Breaking News
Home / Lifestyle / മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ; ഇന്ത്യൻ മനസ്സുകളിൽ ഇന്നും ജ്വലിക്കുന്ന ഒരോർമ്മ

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ; ഇന്ത്യൻ മനസ്സുകളിൽ ഇന്നും ജ്വലിക്കുന്ന ഒരോർമ്മ

ഇരുപത്തിയാറു/പതിനൊന്നു (26/11) എന്ന വാക്കാണ്‌ കഴിഞ്ഞ കുറെ നാളുകളില്‍ ഭാരതീയര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത്. ഇതൊരു തീയതിയാണ് ഭാരതത്തിന്റെ ആത്മാഭിമാനത്തിനു മുകളില്‍ കനത്ത കളങ്കം എല്പ്പിക്കുവാന്‍ പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ചിലര്‍ മുംബൈ യില്‍ എത്തിചേരുകയും ഭാരതത്തിനു മുകളില്‍ ഭീകരാക്രമണം നടത്തുകയും ചെയ്ത ദിവസമാണത്.

മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതത്തിന്‍റെ അഭിമാനം ലോകത്തിനു മുന്‍പില്‍ ചോദ്യം ചെയ്യപ്പെട്ടു. ലോക മാധ്യമങ്ങള്‍ ആ ദൃശ്യങ്ങള്‍ ഒരു ആക്ഷന്‍ സിനിമ കാണിക്കുന്ന ലാഘവത്തോടെ സംപ്രേക്ഷണം ചെയ്തു,ഇതൊക്കെ കണ്ടു ദേശ ദ്രോഹികളായ ചിലര്‍ ചിരിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരത സൈന്യം പ്രത്യാക്രമണം തുടങ്ങി,ഒടുവില്‍ കനത്ത പോരാട്ടത്തിനൊടുവില്‍ നാം ഭീകരവാദികളെ കീഴ്പ്പെടുത്തുക തന്നെ ചെയ്തു. അതിനു നാം നല്‍കേണ്ടി വന്ന വില കനത്തതായിരുന്നു.

ഇന്ത്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തെ ചെറുത്തു തോല്‌പിയ്‌ക്കാന്‍ ചില ധീരരുടെ സേവനം രാജ്യത്തിന്‌ ആവശ്യമായിരുന്നു. അതിന്‌ വേണ്ടി സ്വന്തം ജീവന്‍ നല്‌കിയാണ്‌ മലയാളിയായ മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണൻ തന്റെ കടമ പൂര്‍ത്തിയാക്കിയത്‌. ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻറെയും ധനലക്ഷ്മിയുടെയും മകനാണ് സന്ദീപ്. ഉൽസൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിലാണ് സന്ദീപ് തന്റെ 14 വർഷം നീണ്ട വിദ്യാഭ്യാസ ജീവിതം നയിച്ചത്. 1995-ൽ ഇവിടെനിന്ന് ശാസ്ത്രത്തിൽ ബിരുദവും നേടി. പഠനകാലത്ത് കായിക ഇനങ്ങളിൽ ഏറെ താല്പര്യം കാണിച്ചിരുന്ന സന്ദീപ് സ്കൂളിലെ മികച്ച ഓട്ടക്കാരനായിരുന്നു.

1995-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പഠനത്തിനുശേഷം 1999-ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെൻറിൽ ചേർന്നു. കരസേനയിലെ സൈനികജീവിതത്തിനിടയിൽ ജമ്മു കശ്മീർ, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനം നേരിടാനും അദ്ദേഹം നിയോഗിക്കപ്പെട്ടു. 2007 ജനുവരി മുതൽ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു. അവിടെ അദ്ദേഹം 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

