കഷ്ടപ്പാടുകള്‍ നിറഞ്ഞ അഭിനയ ജീവിതത്തില്‍ കൊല്ലം അജിത്ത് അനശ്വരമാക്കിയത് നിരവധി കഥാപാത്രങ്ങളാണ്. അവസാന കാലങ്ങളില്‍ കൂടുതല്‍ സിനിമകള്‍ ഇല്ലെങ്കിലും മനസ് നിറച്ച കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് അജിത്തിന്റെ മടക്കം. അഞ്ഞൂറോളം വില്ലന്‍ വേഷങ്ങളാണ് അജിത്ത് മനോഹരമാക്കിയത്. അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു മോഹന്‍ലാലിനൊപ്പമുള്ളത്. ലാലേട്ടനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച് അജിത്ത് തന്നെ വെളിപ്പെടുത്തിയിരുന്നു.
കൊല്ലം അജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
മലയാളത്തിന്റെ മഹാനടന്റെ മഹാ മനസ്‌കത
മലയാളത്തിലെ മഹാനടന്മാരായ മമ്മൂക്കയുടെയും ലാലേട്ടന്റെയും അനുഗ്രഹവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങാന്‍ ഭാഗ്യം വന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് ഞാന്‍. കഴിഞ്ഞ പെരുന്നാളിന് മമ്മൂക്കയും ഞാനും തമ്മിലുള്ള സിനിമാരംഗത്തുള്ള ഒരനുഭവം പ്രേക്ഷകര്‍ക്കായി ഞാന്‍ പങ്കുവെച്ചിരുന്നു.
ഇത്തവണ ‘ഞാനും ലാലേട്ടനും’ എന്ന തലകെട്ടോടുകൂടിയാണ് എന്റെ ഒരനുഭവം ലാലേട്ടന്റെ ആരാധകര്‍ക്ക് ഞാന്‍ പങ്കുവെക്കുന്നത്.
കഠിന പ്രയത്‌നവും തൊഴിലിനോടുള്ള ആത്മാര്‍ത്ഥയുമാണ് ലാലേട്ടനെ മലയാളികളുടെ മഹാനടനാക്കി മാറ്റിയത്. ഈ വളര്‍ച്ചയിലും കടന്നു വന്ന പാതകള്‍ മറക്കാത്ത അതുല്യ നടനാണ് മോഹന്‍ലാല്‍.
ഞാന്‍ ആദ്യമായി ലാലേട്ടന്റെ കൂടെ അഭിനയിക്കുന്നത് ‘ശ്രീകുമാരന്‍ തമ്പിയുടെ ‘യുവജനോത്സവം ‘ എന്ന ചിത്രത്തിലാണ്. ആ ചിത്രത്തില്‍ ഞാനും ലാലേട്ടനും തമ്മിലുള്ള സീനുകള്‍ എടുത്ത ശേഷം അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ഉടന്‍ ആരംഭിക്കാന്‍ പോകുന്ന ലാലേട്ടനും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന് ഒരുക്കുന്ന പുതിയ കമ്പനി ‘ചിയേര്‍സ് ‘ അവരുടെ ആദ്യചിത്രമായ ‘അടിവേരുകള്‍’ എന്ന സിനിമയില്‍ ഒരു മികച്ച വേഷം തരാമെന്ന് എനിക്ക് ഉറപ്പു തന്നിരുന്നു.
ലാലേട്ടന്‍ പറഞ്ഞ പ്രകാരം ആ ചിത്രത്തിലെ വേഷത്തിനായി ഞാന്‍ കാത്തിരുന്നു . എന്നാല്‍ ഫലം ഉണ്ടായില്ല. നാളുകള്‍ക്കു ശേഷം തെന്മലയില്‍ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതായി ഞാന്‍ അറിഞ്ഞു. ലാലേട്ടന്‍ എനിക്ക് തന്ന ഓഫറില്‍ എനിക്ക് ഉണ്ടായ സന്തോഷത്തില്‍ അതിരുകളില്ലായിരുന്നു. തെന്മലയിലെ ഷൂട്ടിംഗ് വിവരം അറിഞ്ഞതിലൂടെ ഞാന്‍ കടുത്ത നിരാശയിലായി.
ലാലേട്ടന്‍ കോലഞ്ചേരിയില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിലെ സെറ്റിലേക്ക് ഞാന്‍ അദ്ദേഹത്തിനെ കാണാനായി ചെന്നു. അദ്ദേഹം എന്നെ നേരില്‍ കണ്ടതും എന്നോട് പറഞ്ഞ വാക്കുകളും അപ്പോഴാണ് അദ്ദേഹത്തിന്റെ ഓര്‍മയില്‍ വന്നതും. എന്നെ വിളിച്ച് അടുത്തിരുത്തി ..’ഞാന്‍ നിന്റെ കാര്യം മറന്നുപോയീ അജിത്തേ ക്ഷമിക്കണം. ഞാന്‍ അതില്‍ ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല. നീ ആ സെറ്റിലേക്ക് ഒന്ന് പോയിനോക്കൂ..’
