Breaking News
Home / Lifestyle / ഒരിക്കൽ ഞാൻ സ്നേഹിച്ച പെണ്ണ് എന്റെ ഏട്ടത്തിയമ്മ ആയി വരാൻ പോകുന്നു..!!

ഒരിക്കൽ ഞാൻ സ്നേഹിച്ച പെണ്ണ് എന്റെ ഏട്ടത്തിയമ്മ ആയി വരാൻ പോകുന്നു..!!

ഒരിക്കൽ ഞാൻ സ്നേഹിച്ച പെണ്ണ് എന്റെ ഏട്ടത്തിയമ്മ ആയി വരാൻ പോകുന്നു എന്നറിഞ്ഞതുമുതൽ ഞാൻ അസ്വസ്ഥനാണ്.സംഭവം ഒരു വൺവേ പ്രണയം ആയിരുന്നുവെങ്കിലും അവളെ ഏട്ടത്തിയായി അംഗീകരിക്കാനാവില്ല എന്നു തോന്നി.

എന്റെ കോളേജിൽ ആയിരുന്നു അവൾ, എന്റെ സമപ്രായക്കാരി. ഏതോ ഒരു നിമിഷത്തിൽ തോന്നിയ ഇഷ്ടം, തുറന്നു പറഞ്ഞപ്പോൾ ഒരു നീണ്ട ‘നോ…’ ആയിരുന്നു ഉത്തരം. പിന്നീടും രണ്ടു മൂന്നു തവണ ഇഷ്ടം പറഞ്ഞു ചെന്നെങ്കിലും അവളുടെ നിലപാടിൽ മാറ്റമില്ലായിരുന്നു. അവളിത്തിരി തണ്ടുള്ള കൂട്ടത്തിലാണെന്ന് അന്നേ തോന്നിയിരുന്നു.

ഏട്ടൻ ഒരുപാടു പെണ്ണു കണ്ടെങ്കിലും ഏട്ടൻ തിരഞ്ഞെടുത്തത് ഇവളെ ആയിരുന്നു. പക്ഷെ ഒരിക്കൽ എന്നെ വേണ്ടാന്നുവച്ച ആ തണ്ടത്തിയെ എന്റെ ഏട്ടത്തിയമ്മയാക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ ഏട്ടത്തിയമ്മയായി എനിക്കവളെ ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

“ഏട്ടന് ഇതിലും നല്ല പെണ്ണിനെ കിട്ടൂല്ലോ… ഇതൊരുമാതിരി തോട്ടിക്കോലുപോലെ ഒരെണ്ണം….” -പല വിധത്തിലും ഏട്ടനെ ഇതിൽ നിന്നു പിന്തിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു.

” സാരല്യാ….എനിക്കാ തോട്ടിക്കോലു തന്നെ മതീടാ…” – ഏട്ടൻ ഉറച്ചുതന്നെ നിന്നു.

കുട്ടിക്കാലത്തു മരിച്ചതാ അമ്മ, അതോണ്ട് അച്ഛനായിരുന്നു ഞങ്ങളുടെ എല്ലാകാര്യങ്ങളും നോക്കിയിരുന്നതും.ചൊവ്വാദോഷമുള്ള ഏട്ടന് എല്ലാം കൊണ്ടും ചേരുന്ന ബന്ധമായതുകൊണ്ട് അച്ഛനും ഈ ബന്ധത്തിനു പൂർണ സമ്മതം. അതോണ്ട് കല്യാണം അങ്ങ് വേഗം നടന്നു.

സത്യം പറഞ്ഞാൽ എനിക്കിപ്പൊ അവരോട് ഒരുതരം ദേഷ്യമായിരുന്നു. ഒരു ഏട്ടത്തിയുടെ സ്ഥാനമൊന്നും ഞാനവർക്ക് കൊടുത്തിരുന്നില്ല. എന്നോടിങ്ങോട്ട് ഓരോന്നൊക്കെ ചോദിക്കുകയും പറയുകയും ചെയ്തിരുന്നെങ്കിലും ഞാനവരോട് തിരിച്ചൊരക്ഷരം മിണ്ടിയിരുന്നില്ല.

അവർ വിളമ്പിത്തന്നിരുന്ന ഭക്ഷണം പോലും ഞാൻ കഴിച്ചിരുന്നില്ല. ടൗണിൽ സാധനങ്ങൾ വാങ്ങാൻ അവർക്ക് കൂട്ടു പോകാൻ ഏട്ടൻ പറഞ്ഞപ്പോ “പറ്റില്ല… ” എന്നുള്ള എന്റെ ഉത്തരം കേട്ട് അവർ കണ്ണുനിറക്കുന്നത് ഞാൻ കണ്ടിട്ടും കണ്ടില്ലയെന്നു നടിച്ചു. എന്തിനേറെ ഒരിക്കൽ പനി കൊണ്ടു വിറച്ച അവരെ ആശുപത്രിയിൽപോകാൻ വരെ ഞാൻ കൂട്ടാക്കിയില്ല.

