപാട് കഷ്ടപ്പെട്ട്, നല്ലതും ചീത്തതുമായ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയി വളര്‍ന്നു വന്നവരാണ്. ഞങ്ങള്‍ക്കൊന്നും അത്ര കഷ്ടപ്പെടേണ്ടി വന്നിട്ടില്ല.
അച്ഛന്‍ കൊണ്ട വെയിലാണ് മക്കള്‍ക്ക് കിട്ടുന്ന തണല്‍.. എന്റെ അച്ഛന്‍ പക്ഷേ കുറേ ശിഖരങ്ങളൊക്കെ വെട്ടി മാറ്റി വെച്ചു, ഞാൻ വെയില്‍ കൊണ്ട് വളരാന്‍ വേണ്ടി തന്നെ. കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്നാണ് അച്ഛന്റെ നയം. ആരും ചിരഞ്ജീവിയല്ലല്ലോ, അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം,
ജീവിതത്തെ നേരിടാന്‍ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈന്‍. ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛന്‍ എപ്പോഴെങ്കിലും വാക്കാല്‍ പറഞ്ഞ കാര്യങ്ങളല്ല. എനിക്കെന്റെ അച്ഛനെ അറിയാം. അച്ഛനെ കണ്ട് ഞാന്‍ മനസ്സിലാക്കിയ കാഴ്ചപ്പാടുകള്‍ ആണിതെല്ലാം