Breaking News
Home / Lifestyle / ഞാൻ കിടന്ന ഗർഭപാത്രത്തിൽ തന്നെ എന്റെ മകളും നാമ്പെടുത്തു ഓർത്താൽ എല്ലാം ഒരു മുത്തശ്ശിക്കഥപോലെ

ഞാൻ കിടന്ന ഗർഭപാത്രത്തിൽ തന്നെ എന്റെ മകളും നാമ്പെടുത്തു ഓർത്താൽ എല്ലാം ഒരു മുത്തശ്ശിക്കഥപോലെ

അമ്മയുടെ ഗർഭപാത്രത്തിൽ മകൾക്ക് പിറന്ന കുഞ്ഞാണ് രാധ. ഇന്ത്യയിൽ ആദ്യമായി ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ഉണ്ടായ അദ്ഭുത കുഞ്ഞ്…

അദ്ഭുതം’ അങ്ങനെയാണ് അവളുടെ ജനനത്തെ വൈദ്യശാസ്ത്ര ലോകം വിശേഷിപ്പിച്ചത്. അമ്മൂമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിലും അമ്മയുടെ മനക്കരുത്തിലും ചുരുണ്ടുകിടന്നാണ് ആ കുഞ്ഞു വന്നത്. കുട്ടികളുണ്ടാകാൻ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർക്ക് പ്രതീക്ഷകളുമായി.‘‘ഞാൻ കിടന്ന ഗർഭപാത്രത്തിൽ തന്നെ എന്റെ മകളും വളരുക. അതൊരു അപൂർവ ഭാഗ്യവും നേട്ടവുമല്ലേ’’ മീനാക്ഷി ആഹ്ലാദത്തോടെ പറഞ്ഞു തുടങ്ങി.

വീട്ടിലേക്ക് എത്തിയതേയുള്ളൂ അവൾ. ലോകം മുഴുവൻ ഉറ്റുനോക്കുന്നതും ചരിത്രതാളുകളിൽ ഇടം പിടിച്ചതുമൊന്നും മനസ്സിലാകാതെ അമ്മയുടെ കയ്യിൽ മയക്കത്തിലാണ് അവൾ, രാധ എന്ന നക്ഷത്രക്കുഞ്ഞ്. ഇക്കഴിഞ്ഞ ഒക്ടോബർ പതിനെട്ടിനാണ് ഇന്ത്യയിലാദ്യമായി ഒരു സ്ത്രീക്ക് മാറ്റി വച്ച ഗർഭപാത്രത്തിൽ (Uterine Transplant) ഒരു കുഞ്ഞു പിറക്കുന്നത്. ഗുജറാത്ത് വഡോദര സ്വദേശിയായ മീനാക്ഷി വാലനായിരുന്നു ഗർഭപാത്രം മാറ്റി വയ്ക്കലിന് വിധേയയായത്. മീനാക്ഷിയുടെ അമ്മ സുശീല ബെന്നിന്റെ ഗർഭപാത്രമായിരുന്നു മകൾക്ക് മാറ്റിവച്ചത്.

മനോഹരമായിരുന്നു സ്വപ്നങ്ങൾ

വിശ്വാമിത്രി നദിയുടെ തീരത്തിരിക്കുന്ന ബറോഡയുടെ പുതിയ പേരാണ് വഡോദര. അവിടെ നിന്ന് 50 കിലോമീറ്റർ അകലെ ജമ്പാസൂറിലെ ബറൂജിലാണ് മീനാക്ഷിയുടെ വീട്. അച്ഛൻ വാലൻ ജയേഷ് ബാജും അമ്മ സുശീല ബെന്നും അനിയനുമടങ്ങുന്ന ഒരു സാധാരണ കുടുംബം. ഇരുപതു വയസ്സുള്ളപ്പോഴാണ് മീനാക്ഷിയുടെ വിവാഹം. ഭർത്താവ് ഹിതേഷ് ബ്യൂട്ടിഷനാണ്. ഭർത്താവിനോടൊപ്പം മീനാക്ഷിയും കൂടി വീടിനടുത്തുതന്നെ ബ്യൂട്ടിപാർലർ നടത്തുന്നു. അണിയിച്ചൊരുക്കൽ ഇഷ്ടപ്പെട്ട ജോലിയാണ് മീനാക്ഷിക്ക്.

കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ മീനാക്ഷി ഗർഭിണിയായി. പക്ഷേ, കുഞ്ഞിന് വളർച്ചയില്ലാത്തതുകൊണ്ട് അത് അലസിപ്പോയി. വീണ്ടും ഗർഭം ധരിച്ചെങ്കിലും ഹൃദയതകരാറുള്ളതുകൊണ്ട് ആ കുഞ്ഞും നഷ്ടപ്പെട്ടു. മൂന്നാമതും ഗർഭിണിയായപ്പോൾ നടത്തിയ സ്കാനിങ്ങിലാണ് മുമ്പ് അബോർഷൻ സംഭവിച്ച ശിശുവിന്റെ ശരീരാവശിഷ്ടങ്ങൾ ഗർഭപാത്രത്തിൽ ബാക്കിയുണ്ടെന്ന് കണ്ടെത്തിയത്. അടിയന്തിരമായി അവ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അപ്പോഴേക്കും മൂന്നാമത്തെ അബോർഷനും നടന്നു കഴിഞ്ഞിരുന്നു.

അവ നീക്കം ചെയ്യുന്നതിനിടയിൽ മീനാക്ഷിയുടെ ഗർഭപാത്രത്തിൽ ഗുരുതരമായ മുറിവുണ്ടായി. ഒന്നുകിൽ മുറിവ് തുന്നിക്കെട്ടുകയോ അതല്ലെങ്കിൽ ഗർഭപാത്രം തന്നെ നീക്കം ചെയ്യുകയോ വേണം. മുറിവ് തുന്നിക്കെട്ടിയാൽ വിജയിക്കുമെന്ന് ഡോക്ടർമാർ ഉറപ്പൊന്നും കൊടുത്തില്ല. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒന്നായിരുന്നു അത്. പക്ഷേ, സ്വന്തം ജീവനേക്കാൾ മീതെയായിരുന്നു മീനാക്ഷിക്ക് അമ്മയാകാനുള്ള ആഗ്രഹം. മുറിവ് തുന്നിക്കെട്ടാൻ അനുവാദം കൊടുത്തു. പിന്നീട് മീനാക്ഷിക്ക് ആർത്തവം ഉണ്ടായില്ല.

‘‘വഡോദരയിലെ ഈവ്സ് ഹോസ്പിറ്റലിലായിരുന്നു പിന്നീട് കാണിച്ചത്. ഡോക്ടർമാർ ഹിസ്ട്രോസ്കോപി വഴി ഗർഭപാത്രം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അതിന്റെ ഉൾഭിത്തികൾ വൈറ്റ് സിമന്റ് പോലെ ഉറച്ചിരിക്കുന്നു എന്നാണ്. അതുപോലെ ഗർഭാശയ ഉൾഭിത്തികൾ തമ്മിൽ ഒട്ടിപിടിക്കുന്ന ആഷർമാൻ സിൻഡ്രോമും ഉണ്ടായിരുന്നു. ഇതു രണ്ടും പ്രത്യുൽപാദനശേഷിയെ ബാധിക്കുന്നവയാണ്.

‘‘ഇനിയൊരിക്കലും എനിക്ക് ഗർഭധാരണം സാധ്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അപകടനില ഒഴിവാക്കാൻ ഗർഭപാത്രം നീക്കം ചെയ്യുക മാത്രമായിരുന്നു പോംവഴി. ഒടുവിൽ അതു ചെയ്തു.’’ മീനാക്ഷി മടിയിലെ കുഞ്ഞിനെ ഒന്നുകൂടി അടക്കിപിടിച്ചു.

ആ കാലം ഓർക്കാൻ വയ്യ

‘‘ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല ആ കാലം. ഇനി ഞാൻ അമ്മയാകില്ല എന്ന തിരിച്ചറിവ് വല്ലാതെ നിരാശയാക്കി. എന്നെ മാത്രമല്ല, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ ഭർത്താവിനെയും. സങ്കടവും കരച്ചിലുമൊക്കെ കണ്ട് ഡോക്ടർമാരും ആകെ വിഷമിച്ചു. ഇരുപത്തിയേഴ് വയസ്സ്, ഗർഭപാത്രം എടുത്തു കളയാനുള്ള പ്രായമല്ലല്ലോ.

