സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയും പാകിസ്താനും ഒരു അപ്രഖ്യാപിത യുദ്ധമുൾപ്പെടെ നാലു വലിയ യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. 1947 ,1965 ,1971 ,1999 എന്നീ വർഷങ്ങളിലായിരുന്നു ഈ യുദ്ധങ്ങൾ കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ചെറുതും വലുതുമായ അതിർത്തി തർക്കങ്ങളും സൈനിക വിന്യാസങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുമുണ്ട്.
ഇന്ത്യയും പാകിസ്താനും സ്വതന്ത്രരായത് ഒരുമിച്ചാണ്. അതേ വര്‍ഷം തന്നെ രണ്ട് രാജ്യങ്ങളും പരസ്പരം യുദ്ധം ചെയ്തു. കശ്മീരിന്റെ പേരിലായിരുന്നു ആദ്യത്തെ യുദ്ധം. അങ്ങനെയാണ് നിയന്ത്രണ രേഖയും പാക് അധീന കശ്മീരും നിലവില്‍ വരുന്നത്
പിന്നീട് ഏതാണ്ട് 18 വര്‍ഷത്തോളം വലിയ പ്രശ്ങ്ങളൊന്നും ഇല്ലായിരുന്നു . എന്നാല്‍ 1965 ല്‍ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന് പേരിട്ട് നടത്തിയ പാകിസ്താന്‍ നുഴഞ്ഞ് കയറ്റമായിരുന്നു യുദ്ധത്തിലേക്ക് നയിച്ചത്. തന്ത്ര പ്രധാനമായ അഖ്നൂർ പിടിച്ചെടുത്ത് ഇന്ത്യൻ സൈന്യത്തെ തോൽപ്പിക്കാമെന്ന കണക്കുകൂട്ടലിൽ അതിക്രമിച്ചു കയറിയ പാക് സൈന്യത്തിന് പക്ഷെ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
ഈ യുദ്ധം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ടാങ്ക് യുദ്ധത്തിന് വഴിതെളിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തികള്‍ തിരിച്ചു പിടിച്ചതിനു പിന്നാലെ പാകിസ്ഥാനിലെ ലാഹോര്‍ വരെ കീഴടക്കി.ലഹോറിലേക്ക് ഇന്ത്യന്‍ സൈന്യം ഏറെ മുന്നേറിയെങ്കിലും യു എൻ ഇടപെടലുകളെ തുടർന്ന് യുദ്ധം അവസാനിപ്പിക്കാൻ തയ്യാറായി. 17 ദിവസം നീണ്ടു നിന്ന യുദ്ധം അങ്ങനെ അവസാനിച്ചു .
1966 ജനുവരി 10ന്, 1965ലെ ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള സമാധാനക്കരാറില്‍ ഇരു രാജ്യങ്ങളും താഷ്‌കന്റില്‍ വച്ച് ഒപ്പുവച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും പാകിസ്താന്‍ പ്രസിഡന്റ് മുഹമ്മദ് അയൂബ് ഖാനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്‍ മധ്യസ്ഥനായി.
ഐക്യരാഷ്ട്ര സഭ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, സോവിയറ്റ് യൂണിയന്‍ എന്നിവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകൊടുക്കാനും കാശ്മീരില്‍ 1949ലെ വെടിനിറുത്തല്‍ രേഖയിലേക്ക് പിന്മാറാനും ഇന്ത്യയും പാകിസ്ഥാനും നിര്‍ബന്ധിതരായി.
പക്ഷെ പിടിച്ചെടുത്ത 1920 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ഇന്ത്യക്ക് തിരികെ കൊടുക്കേണ്ടി വന്നത് സൈന്യത്തിന്റെ ആത്മവീര്യം തകര്‍ത്തു എങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വഴങ്ങുകയായിരുന്നു.