2008-ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. രാജ്യത്തെ നടുക്കിയ മുംബൈ ആക്രമണത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു താജിന്റെ നിയന്ത്രണം ഏറ്റെടുത്ത ഭീകരരെ കീഴടക്കുകയെന്നത്‌. ആ ദൗത്യത്തിന്‌ ഇറങ്ങിത്തിരിയ്‌ക്കും മുമ്പേ തന്റെ അമ്മയെ വിളിച്ച്‌ ഇക്കാര്യം പറയാന്‍ സന്ദീപ്‌ മറന്നില്ല. “അമ്മേ ഞങ്ങളിപ്പോള്‍ താജ്‌ ഹോട്ടലിലെത്തും. ഇവിടെയെങ്ങും നിറയെ ചാനലുകാരാണ് അമ്മ ടിവി കണ്ടോളൂ. ചിലപ്പോള്‍ എന്നെ കാണാം.” ആവേശമുറ്റിയ സന്ദീപിന്റെ വാക്കുകള്‍ അമ്മ ധനലക്ഷ്‌മി അഭിമാനത്തോടെയാണ്‌ കേട്ടത്. പിന്നീട്‌ താജിനുള്ളിലേക്ക്‌ കയറുന്ന മകന്റെ ദൃശ്യങ്ങള്‍ ധനലക്ഷ്‌മി ടിവിയില്‍ കണ്ടിരുന്നു.

26-നു രാത്രി പത്തുമണിക്കു ശേഷമാണ്‌ മുംബൈയില്‍ തീവ്രവാദി ആക്രമണം നടക്കുന്ന സ്‌ഥലത്തേക്ക്‌ പോകുന്നതിന്‌ വേണ്ടി അടിയന്തരമായി തയാറാകണമെന്ന്‌ സന്ദേശം എത്തിയത്‌. മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ തൊണ്ണൂറുപേരടങ്ങുന്ന സംഘം മുംബൈയിലേക്കു തിരിച്ചു. ഏഴു മണിക്കാണ്‌ സന്ദീപും സംഘവും താജ്‌ ഹോട്ടല്‍ കെട്ടിടത്തില്‍ കടന്നത്‌. പിന്നീടുള്ള ഒരോ നിമിഷവും നിര്‍ണായകമായിരുന്നു.

ആറു നിലകളില്‍ 565 മുറികളാണ്‌ താജ്‌ ഹോട്ടലിലുള്ളത്‌. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ഉന്നതരായ നിരവധി പേര്‍ അക്രമം നടന്ന സമയത്ത്‌ താജില്‍ അകപ്പെട്ടിരുന്നു. ഏതു മുറിയിലാണു തീവ്രവാദികള്‍ പതുങ്ങിയിരിക്കുന്നതെന്ന്‌ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ ബ്ലാക്ക്‌ ടൊര്‍ണാഡോ എന്നു പേരിട്ട ഓപറേഷന്‍ ആരംഭിക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള വസാബി റസ്‌റ്റോറന്റ്‌ വഴി ആറാം നിലയിലെത്തിയ സംഘം രണ്ടു നിലകളിലുള്ള താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ഓപ്പറേഷന്‍ ടൊര്‍ണാഡോ ഒരു ദിവസം പിന്നിട്ടപ്പോഴേക്കും സംഘാംഗങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങി. തുടര്‍ച്ചയായി സഹപ്രവര്‍ത്തകര്‍ക്കു പരുക്കേല്‍ക്കുന്നതു സന്ദീപ്‌ ഉണ്ണികൃഷ്‌ണനെ വല്ലാതെ സമ്മര്‍ദത്തിലാഴ്‌ത്തിയിരുന്നതായി അന്ന് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ അഖിലേഷ് ഓർമ്മിക്കുന്നു. 28-നു തനിച്ചാണ്‌ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്‍ തീവ്രവാദിയെ നേരിടാന്‍ മുകള്‍നിലയിലേക്കു നീങ്ങിയത്‌.

അരണ്ട വെളിച്ചത്തില്‍ പതിയിരുന്ന തീവ്രവാദി സന്ദീപിന്റെ ശരീരത്തിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. സന്ദീപ്‌ തിരിച്ചുവരാന്‍ താമസിച്ചപ്പോള്‍ നരിമാന്‍ ഹൗസിലെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയെത്തിയ കമാന്‍ഡോകളും ഒപ്പം ചേര്‍ന്നാണ്‌ അവസാന തീവ്രവാദിയേയും കൊലപ്പെടുത്തിയത്‌.