ഈവ്സ് ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് പുണെയിലെ ഗാലക്സി കെയർ ഹോസ്പിറ്റലിനെക്കുറിച്ച് പറയുന്നത്. ‘ആരോഗ്യമുള്ള ഗർഭപാത്രം കിട്ടുകയാണെങ്കിൽ മാറ്റിവയ്ക്കാം’ എന്നു ഡോക്ടർമാർ പറഞ്ഞപ്പോൾത്തന്നെ കൂടെയുണ്ടായിരുന്ന അമ്മ ‘എന്റെ ഗർഭപാത്രം തരാൻ തയാറാണ്’ എന്ന് സമ്മതമറിയിച്ചു. അമ്മ അത്രയേറെ ദുഃഖിച്ചിരുന്നു. പേരക്കുട്ടിയുണ്ടായിക്കാണാൻ ആഗ്രഹമില്ലാതിരിക്കുമോ?

48 വയസ്സായിരുന്നു അമ്മയ്ക്ക്. ആർത്തവം നിലച്ചിരുന്നില്ല. കാര്യമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങൾ പുണെയിലെത്തുന്നത്. ആദ്യമുണ്ടായ പരിഭ്രമമൊക്കെ ഡോക്ടറെക്കണ്ട് കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും മാറി. വീണ്ടും പ്രതീക്ഷകൾ പൂത്തു തുടങ്ങി. അതെ, എനിക്കും പിറക്കും ജീവന്റെ ജീവനായി ഒരു കുഞ്ഞ്.’’ മീനാക്ഷി ആശുപത്രി ദിനങ്ങൾ ഒാർത്തു.

‘‘മണിക്കൂറുകൾ നീണ്ട സർജറിയായിരുന്നു അത്. മീനാക്ഷിയിലേക്ക് അമ്മയുടെ ഗർഭപാത്രം തുന്നിപിടിപ്പിച്ചശേഷം ടെൻഷനായിരുന്നു. മറ്റു അവയവങ്ങൾ മാറ്റി വച്ചാൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങും. ഇല്ലെങ്കിൽ ശസ്ത്രക്രിയ പരാജയമെന്നുറപ്പിക്കാം. എന്നാൽ ഗർഭപാത്രം മാറ്റിവെച്ചാൽ ആദ്യത്തെ ആർത്തവം വന്നാൽ മാത്രമേ വിജയിച്ചുവെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. അതിനു ദിവസങ്ങളല്ല, ചിലപ്പോൾ മാസങ്ങൾ തന്നെയെടുക്കും.’’ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ശൈലേഷ് പുന്റംബെക്കർ ആ ദിവസങ്ങളെ കുറിച്ച് പറയുന്നു.

‘‘48 ദിവസത്തിനുശേഷമാണ് ആർത്തവം വരുന്നത്. അന്നു സന്തോഷിച്ചതു പോലെ ഒരിക്കലും സന്തോഷിച്ചിട്ടില്ല. വീണ്ടും പ്രതീക്ഷകളായി. ആ പ്രതീക്ഷകളാണ് ഇതാ ഇവിടം വരെയെത്തിച്ചത്.’’ മാറിൽ കിടക്കുന്ന കൺമണിയെ തലോടി കൺനിറയെ തിളക്കത്തോടെ മീനാക്ഷി പറഞ്ഞു.

‘‘2018 ജനുവരിയിലാണ് അണ്ഡവും ബീജവും യോജിപ്പിച്ചെടുത്ത ഭ്രൂണം ഐവിഎഫ് വഴി മീനാക്ഷിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്. കുറേ വർഷങ്ങൾക്കു മുൻപ് പ്രസവം കഴിഞ്ഞ ഒരു ഗർഭപാത്രമല്ലേ, എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നു യാതൊരു നിശ്ചയവുമില്ല. വേണ്ടത്ര പരിചരണം കൊടുത്തിട്ടും 48 ദിവസത്തിനുശേഷം അത് അബോർഷനായി. ഈ യാത്രയിലെ കഠിനമായ ദിനങ്ങളായിരുന്നു അത്. ഒരുപാട് വിമർശനങ്ങളുമുയർന്നു. പക്ഷേ, ഞാൻ പ്രതീക്ഷ കൈവിട്ടില്ല.’’ ഡോക്ടർ ശൈലേഷിന്റെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞു.

