Breaking News
Home / Lifestyle / സമ്പന്നരുടെ സ്വത്ത് മോഷ്ടിച്ച് പാവങ്ങള്‍ക്ക് കൊടുക്കുന്ന ഒരു കായംകുളം കൊച്ചുണ്ണി….

സമ്പന്നരുടെ സ്വത്ത് മോഷ്ടിച്ച് പാവങ്ങള്‍ക്ക് കൊടുക്കുന്ന ഒരു കായംകുളം കൊച്ചുണ്ണി….

സമ്പന്നരുടെ സ്വത്ത് മോഷ്ടിച്ച് പാവങ്ങള്‍ക്ക് കൊടുക്കുന്ന ഒരു കായംകുളം കൊച്ചുണ്ണി….
സമ്പന്നരുടെ സ്വത്ത് മോഷ്ട്ടിച്ച് പാവങ്ങൾക്ക് വിതരണം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്.

പണക്കാരുടെ സമ്പത്ത് മാത്രം മോഷ്ടിക്കുകയും ഗ്രാമീണരായ ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന സോഷ്യലിസ്റ്റുകളായ കള്ളന്‍മാരാണ് കഥകളിലെ കായംകുളം കൊച്ചുണ്ണിയും റോബിന്‍ഹുഡുമൊക്കെ. ഇത്തരമൊരു കള്ളനാണ് അടുത്തിടെ ഡല്‍ഹി പോലീസിന്റെ പിടിയിലായ ഇര്‍ഫാന്‍.

ബിഹാറിലെ സ്വന്തം ഗ്രാമവാസികള്‍ക്ക് ഇര്‍ഫാന്‍ സമ്പന്നനായ സാമൂഹ്യ പ്രവര്‍ത്തകനും പാവങ്ങള്‍ക്ക് കയ്യയച്ച് സഹായങ്ങള്‍ നല്‍കുന്ന ആളുമാണ്. ഗ്രാമവാസികളായ പെണ്‍കുട്ടികളെ വിവാഹം കഴിച്ചുവിടാന്‍ സഹായം ചെയ്യുന്ന, പാവങ്ങള്‍ക്കുവേണ്ടി ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന ആള്‍. എല്ലാവര്‍ക്കും പ്രിയങ്കരനും സഹായിയുമായ യുവാവ്. ‘ഉജാല ബാബു’ എന്ന് ഗ്രാമവാസികള്‍ അയാളെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നു.

കഴിഞ്ഞ ദിവസം ഇര്‍ഫാനെ ബീഹാറിലെ പുര്‍പുരിയില്‍നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഭവനഭേദനവും കൊള്ളയും മോഷണവും മറ്റുമായിരുന്നു ഇര്‍ഫാന്റെ പേരിലുള്ള കുറ്റം. സമ്പന്ന ഭവനങ്ങളില്‍നിന്ന് ആര്‍ഭാട വസ്തുക്കള്‍ മോഷ്ടിക്കുന്ന ഇര്‍ഫാനെതിരെ നിരവധി കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഉള്ളത്. ഇര്‍ഫാനെക്കുറിച്ച് പോലീസ് പറഞ്ഞ കഥകള്‍ ഗ്രാമീണരുടെ കണ്ണുതള്ളിക്കുന്നതായിരുന്നു.

തെക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയിയായിരുന്നു ഇര്‍ഫാന്റെ പ്രവര്‍ത്തന മേഖല. വലിയ വീടുകളില്‍ കടന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മാത്രം തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഇര്‍ഫാന്‍ ഡല്‍ഹിയില്‍ മാത്രം നടത്തിയത് 12 കൊള്ളകളാണ്.

വിലകൂടിയ ആര്‍ഭാട വാഹനങ്ങളും വാച്ചുകളും അയാളുടെ ഹരമാണ്. പോലീസ് സംഘം ഇര്‍ഫാനെ പിടികൂടുമ്പോള്‍ റോളക്‌സിന്റെ വിലകൂടിയ വാച്ചാണ് ഇയാളുടെ കൈത്തണ്ടയില്‍ ഉണ്ടായിരുന്നത്. ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ ഒരു സമ്പന്ന ഭവനത്തില്‍നിന്ന് അടിച്ചുമാറ്റിയതായിരുന്നു ഇത്.

