കോഴി ഫാമില്‍ ഉപ്പിലിട്ടു സൂക്ഷിച്ചിരുന്ന മൃഗങ്ങളുടെ കുടല്‍ പിടികൂടി. ആലമ്പാറ സബ്‌സ്റ്റേഷന് സമീപത്തെ കോഴിഫാമിലാണ് കുടല്‍ ഉപ്പിലിട്ട് സൂക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ‘ബോട്ടി’ എന്ന പേരില്‍ ഭക്ഷ്യാവശ്യത്തിനായി വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചതെന്നാണ് ആരോപണം.
അന്‍പതോളം പ്ലാസ്റ്റിക് വീപ്പകളിലാണ് മൃഗങ്ങളുടെ കുടല്‍ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് ദുര്‍ഗന്ധവും ഈച്ച ശല്ല്യം വര്‍ധിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം കോഴി ഫാമിനുള്ളിലുള്ളവര്‍ പുറത്തുപോയ സമയത്ത് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീപ്പകളുടെ വന്‍ശേഖരം പിടികൂടിയത്.
ആറു മാസത്തിലധികമായി കോഴി ഫാം ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. ഇതിനുശേഷമാണ് ഈ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധവും ഈച്ച ശല്യവും അനുഭവപ്പെടാന്‍ തുടങ്ങിയത്. രണ്ടുമാസമായി വെള്ളനിറത്തിലുള്ള ഈച്ചയെയും കാണാന്‍ തുടങ്ങി. ഈച്ചയുടെ കടിയേല്‍ക്കുന്നവരുടെ ശരീരത്തില്‍ വൃണങ്ങളുണ്ടാവുന്നതും പതാവായി.
ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഫാമില്‍ പരിശോധന ആരംഭിച്ചത്. തമിഴ്‌നാട്ടില്‍നിന്നുമാണ് മൃഗങ്ങളുടെ കുടല്‍ മാലിന്യങ്ങള്‍ വന്‍ തോതില്‍ ഇവര്‍ ശേഖരിക്കുന്നത്. ശേഷം ഇവിടെ എത്തിച്ച് കഴുകി ഉപ്പിട്ട് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പാറശ്ശാല പോലീസിന് പരാതി നല്‍കി. രാത്രി എട്ടര മണിയോടെ സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി സ്ഥാപനയുടമയോട് വ്യാഴാഴ്ച രാവിലെ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു.