വളർത്തുമൃഗങ്ങളിൽ പലർക്കും താത്പര്യം പലതിനോടാണ്. ജോർജിയൻ സ്വദേശിയാ നാലുവയസ്സുകാരൻ എവെർലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ അവന് ഒരു അക്വേറിയവും കുഞ്ഞുമത്സ്യത്തെയും വാങ്ങിനൽകി. പ്രിയപ്പെട്ട സ്വർണമത്സ്യത്തിന് അവൻ ‘നീമോ’ എന്ന് പേരുനൽകി.
നീമോ വന്നതിൽപ്പിന്നെ എവർലെറ്റ് മുഴുവൻ സമയവും അതിനൊപ്പമാണ്. രാവിലെ എഴുന്നേറ്റാൽ ഉടനെത്തുക അക്വേറിയത്തിനടുത്തേക്കാണ്. ഭക്ഷണം കൊടുക്കലും മറ്റുമായി നീമോക്കൊപ്പം തന്നെയാകും എവർലെറ്റ്. സ്നേഹം കൂടിയ എവർലെറ്റ് ചെയ്തത് എന്തെന്നോ?
ഒരുദിവസം അമ്മ വന്നു നോക്കുമ്പോൾ അക്വേറിയത്തിൽ മത്സ്യത്തെ കാണാനില്ല. നോക്കുമ്പോൾ കണ്ടത് മത്സ്യത്തെ കെട്ടിപ്പിടിച്ചുകിടക്കുന്ന എവർലെറ്റിനെ. നീമോയെ സ്നേഹിച്ച് മതിവരാതെ കയ്യിലെടുത്ത് ഉമ്മയൊക്കെ കൊടുത്ത് ഒപ്പം കിടത്തിയിരിക്കുകയാണ് എവർലെറ്റ്.
വെള്ളത്തിൽ നിന്ന് പുറത്തെടുത്താൽ മത്സ്യം ചത്തുപോകുമെന്ന് എവർലെറ്റിന് അറിയില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ സങ്കടം സഹിക്കാതെ അവൻ പൊട്ടിക്കരഞ്ഞു. എവർലെറ്റിന്റെ സങ്കടം മാറ്റാൻ പുതിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നൽകിയിരിക്കുകയാണ് മാതാപിതാക്കൾ.