ലാലേട്ടന്‍ പറഞ്ഞപ്രകാരം ഞാന്‍ അങ്ങോട്ട് പോയി ഡയറക്ടര്‍ അനിലിനെ കാണുകയും അദ്ദേഹം ഈ ചിത്രത്തില്‍ ഇനി വേഷമില്ല എന്ന കാര്യം അറിയിക്കുകയും ചെയ്തു. ഞാന്‍ നിരാശനായി മടങ്ങവേ ലാലേട്ടന്‍ ഇന്ന് ലൊക്കേഷനില്‍ എത്തുമെന്ന വിവരം അറിയുകയും ഒന്നൂടെ അദ്ദേഹത്തെ കണ്ടിട്ടുപോകാമെന്ന് കരുതുകയും ചെയ്തു. മണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം ഡയറക്ടര്‍ അനിലിനോട് എന്നെ കുറിച്ച് സംസാരിച്ചു. ശേഷം എന്റെ സമീപത്തേക്ക് എത്തിയ ലാലേട്ടന്‍..ഡയറക്ടര്‍ അനില്‍ പറഞ്ഞത് അവര്‍ത്തിക്കുകയാണുണ്ടായത്. ഇതില്‍ വേഷമില്ലെന്നുള്ള കാര്യം.
ആനയും ആള്‍ക്കൂട്ടവും നിറഞ്ഞുനിന്നിരുന്ന ആ സെറ്റില്‍ വെച്ച് ലാലേട്ടന്‍ പറഞ്ഞ ആ വാക്കുകള്‍ കേട്ട് തളര്‍ന്നു. നിരാശയും സങ്കടവുംകൊണ്ട് എന്റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു. ഇത് കണ്ട ലാലേട്ടന്‍ എന്നെ മാറോടു ചേര്‍ത്ത് പിടിച്ചു. എന്നെ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. ‘അജിത്തേ എന്താണിത് .. നീ എന്നെ നോക്ക് ‘ എന്നിട്ട് ലാലേട്ടന്‍ തുടര്‍ന്നു..’എല്ലാം വിധിയാണ്. അജിത്തേ ഞാന്‍ ഒരു നായക നടന്‍ ആകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
നീ വിഷമിക്കണ്ട ..അടുത്ത പടത്തില്‍ നിനക്കു നല്ല ഒരു വേഷം തരാമെന്ന് പറഞ്ഞെന്നെ സമാധാനിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ആശ്വാസം നല്‍കിയെങ്കിലും ഞാന്‍ വളരെ വിഷമത്തോടെ ഞാന്‍ ആ സെറ്റില്‍ നിന്നും മടങ്ങി. രണ്ടു മുന്ന് ദിവസങ്ങള്‍ക്കു ശേഷം, എന്നെ അത്ഭുതപ്പെടുത്തിയ ആ വാര്‍ത്ത.. അത് ഇതായിരുന്നു ‘എത്രയും പെട്ടന്ന് തെന്മല ലൊക്കേഷനിലേക്ക് തിരിച്ചെത്തണമെന്നുള്ള ലാലേട്ടന്റെ ഫോണ്‍ കോള്‍ ആയിരുന്നു. ഒടുവില്‍ ഞാന്‍ ലൊക്കേഷനില്‍ എത്തി ‘അട്ടപ്പാടി സോമു ‘ എന്ന കഥാപാത്രം ചെയ്യാന്‍ എനിക്കവസരം കിട്ടി..
എന്റെ കണ്ണുകള്‍ നിറഞ്ഞത് ശ്രദ്ധിച്ച ആ മഹാനടനിലെ മഹാമനസ്‌കതയെ വെളിപ്പെടുത്തുന്നതായിരുന്നു ആ സംഭവം. തുടര്‍ന്നു ലാലേട്ടനോടൊപ്പം അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ആ മഹാനടനോടൊപ്പം അഭിനയിച്ച് കൊതി തീര്‍ന്നിട്ടില്ല ഇനിയും …
ഞാനും ലാലേട്ടനും ഒരുമിച്ചഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഒട്ടുമുക്കാലും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇതിനെ കുറിച്ചൊരു പത്രക്കാരന്‍ എഴുതിയതിങ്ങനെയാണ് ‘ അജിത്തിന്റെ കോളറില്‍ ലാലേട്ടന്‍ പിടിച്ചാല്‍, ആ ചിത്രം സൂപ്പര്‍ഹിറ്റാണെന്ന് ‘..
ഇതില്‍ എത്ര മാത്രം സത്യമുണ്ടെന്ന് ലാലേട്ടന്റെ ആരാധകര്‍ക്ക് വ്യക്തമായി അറിയാം. ഇന്ത്യന്‍ സിനിമയിലെ മഹാനടന്മാരിലെ മുന്‍ നിരയില്‍ നില്‍ക്കുന്ന ലാലേട്ടന്‍ മലയാളിയുടെ അഹങ്കാരമായി ഇന്നും നിലകൊള്ളുന്നു.അദ്ദേഹത്തിനും കുടുംബത്തിനും ദീര്‍ഘായുസും ഐശ്വര്യവും
ഒരു സഹനടനെന്ന നിലയില്‍ ഞാന്‍ ആത്മാര്‍ത്ഥമായി നേരുന്നു ..
ലാലേട്ടനൊപ്പമുള്ള ഈ അനര്‍ഘ നിമിഷം ഞാന്‍ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു.