ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ പാക്സേനയുടെ പിടിയിലായ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറായ അഭിനന്ദൻ വർധമാെൻറ കുടുംബം ആശങ്കയിൽ. അഭിനന്ദനും ഭാര്യയും രണ്ട് മക്കളും ഡൽഹിയിലാണ് താമസിക്കുന്നത്. ചെന്നൈ താമ്പരം ചേലയൂർ മാടമ്പാക്കം ജലവായു വിഹാർ കോളനിയിൽ മാതാപിതാക്കളാണുള്ളത്.
അഭിനന്ദെൻറ വിഷയത്തിൽ പ്രതികരിക്കാൻ തക്ക മാനസികാവസ്ഥയിലല്ലെന്ന് പിതാവും റിട്ട. എയർ മാർഷലുമായ സിമ്മക്കുട്ടി വർധമാൻ മാധ്യമങ്ങളോട് അഭ്യർഥിച്ചു. ഇക്കാര്യമെഴുതിയ ചെറിയ ബോർഡും കോളനി ഗേറ്റിൽ സ്ഥാപിച്ചു. വിവരമറിഞ്ഞ് ബുധനാഴ്ച വൈകീട്ട് നിരവധി ചാനൽ-മാധ്യമ പ്രവർത്തകർ താമ്പരത്തെ വീട്ടിലെത്തിയിരുന്നു.
കുടുംബാംഗങ്ങളും ബന്ധുക്കളും പ്രാർഥനയോടെയും ആശങ്കയോടെയുമാണ് കഴിയുന്നത്. അഭിനന്ദനെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നയതന്ത്രതലത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് ഉന്നത വ്യോമസേന കേന്ദ്രങ്ങൾ ഇവരെ അറിയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഉന്നത വ്യോമസേന ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നേരിട്ടും ഫോണിലും ബന്ധപ്പെട്ട് ആശ്വസിപ്പിച്ചു.
‘സമണ’ (തമിഴ് ജൈനർ) മത വിശ്വാസികളാണ് അഭിനന്ദെൻറ കുടുംബം. ജന്മനാടായ തമിഴ്നാട്ടിലെ തിരുവണ്ണാമല തിരുപ്പനവൂർ ഗ്രാമത്തിൽനിന്ന് ജോലിയാവശ്യാർഥം വർഷങ്ങൾക്ക് മുമ്പേ ചെന്നൈയിലേക്ക് താമസം മാറ്റുകയായിരുന്നു. അഭിനന്ദൻ പാക് സൈനികരുടെ കസ്റ്റഡിയിൽ കഴിയുന്ന വിഡിയോ വൈറലായിട്ടുണ്ട്.
താൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനാണെന്നും തെൻറ നമ്പർ 27981 ആണെന്നും അഭിനന്ദൻ പാക് സൈനിക ഉദ്യോഗസ്ഥരോട് വിഡിയോയിൽ പറയുന്നുണ്ട്. മുഖത്ത് രക്തംപുരണ്ട് കൈകാലുകൾ കൂട്ടിക്കെട്ടിയനിലയിലാണ് പാക് സൈന്യം വിഡിയോയിൽ അഭിനന്ദനെ പ്രദർശിപ്പിച്ചത്.
2004ൽ വ്യോമസേനയിൽ ചേർന്ന അഭിനന്ദൻ ചെന്നൈ താമ്പരത്തെ തരമണി വ്യോമസേന കേന്ദ്രത്തിലാണ് പൈലറ്റായി (173 കോഴ്സ് വിഭാഗം) പരിശീലനം പൂർത്തിയാക്കിയത്. ചൊവ്വാഴ്ച പുലർച്ച വീണ മിഗ്-21 യുദ്ധവിമാനത്തിെൻറ പൈലറ്റായാണ് അഭിനന്ദൻ സേവനമനുഷ്ഠിച്ചത്.