Breaking News
Home / Lifestyle / മുപ്പത്‌ ദിവസത്തെ ലീവ്‌…!! ഉമ്മയോടൊപ്പം ഒരു ബുള്ളറ്റ്‌ യാത്ര..!!

മുപ്പത്‌ ദിവസത്തെ ലീവ്‌…!! ഉമ്മയോടൊപ്പം ഒരു ബുള്ളറ്റ്‌ യാത്ര..!!

മുപ്പത്‌ ദിവസത്തെ ലീവ്‌…
അതിൽ തന്നെ ആദ്യത്തെരണ്ടാഴ്ച്ച കുടുംബക്കാരുടെയും സുഹുർത്തുക്കളുടേയും കൂടെയുള്ള വിരുന്നിൽ തീർന്നു കിട്ടി…

പിന്നീട്‌ വിരലിൽ എണ്ണാവുന്നത്ര ദിവസങ്ങൾ മാത്രം..
ഒരു വർക്കിംഗ്‌ ഡേ..
ഉമ്മാന്റെ ജോലിയൊക്കെ രാവിലെ പതിനൊന്ന് ആവുമ്പോഴേക്കും കഴിഞ്ഞു എന്നറിഞ്ഞപ്പോൾ അൽഭുതം തോന്നി..

“ഉമ്മ ഞമ്മക്കിന്ന് പുറത്ത്‌ പോയാലോ..”
“എങ്ങട്ടേക്ക്‌ ”
“എങ്ങട്ടേക്കെങ്കിലും പോവാ ഉമ്മ വേം മാറ്റി വരി..”
“ആ എന്നാ അമ്മായിന്റെ വീട്ടിലേക്ക്‌ പോവാ കൊറേ ആയി പോയിട്ട്‌..”
“ആ പോവാ..”

മൊഞ്ച്‌ മറഞ്ഞ ഉമ്മാന്റെ വയസ്സിലെന്ത്‌ പത്രാസ്സ്‌ അല്ലെ..
ഞാൻ മാറ്റി ഒരു ജീൻസും ടി ഷർട്ടുമിട്ടു,
ഉമ്മ ദേ ഞാൻ ഗൾഫിന്ന് വരുമ്പോ പ്രെത്യേകമായി കൊണ്ടു വന്ന ആ പർദ്ധ ഇട്ടു വന്നിരിക്കുന്നു..

“പോവാ എന്നാൽ..”
“ഇങ്ങക്ക്‌ പർദ്ധ മാത്രോ ഉള്ളോന്നി..”
“ആ ഇത്‌ മതി കല്യാണം ഒന്നും അല്ലല്ലോ..”
“ഹ്മ്മ് ആയിക്കോട്ടെ..”

അങ്ങനെ ഉമ്മാനേം കൊണ്ട്‌ ഞാൻ ഇറങ്ങി..എവിടെ പോകാണെങ്കിലും നമ്മളെ ഉമ്മാമാരുടെ ബാഗിൽ ഒരു കുട ഉണ്ടാകും,മഴയാണെങ്കിലും വെയിൽ ആണെങ്കിലും..ആ പതിവ്‌ ഉമ്മച്ചി തെറ്റിചില്ല..
ഒടുക്കം അമ്മായിയുടെ വീട്ടിലെത്തി ,
അവരുടെ നാട്ടു വർത്തമാനങ്ങളൊക്കെ കയിഞ്ഞു സലാം പറഞ്ഞു പിരിഞ്ഞപ്പോ സമയം മൂന്ന്ന് ആയിട്ടുള്ളൂ..

“ഉമ്മ ഞമ്മക്ക്‌ ടൗണിലേക്ക്‌ പോവാ വെർതെ ”
“പോ ഇവനെ അത്‌ ഇയ്യ്‌ കല്യാണം കയിചിട്ട്‌ ഓളായിട്ട്‌ പൊയ്ക്കോ..”
“അതപ്പളല്ലേ,ഇങ്ങൾ വരി എപ്പളും വീട്ടിൽ തന്നല്ലെ ഒന്ന് പുറത്തൊക്കെ പോയി വരാ..”