ഏതാനും മാസം മുന്‍പ് ഇര്‍ഫാന്‍ ഒരു ഹോണ്ട സിവിക് കാര്‍ വാങ്ങി. വിവിധ വീടുകളില്‍നിന്നായി മോഷ്ടിച്ച വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ഒരു പ്രാദേശിക കച്ചവടക്കാരന് വില്‍പന നടത്തിയായിരുന്നു കാര്‍ വാങ്ങാനുള്ള പണം സംഘടിപ്പിച്ചത്. ധര്‍മേന്ദര്‍ എന്ന കച്ചവടക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇര്‍ഫാനെക്കുറിച്ച് പോലീസ് പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ ആദ്യമൊന്നും ഗ്രാമവാസികള്‍ തയ്യാറായില്ല. അതിന് അവര്‍ക്കത് വിശ്വസിക്കാതിരിക്കാന്‍ തക്കതായ ന്യായീകരണങ്ങളുണ്ടായിരുന്നു.

കാരണം, ഗ്രാമീണര്‍ക്കായി ഇര്‍ഫാന്‍ ചെയ്തിട്ടുള്ളത് നിരവധി നല്ല കാര്യങ്ങളാണ്. എട്ടോളം കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ കല്യാണ ചെലവുകള്‍ ഇയാള്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ആശുപത്രികളും മറ്റ് സൗകര്യങ്ങളുമില്ലാത്ത തന്റെ ഗ്രാമത്തില്‍ ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അതിനുള്ള പണം സംഭാവന നല്‍കുകയും ചെയ്യുന്നത് ഇര്‍ഫാന്റെ പതിവാണ്. ഗ്രാമവാസികളുടെ ആവശ്യങ്ങള്‍ക്ക് നിര്‍ലോഭം പണം സംഭാവന നല്‍കുന്ന ആളാണ് ഇര്‍ഫാന്‍.

നാലു വര്‍ഷം മുന്‍പ് ജോലി തേടി ഡല്‍ഹിയിലേയ്ക്കു പോയ ഇര്‍ഫാന്‍, പിന്നീട് സമ്പന്നനായാണ് ഗ്രാമത്തില്‍ തിരിച്ചെത്തിയത്. അതിനു ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമാകുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഇങ്ങനെയുള്ള ഒരാള്‍ ഒരു കള്ളനാണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?

ഡല്‍ഹിയിലെയും മുംബൈയിലെയും ബാറുകളിലും ക്ലബ്ബുകളിലും പതിവുകാരനാണ് ഇര്‍ഫാന്‍ എന്ന് ഡല്‍ഹി പോലീസ് മേധാവി റോമില്‍ ബനിയ പറയുന്നു. ഒരിക്കല്‍ തനിക്ക് ഇഷ്ടപ്പെട്ട ഗാനം പാടുന്നതിനായി ഒരു ബാര്‍ മാനേജര്‍ക്ക് ഇര്‍ഫാന്‍ പതിനായിരം രൂപയാണ് ടിപ്പ് കൊടുത്തത്. ജീവിതം വന്‍കിട ഹോട്ടലുകളിലും യാത്ര വന്‍കിട വാഹനങ്ങളിലും.

ഗ്രാമവാസികള്‍ക്കു മുന്നില്‍ മാത്രമല്ല, തന്റെ കാമുകിക്കു മുന്നിലും മാന്യനായ സമ്പന്നനായിരുന്നു ഇര്‍ഫാന്‍. ഭോജ്പൂരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഒരു യുവതിയാണ് ഇര്‍ഫാന്റെ കാമുകി എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കും ഇര്‍ഫാന്റെ യഥാര്‍ഥ മുഖം അറിയില്ലായിരുന്നു എന്ന് പോലീസ് പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.