‘‘മൂന്നു മാസത്തിനുശേഷം ഏപ്രിൽ മാസത്തിൽ മീനാക്ഷിയുടെ ഗർഭപാത്രത്തിലേക്ക് വീണ്ടും ഭ്രൂണം നിക്ഷേപിച്ചു. ആദ്യത്തെ ആദ്യത്തെ മൂന്നു മാസങ്ങൾ ആകാംക്ഷയുടേതും സമ്മർദത്തിന്റേതുമായിരുന്നു. പക്ഷേ, സാധാരണ ഗർഭകാലം പോലെ അതു കടന്നുപോയി. മൂന്നാം മാസത്തിൽ നടത്തേണ്ട സ്കാൻ കഴിഞ്ഞപ്പോൾ കുട്ടിക്ക് സ്വാഭാവിക വളർച്ചയുണ്ടെന്ന് കണ്ടെത്തി. ഗർഭപാത്രം മാറ്റി വയ്ക്കുന്നവർക്ക് ‘ഇമ്മ്യൂണോ സപ്രസ്സീവ്’ മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടതുകൊണ്ട് കുട്ടികൾക്ക് ജനിതക തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഒരു അവയവം മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുമ്പോൾ ശരീരം അത് നിരസ്സിക്കാനുള്ള സാധ്യത കൂടുതലാണ്. അതു തടയിടാനാണ് ഇമ്മ്യൂണോ സപ്രസ്സീവ് മരുന്നുകൾ നൽകുന്നത്. കുഞ്ഞിന് ജനിതക തകരാറുകൾ ഇല്ലാതിരിക്കാനായി ഭ്രൂണം നിക്ഷേപിക്കുന്നതിനോടനുബന്ധിച്ച് മരുന്നിന്റെ അളവ് ക്രമീകരിച്ചിരുന്നു. ഭാഗ്യവശാൽ മീനാക്ഷിയുടെ കുഞ്ഞിന് അത്തരം പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.’’ ഗാലക്സി ഹോസ്പിറ്റലിലെ ലാപ്രോസ്കോപിക് ഗൈനക്കോളജിസ്റ്റ് ഡോക്ടർ മിലിന്ദ് ടെലാങ് പറഞ്ഞു.

ഒടുവിൽ, വന്നെത്തി പൂക്കാലം

‘‘ഗർഭകാലം മുഴുവൻ ഗാലക്സി ഹോസ്പിറ്റലിലായിരുന്നു. പൂർണ വിശ്രമം. ഇടയ്ക്കിടെ കുറച്ചു നടന്നും പാട്ടു കേട്ടും ഇ ഷ്ടമുള്ളതു കഴിച്ചും ഗർഭകാലം പിന്നിട്ടു. അണുബാധയുണ്ടാകാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു. ഓരോ സ്കാനിങ്ങിനും മുൻപ് ഹൃദയം പെരുമ്പറകൊട്ടും. കുഞ്ഞിന് ആവശ്യമുള്ളത്ര വളർച്ചയുണ്ടാകുമോ? ദൈവാനുഗ്രഹത്താൽ ഒാരോ തവണയും പുഞ്ചിരിയോടെയാണ് ഞാൻ ഇറങ്ങി വന്നത്.

കുഞ്ഞിന് 32 ആഴ്ചയുടെ വളർച്ചയുള്ളപ്പോഴാണ് സിസേറിയൻ ചെയ്യാൻ തീരുമാനിക്കുന്നത്. സാധാരണ പ്രസവം പറ്റില്ലയെന്ന് ആദ്യമേ ഡോക്ടർ പറഞ്ഞിരുന്നു. ഗർഭകാലം പരമാവധി നീട്ടിക്കൊണ്ടു പോകാനായിരുന്നു തീരുമാനം. പക്ഷേ, ഇതിനിടയിൽ എന്റെ രക്തസമ്മർദം ചെറിയ തോതിൽ ഉയരാൻ തുടങ്ങി. അതുപോലെ അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവും കുറയാൻ തുടങ്ങി. ഇനി കാത്തു നിൽക്കുന്നത് അപകടമായേക്കുമെന്നുള്ള സാഹചര്യം വന്നപ്പോഴാണ് സിസേറിയൻ തീയതി തീരുമാനിക്കുന്നത്.’’