നവംബർ 29-ന് ബാംഗ്ലൂരിലെ വസതിയിലെത്തിച്ച സന്ദീപിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ഒരേയൊരു മകനെ നഷ്ടപ്പെടുമ്പോഴും പിതാവ്‌ ഉണ്ണികൃഷ്ണന്‍ ചോദിയ്‌ക്കുന്നത്‌ ഇങ്ങനെയാണ്‌ – എന്തിന്‌ ഞാന്‍ കരയണം? ഇതെന്റെ വ്യക്തിപരമായ നഷ്ടമല്ല, രാജ്യത്തിന്റെ നഷ്ടമാണ്‌. ഇപ്പോള്‍ ഞാന്‍ കരയുന്നത്‌ അവനൊരിയ്ക്കലും ഒരിയ്‌ക്കലും ഇഷ്ടപ്പെടില്ല, രാജ്യത്തിനായി അവനിത്‌ ചെയ്‌തു എന്ന്‌ ഞാന്‍ പറയുന്നതാവും അവന്റെ ഇഷ്ടം – ഉണ്ണികൃഷ്ണന്‍ പറയുന്നു.

പുതു തലമുറയ്ക്ക് തേങ്ങുവാന്‍ മാത്രമുളള ഒരു ഓര്‍മ്മയല്ല സന്ദീപ്‌ ,മറിച്ച് ഒരു പുത്തന്‍ ഉണ്മേഷത്തിന്റെ ,ഒരു തിരിച്ചറിവിന്റെ അടയാളമാകട്ടെ സന്ദീപ്‌… മരണത്തിന്റെ പിറ്റേന്ന് പത്രങ്ങളില്‍ അച്ചടിച്ച്‌ വന്ന സന്ദീപിന്റെ ചിത്രത്തില്‍ ഒരു ശക്തിയേറിയ നിശ്ചയത്തിന്റെ പ്രഭാവം ഉണ്ടായിരുന്നു …ലോകം കീഴടക്കാനുള്ള ഒരു വാശി അല്ലെങ്കില്‍ എന്തോ പുതിയതായി കാംഷിച്ച ഒരു ഹൃദയം ..ജന്മനാടിന്റെ ഹൃദയ നൊമ്പരങ്ങളില്‍ സൌഖ്യ ദായകനായി എത്തി ഒടുവില്‍ ഒരു നൊമ്പരമായി മാറിയവന്‍ -സന്ദീപ്‌. ധീരതക്കുള്ള പരമോന്നത ബഹുമതിയായ `അശോക ചക്ര‘ മരണാനന്തര ബഹുമതിയായി സന്ദീപ് ഉണ്ണികൃഷ്ണന് പിന്നീട് ലഭിച്ചു.

സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെയുള്ള രാജ്യ സ്നേഹികളുടെ ബലിദാനത്തിലാണ് എന്നും ഭാരതത്തിന്‍റെ അഭിമാനം കുടികൊള്ളുന്നതെന്ന സത്യം ഭരണ കര്‍ത്താക്കള്‍ മനസിലാക്കണം,ഓരോ ഈ ആക്രമണത്തിന്റെ വാര്‍ഷിക വേളകളില്‍ മാത്രം അല്ല ഓരോ നിമിഷവും നമുക്കോര്‍ക്കാം ഈ രാജ്യ സ്നേഹിയെ ധീര യോദ്ധാവിനെ … മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ… ഞങ്ങൾ ഈ നിമിഷം താങ്കളെ അനുസ്മരിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലികൊടുത്ത് ഞങ്ങളുടെ അഭിമാനം കാത്തുസൂക്ഷിച്ച അങ്ങയുറ്റെ ഓർമകൾക്ക് മുൻപിൽ ഞങ്ങൾ ഒരായിരം ഓർമപൂക്കൾ അർപ്പിക്കുന്നു.

ഇവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മീഡിയകൾ.

About Intensive Promo

Leave a Reply

Your email address will not be published.