ഉമ്മ സമ്മതം മൂളി..
നേരെ തിരിച്ചു കോഴിക്കോട്‌ എസ്‌ എം സ്റ്റ്രീറ്റിലേക്ക്‌…
കടകളിൽ നിറച്ചു വെച്ച വർണ്ണങ്ങൾ നിറഞ്ഞ ചുരിദാറിലും സാരിയിലും ഒന്നും ഉമ്മാന്റെ കണ്ണുകൾ വീണില്ല പകരം:

“മോനെ നോക്ക്‌ ന്ത്‌ രസള്ള പർദ്ധ ആല്ലെ,ഭയങ്കര വില ആവും..”
“ഇങ്ങക്ക്‌ വേണൊ ”
“ആ വെറുതെ പൈസ കളയാനായിട്ട്‌ ന്തിനാ ഇപ്പോ..ഇതന്നെ മതി..”

ഉമ്മ വേഗം വിഷയം മാറ്റി…
അല്ലെങ്കിലും ഉമ്മമാരങനാണല്ലോ,എല്ലാത്തിനേം പറ്റി വാ തോരാതെ പറയുമെങ്കിലും അതിലേക്കടുക്കുമ്പോൾ വേണ്ടായെന്ന് പറയുന്ന്നൊരു പ്രെത്യേക മനസ്സ്‌..

“നെസിയുടെ മോന്റെ തുണി ഷോപ്പ്‌ ഇയിന്റെ ഉള്ളിൽ എവിടോ ആടാ,നമ്മളെ അസ്നന്റെ കലാണത്തിനു ഡ്രസ്സ്‌ എടുക്കൻ ഓല കൂടെ ഞാനും വന്നീനു..”
“ഉമ്മാ ആ കല്യാണം കയിഞ്ഞിട്ട്‌ ഒരു കൊല്ലം കയിഞ്ഞീലെ ഓനിപ്പം വേറെ എവിടോ ആണു ജോലി..”

പാവം,
അന്നത്തെ ശേഷം ഇപ്പഴ ഇവിടെ വരുന്നത്‌ തന്നെ…
“ഉമ്മാക്ക്‌ ദാഹിക്കുന്നുണ്ടോ..”
“ആ വെള്ളം എന്തെങ്കിലും കുടിക്കാ എന്നാൽ ”

കൂൾ ബാറിൽ കയറി ഓർഡർ ചെയ്തു..
“തണുപ്പ്‌ കൊറച്ച്‌ മതി മോനെ തൊണ്ട കേടാവും..”

ഗൾഫിലുള്ളപ്പോ ഉമ്മാനെ വിളിക്കുമ്പോ കേൾക്കാറുള്ള സ്ഥിരം ഉപദേശങ്ങളിലൊന്ന്..
അങ്ങനെ ഞാനൊരു ഷാർജ്ജ ഷെയ്ക്കും കുടിച്ചു ഉമ്മച്ചി പൈനാപ്പിളും..
ഗ്ലാസ്സ്‌ മുഴുമിക്കാതെ ഒരു സിപ്പ്‌ കൂടി ബാക്കി വെച്ച്‌ ഉമ്മ പറഞ്ഞു:
“മതി ”
കളയണ്ടാ എന്നു കരുതി ഞാനതു കുടിച്ചു..
ഉമ്മ കുടിച്ചതിന്റെ ബാക്കി…വല്ലാത്ത രുചി,നാവിലൂടെ ഒലിച്ചിറങ്ങിയത്‌ ഖൽബിലേക്കായ പോലെ തോന്നി..

വീണ്ടും നീങ്ങി..
മാനാഞ്ചിറ സ്ക്വെയറിലേക്ക്‌ കയറിയതും ഉമ്മ പറഞ്ഞു:
“ഇയ്യൊക്കെ കൊറേ ചെറുപ്പത്തിൽ എല്ലാ ആഴ്ച്ചയും എന്റേം ഉപ്പാന്റേം കൂടെ വരുന്ന സ്ഥലല്ലെ,ഇപ്പോ ആകെ മാറിക്ക്ണൂ ഇതിന്റെ കോലം..”
“എന്നാ ഉമ്മ വരി നല്ല രസള്ള പുല്ലൊക്കെ ഇണ്ട്‌ ഇവിടെ..”

