ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി ഇന്ന് സംസ്ഥാന പുരസ്‌കാരം വരെ എത്തിനിൽക്കുന്ന ജോജുവിന്റെ ജീവിതം ഏതൊരു സിനിമാ മോഹിക്കും പ്രചോദനമാണ്. നായകനായി അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന അവാർഡ്. നായകനായ ആദ്യ ചിത്രം 100 ദിവസങ്ങൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച് വിജയവുമാകുന്നു. ജോസഫിലൂടെ ഒരു നടൻ എന്ന നിലയിലും ഒരു താരം എന്ന നിലയിലും ജോജു വളരുകയാണ്.. കഠിനാധ്വാനത്താൽ രേഖപ്പെടുത്തുകയാണ് ഒരു പുതുചരിത്രം !
തൃശ്ശൂർ മാള സ്വദേശിയായ ജോജു ജോർജ്ജ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും പിന്നീട് സഹനടനായും വില്ലനായും എല്ലാം അഭിനയിച്ചു തഴക്കം വന്ന ശേഷമാണ് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ജോസഫിലേക്ക് നായകനായെത്തുന്നത്. അത് പിന്നീട് ഒരു വഴിത്തിരിവായി മാറുകയായിരുന്നു. താരമൂല്യം തീരെയില്ലാത്ത ജോജു നായക വേഷം ചെയ്യുന്നു എന്ന കാരണത്താൽ ജോസഫ് നിർമ്മിക്കാൻ നിർമ്മാതാക്കൾ പലരും വിസ്സമ്മതിച്ചു.
ഈ സാഹജര്യത്തിൽ ഉള്ളതെല്ലാം നുള്ളിപെറുക്കി ജോജു തന്നെ സ്വയം നിർമ്മാതാവിന്റെ സ്ഥാനത്ത് നിന്ന് പണമിറക്കി ജോസഫ് പൂർത്തിയാക്കി. ആ ഉദ്ദേശ ശുദ്ധിയും കഷ്ടപ്പാടും ഫലം കണ്ടു. ജോസഫ് ഒരു വിജയ ചിത്രമായി മാറി. ജോസഫിലെ പ്രകടനത്തിന് ജോജു മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാർഡും നേടി. ഒറ്റ സിനിമ കൊണ്ട് താരമൂല്യമുള്ള ഒരു താരമായി മാറുകയായിരുന്നു ജോജു ജോർജ്ജ്. അത് കാലം ജോജുവിനായി കാത്തുവച്ച ഒരു സൗഭാഗ്യമായിരുന്നു.
ഹാസ്യ വേഷമായാലും വില്ലനായാലും ക്യാരക്ടർ റോളുകളാണെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരുന്ന ജോജു ജോസഫിലൂടെ ഒരു മുഴുനീള നായകനായി വന്ന് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഇത് ജോജു തന്നെയോ ? എന്ന് തോന്നിപ്പിക്കും വിധം ആസ്വാദകരിൽ കൗതുകമുണർത്തി ജോസഫ് എന്ന കഥാപാത്രമായി പകർന്നാട്ടം നടത്തി ജോജു.
ജോസഫ് എന്ന ഒരു റിട്ട: പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സ്വജീവിത സാഹജര്യങ്ങളിൽപ്പെട്ട് തകരുമ്പോഴും അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള കുറ്റാന്വേഷണത്വര കൊണ്ട് ജീവിതത്തിൽ സംഭവിച്ച ഓരോ തകർച്ചകൾക്കും പാളിച്ചകൾക്കും പിന്നിലെ രഹസ്യങ്ങളും യാഥാർത്ഥ്യങ്ങളും തേടുകയാണ്.
ഏറെ സങ്കീർണ്ണതകളും വൈകാരികതകളും വിഷാദങ്ങളും നിറഞ്ഞ സാഹജര്യങ്ങളിലൂടെ സഞ്ചരിക്കുന്ന ജോസഫ് എന്ന കഥാപാത്രത്തെ അത്രയേറെ സൂക്ഷ്മമായി അളന്നുകുറിച്ച് വളരെ യാഥാസ്ഥികമായി അഭിനയിക്കാൻ, ജീവിച്ചു ഫലിപ്പിക്കുവാൻ ജോജുവിന് കഴിഞ്ഞു എന്നതാണ് ഈ നടന്റേയും അതുപോലെ സിനിമയുടേയും വിജയം. ഒരു നിമിഷം പോലും ബോറഡി നൽകാത്ത തീക്ഷ്ണമായ ഒരു സിനിമാനുഭവവുമാണ് ജോസഫ്. ചുരുക്കി പറഞ്ഞാൽ നമ്മൾ കണ്ട് ശീലിച്ച ജോജുവിൽ നിന്ന് ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്തത് എന്തോ, അതായിരുന്നു ജോസഫ് !
” ചെറിയ സെറ്റപ്പിൽ, ഒന്നുമില്ലായ്മയിൽ നിന്ന് വന്ന കലാകാരനായ താൻ വലിയ നടന്മാരോടൊപ്പം അവാർഡിന് പരിഗണിക്കപ്പെടുന്നു എന്നത് ഏറ്റവും വലിയ അംഗീകാരമാണ്. ജീവിതത്തിലുണ്ടായ എല്ലാ പരാജയങ്ങൾക്കും ദൈവം സമ്മാനിച്ച വലിയ വിജയമായി ഈ സംസ്ഥാന അവാർഡിനെ കാണുന്നു. എല്ലാം ഭംഗിയായി. തന്നെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും തന്നെ നായകനാക്കാൻ ധൈര്യം കാണിച്ച സംവിധായകരോടും ഏറെ നന്ദിയും കടപ്പാടുമുണ്ട്. “- ജോജു.