കാത്തിരിപ്പുകൾക്കൊടുവിൽ രാത്രി 9.20ന് വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറാനെത്തിയ വനിത ആരാണ്? വാഗ അതിർത്തിയിൽ പാക്കിസ്ഥാൻ പതാകക്ക് മുന്നിൽ ഈ വനിതക്കൊപ്പമാണ് അഭിനന്ദൻ നിന്നത്. അഭിനന്ദനെ കൈമാറിയ ശേഷം സോഷ്യല്‍ മീഡിയ ഇതേക്കുറിച്ച് ചർച്ച ചെയ്തു. അവർ ഡോ. ഫരീഖ ബുഗ്തി, പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസിലെ ഇന്ത്യയുടെ കാര്യങ്ങൾക്കുള്ള ഡോക്ടർ.
ഇന്ത്യൻ ഫോറിൻ സർവീസ്(ഐഎഫ്എസ്) എന്നതിനു തുല്യമായി പാക്കിസ്ഥാനിലുള്ള ഫോറിൻ സർവീസ് ഓഫ് പാക്കിസ്ഥാൻ(എഫ്എസ്പി) ഉദ്യോഗസ്ഥയാണിവർ. പാക്കിസ്ഥാൻ തടവിലുളള ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദിൽ 2017 ൽ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയപ്പോൾ ഫരീഖയും അവിടെ സന്നിഹിതയായിരുന്നു.
കഴിഞ്ഞ മാസം കുൽഭൂഷൺ ജാദവിന്റെ കേസ് ഹേഗിലെ രാജ്യാന്തര കോടതിയിൽ പരിഗണിച്ചപ്പോഴും ഫരീഖ നടപടിക്രമങ്ങൾക്കായി അവിടെ എത്തിയിരുന്നു. 2005 ലാണ് പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിൽ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ൽ വിദേശകാര്യ ഓഫിസ് വക്താവായും സേവനം അനുഷ്ഠിച്ചു.