സ്ത്രീകള്‍ യഥാര്‍ത്ഥ പോരാളികളാണ്, യാതൊരു സംശയവും വേണ്ട…
സ്വന്തം സ്വപ്നങ്ങള്‍ സ്വന്തമാക്കുന്നതിനായി, എല്ലാ ആണിടങ്ങളോടും പൊരുതിത്തന്നെയാണ് സ്ത്രീകള്‍ മുന്നേറിയിട്ടുള്ളത്. എല്ലാ ജോലിയും തനിക്കും ചെയ്യാനാകുമെന്ന് അവള്‍ തെളിയിച്ച് കൊടുത്തതും അങ്ങനെ തന്നെയാണ്.
നിരവധി സാധാരണക്കാരായ സ്ത്രീകളുണ്ട്, ജീവിതത്തില്‍ നേരിടേണ്ടി വന്ന കയ്പ്പുള്ള അനുഭവങ്ങളെ തോല്‍പ്പിച്ച് ജീവിതവിജയം കൈവരിച്ചവര്‍. ചണ്ഡീഗഢില്‍ നിന്നുള്ള 37 -കാരിയായ മംമ്താ ഖായും അങ്ങനെ ഒരു സ്ത്രീയാണ്.
സമ്പന്നരായ ദമ്പതികളുടെ വീട്ടിലെ ജോലിക്കാരായിരുന്നു മംമ്തായുടെ അച്ഛനും അമ്മയും. മംമ്തായ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. പഠനം പൂര്‍ത്തിയാക്കുകയും ആ സ്വപ്നങ്ങളെല്ലാം നേടിയെടുക്കുകയും ചെയ്യണമെന്ന് അവള്‍ തീരുമാനിച്ചിരുന്നു. ആദ്യം അവളെ ചേര്‍ത്തത് ഒരു സ്വകാര്യ സ്കൂളിലായിരുന്നു. എന്നാല്‍, ചെലവ് താങ്ങാനാവാത്തതിനാല്‍ പിന്നീട് അവളെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റുകയായിരുന്നു. അവിടെയാണ് അവള്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചത്. പഠനം തുടരണമെന്ന് അവള്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, കൊല്‍ക്കത്തയ്ക്കടുത്തുള്ളൊരു ഗ്രാമത്തിലെ യുവാവുമായി വീട്ടുകാര്‍ അവളുടെ വിവാഹം നിശ്ചയിച്ചു.
അവിടം മുതല്‍ അവളുടെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങള്‍ തുടങ്ങുകയായിരുന്നു. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മംമ്തായുടെ വിവാഹം. വിവാഹം കഴിഞ്ഞ ശേഷം അവര്‍ ചണ്ഡിഗഢിലേക്ക് തിരികെ വരികയും മംമ്തായുടെ മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങുകയും ചെയ്തു. മൂന്നുമാസങ്ങളായപ്പോഴേക്കും ഭര്‍ത്താവിന്‍റെ ഉപദ്രവം തുടങ്ങിയിരുന്നു. പുതിയൊരിടത്ത് തനിച്ച് താമസം തുടങ്ങിയാല്‍ ഇത് ശരിയാകുമെന്ന് അവള്‍ വിശ്വസിച്ചു.
വിവാഹസമയത്ത് മംമ്താ ഒരു കോളേജില്‍ പ്രവേശനം നേടിയിരുന്നു. എന്നാല്‍, കോളേജില്‍ പോകുന്നതില്‍ ഭര്‍ത്താവിന് സംശയമായിരുന്നു. കോളേജില്‍ പോകുന്നത് പുരുഷന്മാരോട് കൊഞ്ചിക്കുഴയുന്നതിന് വേണ്ടിയാണ് എന്നായിരുന്നു ആരോപണം. ഇതു പറഞ്ഞുകൊണ്ട് ദിവസവും വഴക്ക് നടന്നു. പഠിക്കാനുള്ള ആഗ്രഹം ഇതോടെ മംമ്തയില്‍ അവസാനിച്ചു തുടങ്ങി. പുതിയ സ്ഥലത്ത് താമസം തുടങ്ങിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കരുതിയെങ്കിലും എല്ലാം കൂടുതല്‍ വഷളാവുകയായിരുന്നു.
