സംഗീത പ്രേമികളെല്ലാം ഇപ്പോൾ ആരാധനക്കുട്ടിയുടെ മധുരസ്വരത്തിനു പിന്നാലെയാണ്. ഒരൊറ്റഗാനം കൊണ്ട് തെന്നിന്ത്യൻ ആരാധകരുടെ മുഴുവൻ മനം കവർന്നിരിക്കുകയാണ് ഈ കൊച്ചു സുന്ദരി. തമിഴ് സൂപ്പർതാരം ശിവ കാർത്തികേയന്റെ മകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
‘കനാ’ എന്ന ചിത്രത്തിനായി ആരാധന പാടിയ ‘വായാടി പെത്ത പുള്ള’ എന്നു തുടങ്ങുന്ന ഗാനമാണ് ആരാധനയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. റെക്കോഡിംഗ് സ്റ്റുഡിയോയിൽ അച്ഛനോടൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് നിന്ന് പാടുന്ന ആരാധനയെ സോഷ്യൽ മീഡിയ നെഞ്ചേറ്റിയത് കൺചിമ്മി തുറക്കുന്ന വേഗതയിൽ. യൂ ട്യൂബ് ട്രെൻഡിംഗിൽ മുന്നിട്ടു നിൽക്കുന്ന ഗാനത്തെ തേടി ഇതിനോടകം തന്നെ 90 മില്യണിലധികം കാഴ്ച്ചക്കാരാണ് എത്തിയിരിക്കുന്നത്.
എന്നാൽ അതൊന്നുമല്ല പുതിയ വിശേഷം, ഈ ഗാനം വീണ്ടും ഒരു പുരസ്കാര ചടങ്ങിൽ ആലപിച്ച് വീണ്ടും കാഴ്ചക്കാരുടെ മനം കവർന്നിരിക്കുകയാണ് ആരാധനക്കുട്ടി. ഒറ്റ ദിവസം കൊണ്ട് ആരാധനയുടെ പുതിയ പാട്ടു വിഡിയോ യൂട്യൂബിൽ കണ്ടതാകട്ടെ ഒൻപതുലക്ഷത്തിലധികം പേർ.
മികച്ച ബാലഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ആരാധന. അച്ഛനും നടനുമായ ശിവകാർത്തികേയനൊപ്പമാണു പുരസ്കാരം വാങ്ങാൻ ആരാധന വേദിയിലേക്ക് എത്തിയത്. കുട്ടിആരാധനയോളം തന്നെ ഉയരമുണ്ട് പുരസ്കാരത്തിനെന്നായിരുന്നു അവതാരകന്റെ കമന്റ്. തുടർന്ന് ഗാനത്തിന്റെ നാലുവരി ആരാധന പാടുകയും ചെയ്തു.
‘ആരാധനയെ കുറിച്ച് അച്ഛൻ ശിവകാർത്തികേയന്റെ വാക്കുകൾ ഇങ്ങനെ: ‘ഇത്രയും സന്തോഷം നിറഞ്ഞ നിമിഷം ജീവിതത്തിലുണ്ടായിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് എന്റെ അച്ഛനു നൽകാൻ കഴിയാതിരുന്നത് എന്റെ മകൾ എനിക്കു നൽകി. ഇവിടെ എന്താണു നടക്കുന്നതെന്നൊന്നും അവൾക്കറിഞ്ഞുകൂടാ. ഇന്ന് ഒരു അവാർഡ് വാങ്ങാൻ പോകണം എന്നു പറഞ്ഞപ്പോൾ അവളുടെ ടെൻഷൻ മുഴുവൻ അവാർഡ് എങ്ങനെയിരിക്കും? എന്തു ഡിസൈനായിരിക്കും എന്നൊക്കെയായിരുന്നു ചിന്ത. യുവൻ ശങ്കർ രാജയുടെ കയ്യിൽ നിന്നും മകൾക്ക് ഒരു അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’
ഒറ്റപ്പാട്ടുകൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു ആരാധന. അരുൺരാജ കാമരാജാണ് കനായുടെ സംവിധാനം. ദിപു നൈനാൻ തോമസ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആരാധന, ശിവകാർത്തികേയൻ, വൈക്കം വിജയലക്ഷ്മി എന്നിവർ ചേർന്നാണ്.