അങ്ങനെയുള്ള അവർക്ക് എപ്പൊ മുതലാണ് ഞാൻ ഒരു അമ്മയുടെ സ്ഥാനം കൊടുത്തു തുടങ്ങിയത് എന്നെനിക്കോർമയില്ല.

ഒരു മഴക്കാലത്താണ് ഞാൻ ടൗണിൽ വച്ച് ബൈക്കിൽ നിന്നു വീണത്. കയ്യും കാലും ഒടിഞ്ഞു. വേറെയും പരിക്കുണ്ട് കുറെ ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് ഞാൻ വീട്ടിൽ എത്തിയത്.വീട്ടിലെ ഒരു കട്ടിലിൽ കുറെ ദിവസം കൂടി കഴിച്ചുകൂട്ടണം എന്ന യഥാർത്ഥ്യം ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു.

അനങ്ങനാവാതെ കിടക്കുന്ന എനിക്ക് സമയാസമയങ്ങളിൽ മരുന്നും ഭക്ഷണവും തരുന്ന ചുമതലകളൊക്കെ ഏട്ടത്തി സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഭക്ഷണം വാരി വായിൽ വച്ചു തരുന്ന ഏട്ടത്തിയെ പലതവണ ഞാൻ നിറകണ്ണുകളോടെ നോക്കിയിരുന്നിട്ടുണ്ട്. അപ്പൊ എന്റെ കണ്ണീർ തുടച്ച് പുഞ്ചിരിയോടെ വീണ്ടും ഭക്ഷണം വായിൽ വച്ചു തന്നിരുന്ന ഏട്ടത്തിയിൽ ഞാൻ കണ്ടത് കുഞ്ഞുന്നാളിൽ മരിച്ചുപോയ എന്റെ അമ്മയെത്തന്നെ ആയിരുന്നു.

എന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ അക്കാനും എന്റെ എച്ചിൽ പാത്രങ്ങൾ കഴുകാനും എന്റെ ദേഹം തുടച്ചു വൃത്തിയാക്കുവാനും എന്തിനേറെ എന്റെ മലമൂത്രങ്ങൾ എടുക്കാനും പെറ്റമ്മയുടെ സ്ഥാനത്ത് ഉണ്ടായിരുന്നു എന്റെ ഏട്ടത്തിയമ്മ.

വീട്ടിലെ തിരക്കുപിടിച്ച ജോലികൾക്കിടയിലും ഒരു കട്ടിലിൽ ജീവിക്കുന്ന എന്റെ എല്ലാക്കാര്യങ്ങളും നോക്കാനും വിരസമായ ഏകാന്തതയിൽ എന്നോടു വർത്തമാനം പറയാനം ഏട്ടത്തിയമ്മ മറന്നില്ല.

എന്റെ ചികിത്സാ ചിലവിനായി ഓടി നടന്നിരുന്ന ഏട്ടന്റെ കയ്യിലേക്ക് സ്വന്തം ആഭരണങ്ങൾ ഊരി നല്കിയ എന്റെ ഏട്ടത്തിയമ്മയുടെ രൂപം ഇന്നും എന്റെ മനസിലുണ്ട്.

മാസങ്ങൾക്കിപ്പുറം വേച്ചു വേച്ചു നടക്കാൻ തുടങ്ങിയ എന്നെ താങ്ങി നടത്താനും ,പിച്ചവച്ചു തുടങ്ങിയ കുരുന്നു വീഴാതിരിക്കാൻ അമ്മമാർ ശ്രദ്ധിക്കുന്നതു പോലെ എന്നോടൊപ്പം ഏട്ടത്തി ഉണ്ടായിരുന്നു.

ആരോഗ്യം വീണ്ടെടുത്ത് പഴയ പടിയായ എനിക്ക് കിട്ടിയത് ഒരു ഏട്ടത്തിയെ അല്ല മറിച്ച് കുട്ടിക്കാലത്തെന്നെ വിട്ടു പിരിഞ്ഞ എന്റെ അമ്മയെ തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഒരിക്കൽ എനിക്ക് വേണ്ടി അമ്പലത്തിൽ ശയന പ്രദക്ഷിണം ചെയ്യുന്ന ഏട്ടത്തിയെ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി.അപകടം പറ്റിയ എന്റെ ആരോഗ്യം വീണ്ടെടുക്കാനായി ഏട്ടത്തി നേർന്നതായിരുന്നു ഇത്. സത്യത്തിൽ സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യുമോന്നുപോലും ആ പാവം അപ്പൊ ചിന്തിച്ചിരുന്നില്ല.

ഇന്നിപ്പൊ രാത്രി അല്പം വൈകിയാലോ ദൂരെ എവിടെയെങ്കിലും പോയാലോ ഞാൻ വീട്ടിലെത്തുംവരെ ഒരു അമ്മയുടെ ആധിയോടെ ഉമ്മറത്ത് വിഷമിച്ചിരിക്കുന്ന ഏട്ടത്തിയെ കാണുമ്പോൾ നഷ്ടപ്പെട്ട എന്റെ പെറ്റമ്മയ്ക്കു പകരം ദൈവം അയച്ച ആരോ ആണെന്നു തോന്നും… //

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *