കഴിഞ്ഞ ദിവസം പുലർച്ചെ മുന്നേമുക്കാലിനാണ് തിരുവനന്തപുരത്തു നിന്നെത്തിയ കെ എസ് ആർ ടി സി മിന്നൽ ബസിൽ തൊടുപുഴയിൽ നിന്നും കട്ടപ്പനക്കു യാത്ര തിരിച്ചത്. എല്ലാ സീറ്റിലും റിസർവ് ചെയ്തതും അല്ലാത്തതുമായ യാത്രക്കാരുണ്ടായിരുന്നു. താടി നീട്ടിവളർത്തിയ കണ്ടക്ടറെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ബസ് പുറപ്പെട്ട് കുറേക്കഴിഞ്ഞിട്ടും ഇരിക്കാതിരുന്ന കണ്ടക്ടർ ബസിന്റെ കമ്പിയിൽ തൂങ്ങി നിന്ന് ചെറുതായി മയങ്ങുന്നതു കണ്ട് ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്,
രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് തിരുവനന്തപുരത്തു നിന്നും തൊടുപുഴ വരെ ബസോടിച്ച ശേഷം തൊടുപുഴയിലെത്തി ടിക്കറ്റ് മെഷീൻ കയ്യിലേന്തിയ ഡ്രൈവർ കം കണ്ടക്ടർ തന്റെ സീറ്റു കൂടി ഒരു യാത്രക്കാരനു നൽകിയ ശേഷമാണ് അവിടെ നിൽക്കുന്നത്. വേണമെങ്കിൽ ഒരു യാത്രികനെ കുറച്ച് അദ്ദേഹത്തിന് തന്റെ സീറ്റിലിരിക്കാമായിരുന്നു.അതു ചെയ്യാത്ത കണ്ടക്ടറോട് ബഹുമാനം തോന്നിയപ്പോഴാണ് അടുത്ത സംഭവം. മൂലമറ്റത്തു നിന്നും നാടുകാണി വരെയുള്ള 12 ഹെയർ പിൻ വളവുകൾ അവസാനിക്കാറായപ്പോൾ ബസിനുള്ളിൽ മധ്യഭാഗത്തു നിന്നും അലറുന്ന പുരുഷശബ്ദം.
നാൽപ്പത് വയസു തോന്നുന്ന ഒരാൾ ഛർദിയോടു ഛർദ്ദി. അയാളുടെ കയ്യിൽ ഒരു പ്ലാസ്റ്റിക്ക് കുടും. മയക്കത്തിലായിരുന്ന യാത്രക്കാരെല്ലാം ഞെട്ടിയുണർന്ന് അസ്വസ്ഥരായി. അരിച്ചു കയറുന്ന തണുപ്പിനെ വകവെക്കാതെ ബസിന്റെ ചില്ലുകളെല്ലാം തുറക്കപ്പെട്ടു. അങ്ങിങ്ങായി യാത്രക്കാരുടെ നീരസ ശബ്ദം. അപ്പോഴാണ് കണ്ടക്ടറുടെ വരവ്.
തനിക്ക് പുറകിലെങ്ങാനും പോയിരിക്കാമായിരുന്നില്ലേ, അല്ലെങ്കിൽ, തനിക്ക് നേരത്തേ പറഞ്ഞൂടായിരുന്നോ എന്നിങ്ങനെയൊക്കെയാകും കണ്ടക്ടർ പറയുക എന്നു ഞാനൂഹിച്ചു. പക്ഷേ കണ്ടക്ടർ അയാളോട് ആശ്വാസവാക്കുകൾ ചൊരിഞ്ഞു. ‘ഈ റൂട്ടിലെ യാത്ര കൊണ്ട് സംഭവിക്കുന്നതാണ്, എനിക്കു പോലും മനം മറിയാറുണ്ട്’ എന്നൊക്കെ ചിരിച്ച മുഖത്തോടെ കണ്ടക്ടർ പറഞ്ഞപ്പോൾ ഞാൻ അൽപ്പം ചെറുതായപോലെ തോന്നി. വീണ്ടും തെളിഞ്ഞ നൻമയുടെമുഖം. തുടർന്ന് ഇടുക്കി വനം പിന്നിടുന്ന സമയമത്രയും അദ്ദേഹം കമ്പിയിൽ തൂങ്ങി നിന്ന് യാത്ര ചെയ്തു.
പിന്നീട് ഞാനിക്കാര്യം എന്റെ സുഹൃത്തായ തൊടുപുഴയിലെ ksrtc ഡ്രൈവർ ഷാജിയോടു പറയുകയും അദ്ദേഹം കണ്ടക്ടറുടെ നമ്പർ ശേഖരിച്ച് എനിക്കു തരികയും ഈ വിവരം മിന്നലിലെ ഡ്രൈവർ കം കണ്ടക്ടർ കൂടിയായ ശ്രീ കെ ഐ നൗഷാദിനോടു പറയുകയും ചെയ്തു. ഞാൻ പിന്നീട് അദ്ദേഹത്തെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞപ്പോൾ ‘നമ്മളൊന്നും പ്രതീക്ഷിച്ചല്ലല്ലോ സർ ഇതൊന്നും ചെയ്യുന്നത് ‘ എന്നായിരുന്നു മറുപടി.( ഇത്തരം നൻമകൾ ഉറക്കമിളച്ച് ജോലി ചെയ്യുന്ന എല്ലാ വിഭാഗം തൊഴിൽ മേഖലകളിലുമുണ്ട്, പോലീസുൾപ്പെടെ, എന്നതും മറക്കുന്നില്ല.)
ഞാൻ ആവശ്യപ്പെട്ട പ്രകാരം അയച്ചു തന്ന ഫോട്ടോയിൽ വലത്തേയറ്റം ശ്രീ കെ ഐ നൗഷാദ്. കൂടെയുള്ളത് അന്നുണ്ടായിരുന്ന സഹപ്രവർത്തകൻ ശ്രീ വി എം ജോസഫ്. സ്നേഹത്തോടെ…….
© Sanal Chakrapani C