ശിശുരോഗ വിദഗ്ധനടക്കം ഡോക്ടർമാരെല്ലാം തയാറായി. കുഞ്ഞിനെ പരിചരിക്കാനുള്ളതെല്ലാം ഒരുക്കി. ഒക്ടോബർ പതിനെട്ട്. അന്നാണ് ആ നക്ഷത്രക്കുഞ്ഞ് അമ്മയുടെ കൈകളിലേക്കും ചരിത്രത്തിലേക്കും പിറന്നു വീണത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണി കഴിഞ്ഞ് പന്ത്രണ്ടു മിനിറ്റുള്ളപ്പോളായിരുന്നു കുഞ്ഞിന്റെ ജനനം. ആ തീയതിക്കൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഡോക്ടർ ശൈലേഷ് പുന്റംബെക്കറിന്റെ അമ്പത്തിയഞ്ചാം ജന്മദിനം കൂടിയായിരുന്നു അന്ന്.

ജനിച്ചപ്പോൾത്തന്നെ കുഞ്ഞിനെ റേഡിയന്റ് വാമറുള്ള നിയോനെറ്റൽ ഐസിയുവിലേക്ക് കൊണ്ടുപോയി. ശ്വാസഗതിയിൽ ചെറിയ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഓക്സിജൻ തെറപ്പിയിലൂടെ അതു പരിഹരിക്കാനായി. ആദ്യത്തെ ഒരാഴ്ച ഐവി ഫ്ലൂയിഡാണ് നൽകി കൊണ്ടിരുന്നത്. രണ്ടാമത്തെ ആഴ്ച മുതൽ അമ്മയുടെ പാൽ, ട്യൂബിലൂടെ നൽകി തുടങ്ങി. പാൽ വലിച്ചു കുടിക്കാനെടുക്കുന്ന ആയാസവും ഇറക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാനായിരുന്നു അത്. നാലാഴ്ച വരെ അതു തുടർന്നു. പിന്നീട് ട്യൂബു മാറ്റി സ്പൂണിൽ മുലപ്പാൽ കോരിക്കൊടുത്തു. പതിയെ സാധാരണ കുഞ്ഞുങ്ങളുടേതു പോലെ അവൾ അമ്മയുടെ പാൽ കുടിച്ചു തുടങ്ങി.

‘‘ മോളെ കയ്യിൽ കിട്ടിയപ്പോഴാണ് ശ്വാസം നേരെ വീണത്. അഞ്ചാഴ്ച കൊണ്ട് 700 ഗ്രാം തൂക്കം കൂടി. ഡിസ്ചാർജ് ചെയ്യുമ്പോൾ രണ്ടരക്കിലോയാണ് കുഞ്ഞിന്റെ തൂക്കം. ഇപ്പോൾ ചിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ നോക്കും. വാശിയൊന്നുമില്ല. അവൾ ഞങ്ങളുടെ ജീവനല്ലേ.’’ മീനാക്ഷി കുഞ്ഞിനെ പതിയെ തലോടി. അച്ഛൻ കുഞ്ഞിന്റെ നെറുകയിലുമ്മ വച്ചപ്പോൾ ഉറക്കത്തിലും അവളുടെ കണ്ണുകൾ പതിയെ വിടർന്നു.