അതും പറഞ്ഞു നടന്നു..ഒരിടത്ത്‌ ഇരിപ്പുറപ്പിച്ചു..
ഉമ്മാന്റെ മടിയിൽ തലവെച്ച്‌ കുറച്ച്‌ നേരം കിടന്നു..
നല്ല കാറ്റ്‌…അസ്തമയ സൂര്യന്റെ മൊഞ്ചുള്ള നിറം ആകാശം നിറയെ..
അതിനേക്കാളേറെ മൊഞ്ച്‌ എന്റെ ഉമ്മാന്റെ മുഖത്തിനും..
പണ്ട്‌ ഒളിച്ചു കളിച്ചു ആൾകൂട്ടത്തിനിടയിൽ എന്റെ മോനെ കാണാതായോ എന്നോർത്ത്‌ വെപ്രാളത്തോടെ എന്നെ തേടി ഉമ്മ അലഞ്ഞു നടന്ന കഥകൾ അവിടെ വെച്ചാ അറിഞ്ഞത്‌..

ചുറ്റും പല തരം ആൾക്കാർ,
കാമുകി കാമുകന്മാർ,
ഒറ്റയ്ക്കിരിക്കുന്നവർ,വയസ്സന്മാർ,ഭാര്യ ഭർത്താക്കന്മാർ അങ്ങനെയങ്ങനെ ഒരുപാട്‌…
പക്ഷെങ്കിൽ.
അതിൽ നിന്ന് ഞാനും എന്റെ ഉമ്മയും വേറിട്ടു നിന്നു..സ്നേഹം കൊണ്ടാണെങ്കിൽ അങ്ങനെ…

എസ്കലേറ്റർ കയറാൻ പേടിയാണെന്ന് പറഞ്ഞപ്പോ മാളിലേക്ക്‌ കയറിയില്ല..
അതിന്റെ പുറത്തെ കാഴ്ചകളിൽ മിന്നായം പോലെ കണ്ണുടക്കി പിന്നെയും നീങ്ങി..
അവിടെ വെച്ചെന്റെ പഴയ ഫ്രീക്കൻ സുഹുർത്തിനെ കണ്ടപ്പോൽ ഉമ്മ പറഞ്ഞു:
“ന്ത ത്താ കുഞ്ഞോനെ ഓന്റെ തല കുറ്റി ചൂൽ പോലെ..”
അത്‌ കേട്ട സുഹുർത്ത്‌ അതുവരെ അവന്റെ മുഖത്ത്‌ ഞാൻ കാണാഞ്ഞൊരു നാണവും ചടപ്പും കണ്ടു..
ഉമ്മമാരുടെ പവറാണത്‌ എന്നു ഞാൻ മനസ്സിലാകി..

“ഉപ്പച്ചി വരും മോനെ ഞമ്മക്ക്‌ പോവാ..”
“നിക്കുമ്മാ,ഇങ്ങക്കിനി എന്താ വേണ്ടേ,ഒന്നും വാങ്ങില്ലല്ലോ വന്നിട്ട്‌..”
“ഇയ്യൊന്ന് പോയെ,വേം പോയിട്ട്‌ വേണം കൂട്ടാൻ തിളപ്പിക്കാൻ,മഗ്രിബ്‌ ബാങ്ക്‌ വിളിച്ചാ പിന്നെ ഒന്നും നേരം കാലോം ഇല്ലാണ്ടാവും അയിന്റെ മുന്നെ എത്തണം..”

“ഹ്മ്മ് ന്നാ ഇങ്ങൾ കയറി വണ്ടീൽ..”
അങ്ങനെ ഉമ്മ ബൈക്കിൽ കയറി..നേരെ ബീച്ച്‌ റോഡിലൂടെ ഒരു സഫാരി..
നല്ല ഉഗ്രൻ സഫാരി..അതും 30 സ്പീഡിൽ പതിയെ..അപ്പഴാ ഉമ്മ പറഞ്ഞത്‌:

“കുഞ്ഞോനെ ഉപ്പിലിട്ടത്‌ വാഗ്യാലോ ”
“അല്ലാഹ്‌ ഇപ്പളെങ്കിലും ഉമ്മയൊന്ന് പറഞ്ഞല്ലോ..”
വണ്ടി നിർത്തി സുർക്ക കൊണ്ട്‌ സ്വർഗ്ഗം പണിത ആ ഭരണിക്കുള്ളിൽ നിന്നും നെല്ലിക്കയും മാങ്ങയും ക്യാരറ്റും കവറിൽ അതിന്റെ നീരും ചേർത്ത്‌ വാങ്ങി..

ഉമ്മ ഒരുപാട്‌ സന്തോഷത്തിലാ ഇപ്പോ എന്നെനിക്ക്‌ തോന്നി..
ഉമ്മാനേം കൊണ്ട്‌ നമ്മൾ യാത്ര തുടങ്ങിയാൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു ഉൾവലി മനസ്സിൽ വന്നിരിക്കും..
വണ്ടിയുടെ വേഗം കുറയ്ക്കും,
പക്വത കൈവരും,
എല്ലാ മനുഷ്യരിലേക്കും നന്മയോടെ നോക്കിപ്പോകും..
അങ്ങനെയങ്ങനെ പലതും നമ്മളറിയാതെ നമ്മളിലെത്തി ചേരും..

പണ്ട്‌ ഉമ്മന്റെ കയ്യും പിടിച്ച്‌ കല്യാണത്തിലെ പുതുക്കത്തിനു പോയി കയ്യിൽ കേക്കും പപ്സും മിഡായിയും ഉള്ള പൊതിയുമായ്‌ വരുന്ന നമ്മൾ ഒരിക്കൽ ഉമ്മാനേം കൊണ്ട്‌ വെറുതെയൊന്ന് പോയി നോക്ക്‌..
തിരക്കൊഴിയാത്ത ഉമ്മാനെ ഒരു ദിവസമെങ്കിൽ ഒരു ദിവസ്ം കൂടെ കൂട്ടുക..
യാത്ര തുടങ്ങുക..എത്ര അരികത്തേക്കായാലും അതിനൊരു മൊഞ്ച്‌ വരാനുണ്ട്‌..

കഴിച്ച മസാല ദോശകളിലെ സമ്പാറിൽ കൽഷണം നമ്മോട്‌ പറയാതെ പറയുന്ന കഥകൾ,
കുടിച്ച പാനീയത്തിൽ നമ്മളറിഞ്ഞിട്ടില്ലാത്ത രുചി,
ഒരുപാട്‌ തവണ പോയ അതേ ഇടത്തിനു അന്നു മാത്രം കണ്ടേക്കാവുന്ന ഭംഗി..
അങ്ങനെ കുറേ കാര്യങ്ങൾ ഓടിയെത്തും…

പത്രാസ്സോടെ കയ്യിലെ കായ്‌ മുടക്കി നഗരം ചുറ്റുന്ന ആളുകൾക്കിടയിൽ ഒരു മുടക്കുമില്ലാതെ എളിമയോടെ നന്മയോടെ ആ തോളിൽ കയ്യും വെച്ച്‌ നടക്കാം…കാണാ കഴ്ചകൾ നിറഞ്ഞ നഗരത്തിലൂടെ നടന്നു നീങ്ങാം..
ഉമ്മയൊന്നും ആവശ്യപ്പെടില്ലടോ ,
“വേണ്ടാ” എന്ന ഈ രണ്ടക്ഷരം സ്വയം വീർപ്പ്‌ മുട്ടുന്നുണ്ടാകണം ഉമ്മാന്റെ വാശികൾക്കിടയിൽ കിടന്ന്..

അടുക്കളയിലെ ചെമ്പും പാത്രങ്ങളും പുറത്തെ അലക്കു കല്ലും തുണി ഉണക്കാൻ കെട്ടുന്ന കയറും കഴിഞ്ഞൊരു സാമ്രാജ്യം ആ രാജകുമാരിക്ക്‌ വേണമെന്നില്ല,
ആഗ്രഹിക്കാറുമില്ല പക്ഷെ,
അവരൊരിക്കലും നമ്മിൽ നിന്നും പ്രെതീക്ഷിക്കാത്ത ഒരു വിരുന്നൊരുക്കി കൊടുക്കണം,
ആ കാഴ്ചകൾ കണ്ട്‌ എന്റെ കണ്ണിലേക്ക്‌ ഉമ്മ സ്നേഹത്തോടെ നോക്കണം,
ഇതുവരെ കിട്ടാത്തൊരു മുത്തവും കിട്ടണം…
കിനാവിന്റെ കിസ്സകൾ നിറഞ്ഞ പാട്ടുകളും പാടി ഉമ്മാനേം കൊണ്ടെനിക്ക്‌ പറ പറക്കണം…

ജന്നത്തിന്റെ മടി

About Intensive Promo

Leave a Reply

Your email address will not be published.