Breaking News
Home / Lifestyle / ഇന്ത്യയെ കേരളം പോലെ ആക്കണം കേരളം മുന്നില്‍ നില്‍ക്കണം

ഇന്ത്യയെ കേരളം പോലെ ആക്കണം കേരളം മുന്നില്‍ നില്‍ക്കണം

കേരളത്തിലുള്ളവര്‍ വിദേശത്തും മെട്രോ സിറ്റികള്‍ തേടി മറ്റ് സംസ്ഥാനങ്ങളിലും ജീവിക്കുമ്പോള്‍ ലക്ഷകണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാണ് നമ്മുടെ കേരളം. തൊഴിലിടങ്ങളെല്ലാം അവര്‍ കൈയ്യേറി കഴിഞ്ഞു, എന്ത് ജോലിക്കും നമുക്ക് ബംഗാളിയോ നോര്‍ത്ത് ഇന്ത്യക്കാരനോ തന്നെ ആശ്രയം. ആകര്‍ഷകമായ ജീവിതരീതിയും കൂലിയും തന്നെയാണ് തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതും.

നമ്മള്‍ മലയാളികളോട് കേരളത്തെ സ്നേഹിക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യക്കാരന് പറയാന്‍ ഉള്ളതെന്താണെന്ന് പങ്കുവച്ചിരിക്കുകയാണ് ഇര്‍ഫാന്‍ അബ്ദുള്‍ റൗഫഫ് എന്ന യുവാവ്. ഇര്‍ഫാന്‍ ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട ഉത്തരേന്ത്യക്കാരന്റെ വാക്കുകളിങ്ങനെ:

നമ്മള്‍ മലയാളികളോട് കേരളത്തെ സ്നേഹിക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യക്കാരന് പറയാന്‍ ഉള്ളത്.

ചില ട്രെയിന്‍ യാത്രകള്‍ സുന്ദരമാവാറുള്ളത് കാഴ്ചകള്‍ കൊണ്ടല്ല… ചില വ്യക്തികള്‍, സംസാരങ്ങള്‍, ചില ഓര്‍മ്മപ്പെടുത്തലുകള്‍ കൊണ്ടൊക്കെ ആവാം…ഇന്ന് ട്രെയിനില്‍ ഒപ്പം ഉണ്ടായിരുന്നത് നാസിക്കില്‍ (Nasik, Maharashra) നിന്നും കേരളത്തില്‍ വന്നു വര്‍ക്ക് ചെയ്യുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു…

വെള്ളം വാങ്ങിയപ്പോള്‍ 20 രൂപ വാങ്ങി ഒന്നും മിണ്ടാതെ ബാക്കി തരാതെ പോവുന്ന ട്രയിനിലെ സപ്പ്ലയെര്സിനോട് ചോദ്യം ചെയ്യുന്നത് കണ്ടു ‘നിങ്ങള്‍ മലയാളികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്… നിങ്ങള്‍ എന്നും ഇത്പോലെ ചോദ്യം ചെയ്യണം’ എന്ന് പറഞ്ഞു വന്നതായിരുന്നു ബായി…

തുടര്‍ന്ന് അദ്ദേഹം കേരളത്തെക്കുറിച്ചും നോര്‍ത്ത് ഇന്ത്യയെ കുറിച്ചും വാചാലനായി…കേരളം വ്യത്യസ്തമാവുന്നത് അതിവിടുത്തെ ആള്‍ക്കാരെ കൊണ്ടാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം… ഇവിടുത്തെ ഭാഷയുടെ ബുദ്ധിമുട്ട് കൊണ്ട് മറ്റുള്ളവര്‍ക്ക് എളുപ്പം പഠിക്കാന്‍ പറ്റാത്തതും അത്കൊണ്ട് തന്നെ മറ്റുള്ളവരുടെ കള്‍ച്ചര്‍ അധികം കടന്ന് കയറാത്തതും ആണ് ഇങ്ങിനെ ഇത് നില നില്‍ക്കാന്‍ കാരണം എന്നദ്ദേഹം പറഞ്ഞു…

നോര്‍ത്ത് ഇന്ത്യയില്‍ അവസ്ഥ വളരേ പരിതാപകരം ആണ് എന്നും… അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏത് നിമിഷവും പൊട്ടിയേക്കാവുന്ന മനുഷ്യ ബോംബുകളെ ആണ് ബ്രെയിന്‍ വാഷ് ചെയ്ത് നിര്മിക്കുന്നത്…നിങ്ങള്‍ വളരേ വ്യത്യസ്തരാണ്…നിങ്ങള്‍ പണത്തിനു പുറകെ മാത്രം പോവുന്നവരല്ല…500 രൂപക്ക് ബന്ധങ്ങളെ വില്‍ക്കുകയും കൊല്ലുന്നവരും അല്ല…നിങ്ങള്‍ സന്തോഷവും സമാധാനവും ഉയര്‍ന്ന ജീവിത ശൈലിയും ചിന്താഗതിയും സ്വപ്നം കാണുന്നവരാണ്..

