തിരിച്ചറിവുകളില്ലാത്തവരുടെ ഭ്രാന്തുപടിച്ച ജല്‍പ്പനങ്ങള്‍ യുദ്ധത്തിനുവേണ്ടി കൊലവിളി നടത്തുമ്പോള്‍ തന്ത്രപ്രധാനമായ നയതന്ത്രനീക്കവുമായി ഇന്ത്യ മുന്നേറുന്നു. അതില്‍ ഏറ്റവും മികച്ചതാണ് റഷ്യയെയും ചൈനയെയും ഒപ്പമിരുത്തി ഭീകരവാദത്തിനെതിരേ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞത്.
അതുമാത്രമല്ല തങ്ങള്‍ മൂന്നുപേരും മാത്രം യോജിച്ചതുകൊണ്ട് സമാധാനം വരില്ലെന്ന പ്രസ്താവന പാകിസ്ഥാനുള്ള ഏറ്റവും വലിയ തിരിച്ചടിയായി. സമാധാനം ആഗ്രഹിക്കുന്നവരും യുദ്ധം വിജയം നല്‍കില്ലെന്ന് അറിയുന്നവരും ഇത്തരം തന്ത്രപ്രധാനമായ നീക്കങ്ങളിലൂടെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിലാണ് യഥാര്‍ത്ഥ വിജയം കാണുന്നത്. അല്ലാതെ അക്രമത്തിലൂടെയോ യുദ്ധത്തിലൂടെയോ അല്ല.
ചൈനയിലെ വൂഴെന്നില്‍ നടന്ന 16-ാമത് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ഇന്ത്യ അയല്‍രാജ്യങ്ങളായ വന്‍ശക്തികളുടെ പിന്തുണ നേടിയത്. പ്രത്യേകിച്ച് ചൈനയുമായുള്ള സൈഹൃദം ബലപ്പെടുത്താനായത് വലിയൊരു കാല്‍വെയ്പായാണ് നിരീക്ഷകര്‍ കാണുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന തള്ളിപ്പറയുന്നു. രാഷ്ട്രീയ നേട്ടത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളെ കൂട്ടു പിടിക്കരുതെന്നാണ് പ്രസ്താവനയിലെ മുഖ്യ സന്ദേശം.. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നു പറഞ്ഞുകൊണ്ട് എല്ലാ രൂപത്തിലുള്ള തീവ്രവാദത്തെയും ഈ രാജ്യങ്ങള്‍ അപലപിച്ചു.
വളര്‍ന്നു വരുന്ന പ്രമുഖ വാണിജ്യ രാജ്യങ്ങളെന്ന നിലയ്ക്ക് ഇന്ത്യയും റഷ്യയും ചൈനയും സമാധാനം, സ്ഥിരത, വികസനം എന്നിവയെ പിന്തുണക്കുന്നതില്‍ സമാനമായ താല്‍പര്യമാണുള്ളതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞത്.
ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തേണ്ടിവന്ന സാഹചര്യം ഇന്ത്യ സുഹൃദ്‌രാജ്യങ്ങളെ ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാലക്കോട്ടിലേത് ഒരു സൈനിക നടപടി ആയിരുന്നില്ലെന്നാണ് ഇന്ത്യയുടെ പക്ഷം, പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രത്തെയും ഇന്ത്യ അക്രമിച്ചിട്ടില്ല. തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തേണ്ടി വന്നതെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
യു.എന്നിന്റെ നേതൃത്വത്തില്‍ ആഗോളതലത്തിലുള്ള ഇടപെടലല്‍ തീവ്രവാദത്തിനെതിരെ ഉണ്ടാകണമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈനയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ആവശ്യപ്പെട്ടത്. ‘തീവ്രവാദം മാനവികതയ്ക്ക് ഭീഷണിയാണ്. ഞങ്ങള്‍ മൂന്ന് രാജ്യത്തിന്റെ നയതന്ത്രനീക്കങ്ങള്‍ മാത്രം മതിയാവില്ല’ എന്ന സുഷമയുടെ പ്രസ്താവന പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചതെന്ന് കാണാന്‍ കഴിയും.
പാകിസ്ഥാന്റെ ഒറ്റപ്പെടലിന്റെ ചിത്രം കൂടുതല്‍ വ്യക്തമാവുകയാണ്. മാര്‍ച്ച് ആദ്യവാരം 56 അംഗരാഷ്ട്രങ്ങളെയും അഞ്ച് നിരീക്ഷകരാജ്യങ്ങളെയും പങ്കെടുപ്പിച്ചകൊണ്ട് അബുദാബിയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ 46-ാം സമ്മേളനത്തില്‍നിന്നു പാകിസ്ഥാന്‍ പിന്മാറിയത് അതിന് മറ്റൊരു ഉദാഹരണമാണ്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നതുകൊണ്ടാണ് പിന്മാറ്റമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്.
അതേസമയം, ബലാക്കോട്ടിലെ ജെയ്‌ഷെ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. എല്ലാ പാര്‍ട്ടികളും ഒരേ സ്വരത്തോടെ ഒറ്റക്കെട്ടായി സര്‍ക്കാരിനും സേനയ്ക്കും പിന്തുണ നല്‍കി. പാക് ഭീകര കേന്ദ്രങ്ങളില്‍ വ്യോമസേന നടത്തിയ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളോട് വിശദീകരിക്കാന്‍ വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷി യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
അതേസമയം, ദേശീയസുരക്ഷയെ സങ്കുചിതരാഷ്ട്രീയചിന്തകള്‍ക്ക് അതീതമായി കാണണമെന്ന് പ്രതിപക്ഷം സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാത്തത് ദുഃഖകരമാണ് എന്നാണ് ഇരുപത്തി ഒന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തുന്നത്.
സൈനികരുടെ ധീരതയും ത്യാഗവും ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പിന് ഭരണകക്ഷി ശ്രമിക്കുന്നത് അപലപനീയമാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്തായാലും, യുദ്ധത്തേക്കാള്‍ ഫലപ്രദമായ നയതന്ത്രനീക്കത്തിലൂടെ ഭീകരവാദികള്‍ക്കെതിരേ ലോകത്തെ അണിനിരത്താനുള്ള ശ്രമമാണ് ഇന്ത്യയ്ക്ക് ഗുണകരമെന്ന് രാജ്യത്തെ സ്നേഹിക്കുന്നവര്‍ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നീക്കങ്ങള്‍ കൂടുതല്‍ മുന്നോേട്ടു കണ്ടുപോകാനായാല്‍ പാകിസ്ഥാനെ ശരിയുടെ പാതയിലേക്കു കൊണ്ടുവരാനും ഭീകരതയെ വേരോടെ പിഴുതെറിയാനും ഇന്ത്യയ്ക്കു കഴിയുകതന്നെ ചെയ്യും. ഒപ്പം, സൈനികമുന്നേറ്റത്തെ രാഷ്ട്രീയ വിജയമാക്കി മാറ്റിത്തീര്‍ക്കാനുള്ള എല്ലാ കുതന്ത്രങ്ങളയും ഒറ്റപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്