സമ്മാനമായി ലഭിച്ച ലംബോര്‍ഗിനി ലേലം ചെയ്ത തുക ഇറാഖി സഭയുടെ പുനരുദ്ധാരണത്തിന് നല്‍കി മാര്‍പാപ്പ.
ലോകപ്രശസ്ത ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി കഴിഞ്ഞ വര്‍ഷം പാപ്പായ്ക്ക് നല്‍കിയ കാറാണ് ലേലം ചെയ്തതും ഇപ്പോള്‍ ആ തുക ഇറാഖിലെ സഭയ്ക്ക് കൈമാറുന്നതും. ഏകദേശം 2,30,000 ഡോളറാണ് കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മിതിക്കായി മാറ്റിവക്കുക.
കത്തോലിക്കാ ചാരിറ്റി സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ നേതൃത്വത്തിലാണ് തകര്‍ന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. യുദ്ധകാലത്ത് തകര്‍ന്നുപോയ ഒരു കിന്‍ഡര്‍ ഗാര്‍ട്ടന്റെയും ഒരു മള്‍ട്ടി പര്‍പ്പസ് സെന്ററിന്റെയും പുനരുദ്ധാരണത്തിനാണ് ഈ തുക ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൊസൂള്‍ നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബാഷികാ എന്ന ഗ്രാമത്തിലാണ് രണ്ട് കെട്ടിടങ്ങളും നിലവിലുള്ളത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമ്മാനം സമാധാനത്തോടെ പരസ്പര സഹകരണത്തില്‍ കഴിയാന്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ഉള്ള ക്ഷണം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം യുദ്ധത്തിന്റെ സമയത്ത് ഇവിടെ നിന്നും പലായനം ചെയ്ത ക്രൈസ്തവര്‍ ഇപ്പോള്‍ തിരികെ മടങ്ങുന്നത് സഭാനേതൃത്വത്തിന് ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ഇവര്‍ക്ക് തകര്‍ന്ന ഭവനങ്ങള്‍ പുതുക്കിപ്പണിയാന്‍ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് സംഘടന ഏറെ സഹായങ്ങള്‍ കൈമാറിയിട്ടുണ്ട്.