1965ലെ യുദ്ധം ഇന്ത്യയ്ക്കുനല്‍കിയ പ്രധാന പാഠം കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാമതൊരു കക്ഷിയെ ഇടപെടരുത്തരുത് എന്നതായിരുന്നു .
നേരിട്ടുള്ള ആക്രമണത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാകിസ്ഥാൻ അതോടെയാണ് ഇന്ത്യക്കെതിരെ തീവ്രവാദത്തെ കൂട്ടുപിടിക്കാൻ ആരംഭിച്ചത്
1971 ലെ ഇന്ത്യ-പാക് യുദ്ധം ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധമായിരുന്നു. അതുവരെ കിഴക്കന്‍ പാകിസ്താന്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തെ ഒരു രാജ്യമാക്കി ഇന്ത്യ മാറ്റി. അന്ന് പാകിസ്താന്‍ തോറ്റോടി.
പാക്കിസ്ഥാനില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനും കിഴക്കന്‍ പാക്കിസ്ഥാനുമായി രണ്ട് സംസ്‌ക്കാരത്തോടുകൂടിയ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. സാമ്പത്തികമായി ഏറ്റവും സമ്പന്നമായിരുന്നു ഇന്നത്തെ ബംഗ്ലാദേശായ കിഴക്കന്‍ പാക്കിസ്ഥാന്‍.
പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍, കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് ഉറുദുഭാഷ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമവും ചണവും ഗോതമ്പും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലേക്ക് കടത്തി തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന ചിന്തയും കിഴക്കന്‍ പാക്കിസ്ഥാനിൽ ഉണ്ടായിരുന്നു. അതിനിടെ 1971 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാക്കിസ്ഥാന്‍കാരനായ മുജീബ് റഹ്മാന് ഭൂരിപക്ഷം ലഭിച്ചു. ഇതിനെ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ എതിര്‍ത്തു. പ്രതിഷേധം ശക്തമാകുന്തോറും അടിച്ചമര്‍ത്തലും ശക്തമായി തുടര്‍ന്നു.
ഇതിനിടെ ‘മുക്തിവാഹിനി’ എന്ന സംഘടന കിഴക്കന്‍ പാക്കിസ്ഥാനിലെ പ്രക്ഷോഭകരോടൊപ്പം ചേര്‍ന്നു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പട്ടാള നടപടി ഉണ്ടായി. ആയിരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം രാജ്യം വിട്ടോടി.ബംഗാള്‍, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അഭയാര്‍ത്ഥിപ്രവാഹം ശക്തമായി .
പാക്കിസ്ഥാനുമായി അടുപ്പം പുലര്‍ത്തുന്ന അമേരിക്കയോടും ചൈനയോടും ഇതര രാജ്യങ്ങളോടും പ്രധാനമന്ത്രി ഇന്ദിരഗാന്ധി പ്രത്യേക ദൂതന്‍ മുഖേന ഈ വിഷയം അറിയിച്ചു. പക്ഷേ അവര്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്.
ചൈനയും അമേരിക്കയും വേണ്ടിവന്നാല്‍ തങ്ങളെ സഹായിക്കുമെന്നായിരുന്നു പാക്കിസ്ഥാൻ കരുതിയത് . ആ വിശ്വാസത്തോടെ ഡിസംബര്‍ മൂന്നിന് അര്‍ദ്ധരാത്രിയോടെ അന്‍പതോളം പാക്ക് വിമാനങ്ങള്‍ പഞ്ചാബിലും ജമ്മുകശ്മീരിലും മറ്റുമായി ഇന്ത്യയിലെ 11 വിമാനത്താവളങ്ങള്‍ ആക്രമിച്ചു. ഇതോടെ യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു.