അടുത്തൊരു വീട്ടില്‍ ജോലിക്ക് പോകണമെന്ന് അയാള്‍ മംമ്തയോട് ആവശ്യപ്പെട്ടു. അവള്‍ സമ്മതിക്കുകയും ചെയ്തു. പക്ഷെ, അവിടെയും അയാളവളെ സംശയിച്ചു തുടങ്ങി. അടുത്ത വീട്ടില്‍ താമസിക്കുന്ന പി ജി വിദ്യാര്‍ത്ഥികളുമായി മംമ്തയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ചിട്ടായിരുന്നു ഇത്തവണത്തെ അക്രമം. രണ്ട് വര്‍ഷത്തോളം അയാളവളെ ശാരീരികമായും മാനസികമായും ക്രൂരമായി ഉപദ്രവിച്ചു കൊണ്ടിരുന്നു. അവള്‍ ഗര്‍ഭിണിയായി എട്ടാം മാസമായപ്പോള്‍ അയാളവളെ അവളുടെ വീട്ടില്‍ കൊണ്ടുവിടുകയും ഇനിയവളെ തനിക്ക് വേണ്ടാ എന്ന് അറിയിക്കുകയും ചെയ്തു.
രണ്ട് മാസത്തിനുള്ളില്‍ അവളൊരു മകന് ജന്മം നല്‍കി. കോളേജ് വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് തന്നെ മകനെ വളര്‍ത്താന്‍ നല്ലൊരു ജോലി കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷെ, സ്വന്തം മാതാപിതാക്കള്‍ താനും മകനും ഭാരമാവുന്നത് അവള്‍ക്കിഷ്ടമായിരുന്നില്ല. അങ്ങനെ, അവള്‍ തയ്യല്‍ പഠിക്കുകയും ആ ജോലി ചെയ്യാനും തുടങ്ങി. മകന് നാല് വയസ്സായപ്പോള്‍ അവനെ അടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. അന്നുമുതല്‍, അവള്‍ കുറച്ചുകൂടി മെച്ചപ്പെട്ട ജോലിക്കായി തെരച്ചില്‍ തുടങ്ങി.
അതിനിടെ അവള്‍ അവളുടെ പഴയൊരു ടീച്ചറെ കണ്ടുമുട്ടി. അതവള്‍ക്ക് പുതിയൊരു ജീവിതത്തിന് തുടക്കമായി.
അത് മംമ്തയുടെ ഇംഗ്ലീഷ് ടീച്ചറായിരുന്നു. അവരോട് മംമ്ത തന്‍റെ അവസ്ഥ പറഞ്ഞു. ആ അധ്യാപികയാണ് ‘ഹമാരി കക്ഷ’ എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനെ കുറിച്ച് പറയുന്നത്. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നതിനെ കുറിച്ചും അധ്യാപിക അവളോട് പറഞ്ഞു. അങ്ങനെ മംമ്ത അവിടെ അധ്യാപികയായി. കുട്ടികള്‍ക്കും ഓര്‍ഗനൈസേഷനും മംമ്തയുടെ രീതികള്‍ ഇഷ്ടമായി.
മംമ്ത അവളുടെ ബിരുദ പഠനം വീണ്ടും ആരംഭിച്ചു. 2012 -ല്‍ അവള്‍ ബിരുദം നേടി. ഓര്‍ഗനൈസേഷന്‍റെ സ്ഥാപകയായ അനുരാധയാണ് അവള്‍ക്ക് പഠന സാമഗ്രികളും ഫീസും നല്‍കിയത്. ഹമാരി കക്ഷയിലൂടെ മൂന്ന് വ്യത്യസ്ത സ്കൂളുകളില്‍ മംമ്ത ഇന്ന് അധ്യാപികയാണ്. അതിനൊടൊപ്പം തന്നെ സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ വളണ്ടിയറായും അവള്‍ പ്രവര്‍ത്തിക്കുന്നു.
‘ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ താന്‍ നേരിട്ടു. ഒരുപാട് അനുഭവിച്ചു. പക്ഷെ, അതില്‍ നിന്നൊക്കെ ഞാന്‍ പഠിച്ചൊരു പാഠമുണ്ട്. എന്തൊക്കെ സംഭവിച്ചാലും അതിനെയൊക്കെ തരണം ചെയ്യാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ട് എന്ന്. അങ്ങനെയെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ ജയിക്കാനാകൂവെന്ന്’ മംമ്ത പറയുന്നു.
ഇന്ന് മംമ്തയുടെ മകന്‍ ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.