Breaking News
Home / Lifestyle / നൊന്ത്പെറ്റ കുഞ്ഞിനെ ലാളിക്കാൻ ഭാഗ്യമില്ലാത്ത അമ്മയാണ് ഞാൻ വൃക്കരോഗത്തിൽ പിടഞ്ഞ് വീട്ടമ്മ കണ്ണീരുവറ്റും കഥ

നൊന്ത്പെറ്റ കുഞ്ഞിനെ ലാളിക്കാൻ ഭാഗ്യമില്ലാത്ത അമ്മയാണ് ഞാൻ വൃക്കരോഗത്തിൽ പിടഞ്ഞ് വീട്ടമ്മ കണ്ണീരുവറ്റും കഥ

‘ജീവിക്കാൻ കൊതിയുണ്ടായിട്ടില്ല. മരിക്കാന്‍ ഭയവുമില്ല. ആറ്റുനോറ്റ് കിട്ടിയ എന്റെ പൈതലിന് ആരുമില്ലാതാകും. അവൾ അമ്മയില്ലാതെ വളരേണ്ടി വരും. എനിക്ക് ജീവിക്കണം, എന്റെ മുത്തിന് വേണ്ടി. കനിയണം എല്ലാരും’– ഗദ്ഗദത്തോടെയുള്ള അർച്ചനയുടെ വാക്കുകളെ കണ്ണീർ മുറിച്ചത് എത്ര വേഗമാണ്. ആ കണ്ണീരു കണ്ടാൽ, അവർ ഇന്നീ അനുഭവിക്കുന്ന വേദനയുടെ ആഴമളന്നാൽ, നെഞ്ചുതകർന്നു പോകും. അത്രയ്ക്കുണ്ട് ആ പരീക്ഷണങ്ങളുടെ വ്യാപ്തി.

ഒന്നും രണ്ടുമല്ല, മൂന്ന് വർഷത്തെ കാത്തിരിപ്പിന്റേയും പ്രാർത്ഥനയുടേയും പുണ്യമായിരുന്നു അർച്ചനയ്ക്ക് ആ പൈതൽ. നേർച്ചകാഴ്ചകൾക്കും വഴിപാടുകൾക്കും ഒടുവിൽ ഒരു സുന്ദരി പെൺകുഞ്ഞിനെ തന്നെ അർച്ചനയ്ക്ക് ദൈവം നൽകി. സന്തോഷം അലതല്ലിയ നിമിഷങ്ങൾ. പക്ഷേ ചുണ്ടിൽ പുഞ്ചിരി വിരിയിച്ച അതേ വിധി അർച്ചനയെന്ന അമ്മയെ വേദനയുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടു.

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അർച്ചന മാസം തികയാതെയായിരുന്നു പ്രസവിക്കുന്നത്. ബന്ധുക്കളും ഉറ്റവരും ഉടയവരുമെല്ലാം ആദ്യമൊന്ന് ഭയന്നെങ്കിലും ആശങ്കകൾ അതിവേഗം നീങ്ങി. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തില്‍ ഡോക്ടർമാർ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ശരിക്കുമുള്ള വേദന വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

അർച്ചനയുടെ രക്തസമ്മർദ്ദ നിലയിൽ വന്ന വ്യത്യാസത്തിൽ നിന്നുമായിരുന്നു തുടക്കം. ശാരീരിക അസ്വസ്ഥകകൾ ഏറിയപ്പോൾ അർച്ചനയെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മൂത്ര തടസം കലശലാകുകയും ചെയ്തു. ടെസ്റ്റുകളുടേയും പരിശോധനകളുടേയും നിമിഷങ്ങൾ അങ്ങനെ കടന്നു പോയി. ഒടുവിൽ മനസില്ലാ മനസോടെ ഡോക്ടർ ആ വേദനിപ്പിക്കുന്ന സത്യം അർച്ചനയുടെ ബന്ധുക്കളെ അറിയിച്ചു.

‘അർച്ചനയുടെ വൃക്ക തകരാറാണ്. ഡയാലിസിസ് താത്കാലിക ആശ്വാസം മാത്രമാണ്. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണം. അതിനു ചെലവാകുന്ന തുക പത്ത് ലക്ഷം രൂപ.’– ഡോക്ടറുടെ വാക്കുകൾ ഇടിത്തീ പോലെയാണ് പതിച്ചത്.

സ്വന്തം കുഞ്ഞിനെ ലാളിച്ച് കൊതിതീരും മുന്നേ അർച്ചനയെന്ന അമ്മ ആശുപത്രി വാർഡിന്റെ നാലുമുറിക്കുള്ളിൽ അഭയം തേടി. ഇതിനിടെ മൂന്നോ നാലോ ഡയലാസിസ് ആ അമ്മയുടെ ശരീരത്തിൽ കയറിയിറങ്ങുകയും ചെയ്തു. പക്ഷേ അപ്പോഴും പ്രതീക്ഷയുടെ കിരണം അകലെ തന്നെയായിരുന്നു.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിനിടയിലൂടെ പിടയുന്ന അർച്ചനയ്ക്ക് വൃക്ക പകുത്തു നൽകാൻ അച്ഛൻ തയ്യാറാണ്. പക്ഷേ അപ്പോഴും ജീവൻ പിടിച്ചു നിർത്താൻ വേണം ലക്ഷങ്ങൾ. സ്കൂൾ ബസ് ഡ്രൈവറായ ഭർത്താവ് ഉണ്ണികൃഷ്ണനും കുടുംബാംഗങ്ങളും കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി ആവുന്നതെല്ലാം സ്വരുക്കൂട്ടിയെങ്കിലും അതെല്ലാം ഇതുവരെയുള്ള ചികിത്സയ്ക്ക് ചെലവായി.

വൃക്കമാറ്റി വയ്ക്കാൻ ഇനിയും ലക്ഷങ്ങൾ വേണമെന്നിരിക്കേ ഈ നിർദ്ധന കുടുംബം ഇനി ഉറ്റുനോക്കുന്നത് കരുണയുടെ ഉറവ വറ്റാത്ത കരങ്ങളിലേക്കാണ്. മകൾക്കു വേണ്ടി ജീവിക്കാൻ കൊതിക്കുന്ന തന്നെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ കാവല്‍ മാലാഖമാർ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

About Intensive Promo

Leave a Reply

Your email address will not be published.