ഇന്ത്യ മുഴുവന്‍ നിങ്ങളുടെ ചിന്താഗതി ആയിരുന്നേല്‍ നന്നായേനെ…പാഠപുസ്തകങ്ങളും ചരിത്രവും പോലും തിരുത്തി അടുത്ത തലമുറയെ അവര്‍ കൂടുതല്‍ വിഡ്ഢികള്‍ ആകുകയാണ്… എനിക്ക് ശരിക്കും പേടിയാണ് എന്റെ മക്കള്‍ അവിടെ വളരുന്നതിനെക്കുറിച്ചു ആലോചിക്കുമ്‌ബോള്‍… അതിനാല്‍ ഫാമിലിയോടെ അധികം വൈകാതെ കേരളത്തില്‍ നില്‍ക്കണം എന്നും… പക്ഷപാതം ഇല്ലാത്ത വിദ്യാഭ്യാസവും ചിന്തകളും മക്കള്‍ക്ക് ലഭിക്കണം എന്നും ആഗ്രഹിക്കുന്നു…

എനിക്ക് കോണ്‍ഗ്രെസ്സിനെകുറിച്ചും സിപിഎംനെ കുറിച്ചും ഭയങ്കര നല്ല അഭിപ്രായം ഒന്നുമില്ല. പക്ഷേ കേരളത്തില്‍ ഇവര്‍ രണ്ടുപേരും വീണ്ടും വ്യത്യസ്തരാണ്. ഇവര്‍ അന്യോന്യം മത്സരിക്കുമെങ്കിലും രണ്ടാളും രണ്ടു പേരുടെയും നിലനില്‍പിന് സഹായം ആണ് ചെയ്യുന്നത്… അത് കേരളത്തിന്റെ സാഹചര്യത്തില്‍ നല്ലതാണ്… മറ്റൊരു പാര്‍ട്ടിക്ക് അവസരം നല്‍കരുത്…മൂന്നാം ലോകമഹായുദ്ധം നടന്നാല്‍ യുദ്ധം കഴിയും വരെ ചൊവ്വയില്‍ നില്‍ക്കാം എന്ന് Elon musk പറഞ്ഞത് പോലെയാണ് കേരളത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഒക്കെ പ്രതീക്ഷ…താഴെ ഒരു സംസ്ഥാനം ചുറ്റും നടക്കുന്നതിനെ ഒക്കെ സുന്ദരമായി എതിര്‍ത്ത് തന്റേടത്തോടെ നില്കുന്നു എന്നത് പോലും നമുക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്…

ഇവിടുത്തെ ആള്‍ക്കാര്‍ക്ക് എല്ലാത്തിനെയും നല്ലതിന് വേണ്ടി ഉപയോഗിക്കാന്‍ അറിയാം…മുകളില്‍ അങ്ങിനെയല്ല… ഫേസ്ബുക്കും വാട്സപ്പും പോലും എങ്ങിനെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ പറ്റും എങ്ങിനെ വോട്ട് നേടാന്‍ പറ്റും എങ്ങിനെ സാധാരണക്കാരെ വിഡ്ഢികള്‍ ആകാന്‍ പറ്റും എന്നാണ് അവര്‍ നോക്കുന്നത്… പതിയെ അത് താഴോട്ടും വരുന്നുണ്ട്… സമ്മതിക്കരുത്…