രാധയെന്ന നക്ഷത്രക്കുഞ്ഞ്

‘‘ഡോക്ർമാരുടെയും നഴ്സുമാരുടെയും മറ്റുള്ളവരുടെയും പരിചരണം എടുത്തു പറയേണ്ടതാണ്. എത്ര നന്നായിട്ടാണെന്നോ അവരെന്നെ കെയർ ചെയ്തത്. ഡോക്ടർ ശൈലേഷിന്റെ ഭാര്യ സീമ മിക്കപ്പോഴും എന്നെ കാണാൻ വന്നു. എനിക്കിഷ്ടപ്പെട്ട ഖിച്ചടിയും ദാലുമായിട്ടായിരുക്കും വരവ്. എനിക്ക് അമ്മയെപ്പോലെത്തന്നെയായിരുന്നു അവർ. ആ സ്നേഹം കൊണ്ടാണ് കുഞ്ഞിന് പേരിടാനുള്ള അവകാശം അവർക്ക് കൊടുത്തത്. അവരാണ് ഇവൾക്ക് ‘രാധ’ എന്ന് പേരിട്ടത്.

എല്ലാവരുടെയും മുഖത്തെ സന്തോഷം കാണുമ്പോൾ എന്റെ ആഹ്ലാദം ഇരട്ടിക്കും. ഇരുളടഞ്ഞു പോയേക്കാവുന്നതാ യിരുന്നു എന്റെ ജീവിതം. കുട്ടികളുടെ കൊഞ്ചലും കരച്ചിലുമില്ലാതെ ഈ വീട് മൗനത്തിലായിപ്പോയേനേ… ഞങ്ങളുടെ കുഞ്ഞ് ഒരുപാടുപേർക്ക് പ്രതീക്ഷയാകട്ടെ. ഞാൻ കിടന്ന ഗർഭപാത്രത്തിൽ തന്നെ എന്റെ മകളും നാമ്പെടുത്തു. ഒാർത്താൽ ഒരു മുത്തശ്ശിക്കഥപോലെ വിസ്മയകരമായ കാര്യങ്ങൾ. പ ക്ഷേ, അതിലെന്റെ കണ്ണീരുണ്ട്, നിരാശയുണ്ട്, പ്രതീക്ഷകളുണ്ട്. ഒടുവിൽ, ആഹ്ലാദവും.

ഒരു മാസത്തോളം മരുന്നു കഴിക്കണം. മൂന്നു മാസം തുടർപരിശോധനകൾക്കായി പുണെയിലേക്ക് വരികയും വേണം. അതുപോലെ അഞ്ചു വർഷം കഴിഞ്ഞിട്ടു മതി അടുത്ത കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാനെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഇനിയും കുട്ടികൾ വേണമെന്നു തന്നെയാണ് ആഗ്രഹം.’’

‘‘ബ്യൂട്ടി പാർലർ അടച്ചിട്ടിരിക്കുകയാണ്. കുറേ നാളുകളായി ഹോസ്പിറ്റലിൽ തന്നെയായിരുന്നല്ലോ ജീവിതം. ഇനിയത് തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങണം.’’ ഹിതേഷ് സ്വപ്നങ്ങളിലാണ്.

‘‘രാധയെ പ്രീസ്കൂളിൽ വിടുന്നതുവരെ ബ്യൂട്ടി പാർലറിലേക്കില്ല എന്ന നിലപാടിലാണ് മീനാക്ഷി. ഒരു മനോഹര ചിത്രത്തെയെന്നപോലെ കണ്ണുകൊണ്ടും കൈകൊണ്ടും രാധയെത്തഴുകിത്തഴുകി അങ്ങനെ…

കണ്ണീർ പുഞ്ചിരിയായ് മാറട്ടെ

മാറ്റിവച്ച ഗർഭപാത്രത്തിൽ നിന്ന് ജനിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ പന്ത്രണ്ടാമത്തെയും കുഞ്ഞാണ് മീനാക്ഷിയുടെ മകൾ രാധ. 2017 മെയ് 19നാണ് മീനാക്ഷിയിൽ അമ്മ സുശീലയുടെ ഗർഭപാത്രം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ ചെയ്യുന്നത്.