ആല്‍ഫ്രഡ് നോബല്‍ തന്റെ വരുമാനത്തില്‍ നിന്നും നോബല്‍ സമ്മാനം തുടങ്ങാന്‍ ഉണ്ടായ സാഹചര്യം അറിയാല്ലോ… ആള്ക്കാര് വീടുണ്ടാക്കാനും മറ്റും കഷ്ടപ്പെട്ട് സ്ഥലം നിരപ്പാക്കുമ്‌ബോള്‍ പാറ പൊട്ടിക്കേണ്ടി വരുന്നത് കണ്ടു സഹായിക്കാന്‍ ആയിരുന്നു അദ്ദേഹം dynamite കണ്ടു പിടിച്ചത്.. എന്നാല്‍ അത് കാരണം ആള്‍കാര്‍ മരിച്ചു…ആള്‍കാര്‍ അത് നല്ലതിനേക്കാള്‍ മോശം കാര്യത്തിന് ഉപയോഗിക്കാന്‍ തുടങ്ങി…നോബല്‍ സമ്മാനം വരും കാലഘട്ടത്തിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു ഓര്‍മ്മപെടുത്തലാണ്…

എത്ര നല്ല കാര്യവും കണ്ടുപിടിച്ചാല്‍ മാത്രം പോരാ, അത് നല്ല കൈകളിലാണ് എന്ന് ഉറപ്പ് വരുത്തണം എന്നത്…ആള്‍ക്കാരുടെ ചിന്താഗതി മാറ്റുക എന്നത് മാത്രമാണ് അതിന് പോംവഴി… കേരളത്തില്‍ അത് ഒരുപരിധി വരെ നടക്കുന്നുണ്ടെങ്കില്‍…ചുറ്റും അത്പോലെ മാറ്റാന്‍ പറ്റും… ഇന്ന് സോഷ്യല്‍ മീഡിയകള്‍ നൊബേലിന്റെ dynamite പോലെയാണ്…കുറച്ചെങ്കിലും മാന്യമായി ഉപയോഗിക്കുന്നത് നിങ്ങളാണ്…നിങ്ങള്‍ മുന്നില്‍ നിന്ന് ചിലതൊക്കെ മറ്റുള്ളവരെ പഠിപ്പിക്കേണ്ടതുണ്ട്…ഈ കാലഘട്ടം അതാവശ്യപെടുന്നുണ്ട്… നിങ്ങള്‍ കൂടുതല്‍ കേന്ദ്ര സ്ഥാനങ്ങളിലേക്ക് വരണം…

എനിക്ക് അറിയില്ല നിങ്ങളോട് ഇതൊക്കെയും പറഞ്ഞിട്ട് എത്രത്തോളം കാര്യമുണ്ടെന്ന്… എങ്കിലും ഞാന്‍ പറയും…നിങ്ങളും ഇത് മറ്റുള്ളവരോട് പറയണം… എന്റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും അവരവരുടെ നാട്ടില്‍ തന്നെ നിന്ന് സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും പറ്റണം…ഇന്ത്യയെ കേരളം പോലെ ആകണം…അതിന് എല്ലാരും പണിയെടുക്കണം…കേരളം മുന്നില്‍ നില്‍ക്കണം…

അദ്ദേഹം പിന്നെയും ഒരുപാട് സംസാരിച്ചു…പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പേര് ചോദിച്ചു…’ഇര്‍ഫാന്‍’..അത് കേട്ടു ഞാന്‍ ചിരിച്ചുപോയി…ചിന്തകളും പ്രൊഫഷനും മാത്രമല്ല പേരും ഒരുപോലെ ഉള്ള അദേഹത്തിന്റെ ഒപ്പം ഒരു ഫോട്ടോ എടുത്തു…അദ്ദേഹം പറഞ്ഞത് എന്നാലാവുന്നത് പോലെ ഞാനും മറ്റുള്ളവരോട് പറയാം എന്നെ ഏറ്റു… കേരളം അദ്ദേഹം പറഞ്ഞ തോതില്‍ പെര്‍ഫെക്ട് ആണെന്ന അഭിപ്രായം ഇല്ലെങ്കിലും…നമ്മള്‍ ഒരുപാട് ബെറ്റര്‍ ആണ്… എന്നും ആയിരിക്കണം… ചോദ്യം ചെയ്ത് കൊണ്ടേ ഇരിക്കണം… പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ജനത…അത് മാത്രമാണ് കേരളത്തെ വ്യത്യസ്തമാകുന്നത്…

ഇനി നേരില്‍ കാണുമോ എന്നറിയില്ല… എങ്കിലും എല്ലാവരുടെയും നല്ലത് മാത്രം ആഗ്രഹിക്കുന്ന…നല്ലതിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്ന…പിന്‍പറ്റാന്‍ മടി ഇല്ലാത്ത… ഇത്പോലെ ചിലരെ കാണുന്നത് നമുക്കും പ്രതീക്ഷയാണ്.

About Intensive Promo

Leave a Reply

Your email address will not be published.