‘‘ലോകത്ത് ആദ്യമായി ഇത്തരത്തിൽ കുഞ്ഞ് ജനിച്ചത് 2014ൽ സ്വീഡനിലാണ്. മരിച്ച ഒരാളുടെ ഗർഭപാത്രം മാറ്റി വച്ച് അതിൽ കുഞ്ഞ് ജനിക്കുന്നത് 2017 ഡിസംബറിൽ ബ്രസീലിലാണ്. ആദ്യത്തെ ശസ്ത്രക്രിയ നടക്കുമ്പോൾ പ തിനഞ്ചു മണിക്കൂറോളം എടുത്തു ഗർഭപാത്രം പുറത്തെടുക്കാൻ. ഇവിടെ അഞ്ചു മണിക്കൂർ 20 മിനിറ്റു കൊണ്ട് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലാപ്രോസ്കോപിക് ശസ്ത്രക്രിയയ്ക്ക് ചെറിയ മുറിവേ ഉണ്ടാകുന്നുള്ളൂ. ശസ്ത്രക്രിയയ്ക്കെടുക്കുന്ന സമയവും കുറ വാണ്.’’ പുണെ ഗാലക്സി ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ. ശൈലേഷ് പുന്റംബെക്കർ പറയുന്നു.

മൂന്നു വർഷമായി ഗർഭപാത്രം മാറ്റി വെയ്ക്കുന്ന ശസ്ത്രക്രിയക്കായുള്ള തയാറെടുപ്പിലായിരുന്നു ഡോ. ശൈലേഷ്. വിദേശത്ത് പോയി ഗർഭപാത്രത്തിന്റെ അനാട്ടമി വിശദമായി പഠിച്ചെടുത്തു. മുൻപ് ഒരു സ്ത്രീയിൽ ഗർഭപാത്രം മാറ്റിവ ച്ചെങ്കിലും ഇതുവരെ കുഞ്ഞ് ഉണ്ടായിട്ടില്ല. അപ്പോഴാണ് മീനാക്ഷി ഡോക്ടറുടെ അരികിലെത്തുന്നത്.

വിജയശതമാനവും പരാജയ സാധ്യതയും വിശദമായി പറഞ്ഞു മനസ്സിലാക്കി. ഡോക്ടർമാരുടെ ഒരു സംഘത്തെ തയാറാക്കിയെടുത്തു. ട്രാൻസ്പ്ലാന്റ് സർജൻ മുതൽ ഗൈനക്കോളജിസ്റ്റും പ്ലാസ്റ്റിക് സർജൻമാരുമടക്കം 20 ഡോക്ട ർമാരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. കൃത്യമായ തയാറെടുപ്പുകളോടെയായിരുന്നു സർജറി.

നാലായിരത്തിൽ ഒരു പെൺകുട്ടി ഗർഭപാത്രമില്ലാതെയോ ചെറിയ ഗർഭപാത്രത്തോടുകൂടിയോ ജനിക്കുന്നുവെന്നാണ് കണക്ക്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ നാലു ലക്ഷത്തിലേറെ സ്ത്രീകൾ ഗർഭപാത്രമില്ലാത്തവരായി ഉണ്ട്. അ ർബുദവും മറ്റു കാരണങ്ങൾ മൂലവും ഗർഭപാത്രം നഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടി വരുന്നു. ഇവർക്കെല്ലാം സ്വന്തം രക്തത്തിലൊരു കുട്ടി ജനിക്കാൻ സഹായകമാക്കുകയാണ് ഈ മുന്നേറ്റത്തിലൂടെ.

‘‘കണ്ണും കരളും വൃക്കകളുമൊക്കെ അവയവദാനം നടത്താൻ നാം വളരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ അമ്മമാർ മുന്നോട്ടു വരികയാണെങ്കിൽ എത്രയോ പെ ൺകുട്ടികളുടെ കണ്ണീർ പുഞ്ചിരിയായി വിടരും.’’ സിസേറിയന് നേതൃത്വം നടത്തിയ ഡോ. മിലിന്ദ് ടെലാങ് പറയുന്നു.

ഗര്‍ഭപാത്രത്തിന് നാല് ധമനികളും നാലു സിരകളുമാണ് ഉള്ളത്. ഇവയ്ക്ക് ഒരു കേടും സംഭവിക്കാതെ തുന്നിച്ചേർ ക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. പതിനഞ്ചു മുതൽ പതിനെട്ടു ലക്ഷം വരെയാണ് ഈ ശസ്ത്രക്രിയയ്ക്കായി ചെലവ്.

കടപ്പാട്: വനിത

ഫോട്ടോ: അനിരുദ്ധ

About Intensive Promo

Leave a Reply

Your email address will not be published.