ഡിസംബര്‍ നാലിന് ഇന്ത്യയുടെ വായുസേന കിഴക്കന്‍ പാകിസ്ഥാനിലെ വിമാനത്താവളങ്ങളും പട്ടാള ക്യാമ്പുകളും ഒന്നടങ്കം ആക്രമിച്ചു.93,000 പാക്ക് പട്ടാളക്കാര്‍ മേജര്‍ അറോറക്ക് മുമ്പില്‍ കീഴടങ്ങി. അതോടെ യുദ്ധത്തില്‍ ഇന്ത്യ പൂര്‍ണ്ണ വിജയം നേടുകയും ചെയതു
1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഷിംല കരാർ ഒപ്പുവെച്ചു . ഇതനുസരിച്ചു ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചു . ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി മാറി .
ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.
പതിനയ്യായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ പാകിസ്താന്‍ ഭൂമി ഇന്ത്യന്‍ പട്ടാളം അന്ന് കീഴടക്കിയിരുന്നു. എന്നാല്‍ സിംല കരാറിന്റെ പേരില്‍ ആ സ്ഥലമെല്ലാം ഒരു സമ്മാനമായി ഇന്ത്യ തിരിച്ച് കൊടുത്തു.
1999 ലായിരുന്നു കാർഗിൽ യുദ്ധം . ഇതും തുടങ്ങി വെച്ചത് പാകിസ്ഥാൻ ആയിരുന്നു. ജയിച്ചത് ഇന്ത്യയും . കാശ്മീരിലെ കാര്‍ഗില്‍, ദ്രാസ്, ബതാലിക് മേഖലകളില്‍ പാക് സൈന്യവും കാശ്മീര്‍ തീവ്രവാദികളും നടത്തിയ നുഴഞ്ഞു കയറ്റമാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്.
വിഘടനവാദികള്‍ ഇടക്കിടെ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണെന്നായിരുന്നു ആദ്യമൊക്കെ സൈന്യം കരുതിയിരുന്നത്. അതിനാൽ,വസങ്ങള്‍ക്കകം ഇത് പരാജയപ്പെടുത്താമെന്ന് കരുതി. എന്നാല്‍ നിയന്ത്രണ രേഖയുടെ പല ഭാഗങ്ങളില്‍ പാക് സൈന്യം സമാനനീക്കങ്ങള്‍ നടത്തുന്നതായി സൈന്യം കണ്ടെത്തി.
ലോകത്തിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സ് പിടിച്ചെടുത്തായിരുന്നു പാക് നീക്കം. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മിറ്റർ സ്ഥലത്തു പാക് സൈന്യം അധിനിവേശം നടത്തി. കൊടും തണുപ്പ് കാലത്ത് സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന തക്കം മുതലാക്കിയാണ് പാകിസ്ഥാൻ സൈന്യം അതിർത്തി കടന്നത്. 1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ തന്നെ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് വിവരം
1999 ജൂലൈ മൂന്നിനാണ് ടൈഗര്‍ ഹില്‍ പിടിച്ചടക്കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട കരസേനയുടേയും വ്യോമസേനയുടേയും സംയുക്തനീക്കം രണ്ട് മാസത്തിലധികം നീണ്ടു . പോരാട്ടത്തിനൊടുവില്‍ യുദ്ധമേഖലയായ ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചു പിടിച്ചതോടെയാണ് കാര്‍ഗില്‍ യുദ്ധം അവസാനിച്ചത്
ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് 2016ൽ അർധ രാത്രി ഇന്ത്യ പാകിസ്താന് തിരിച്ചടി നൽകിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം കുപ്വാരയ്ക്കും പൂഞ്ച് സെക്ടറിനും സമീപമായിരുന്നു അന്ന് ആക്രമണം. 45 പേരാണ് കൊല്ലപ്പെട്ടത്.
2016ലെക്കാൾ വലിയ ആക്രമണമാണ് ഇക്കുറി ഇന്ത്യ നടത്തിയിരിക്കുന്നത്. പുൽവാമ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ മുന്നിൽ കണ്ടിരുന്നു. ചെറുത്ത് നിൽപ്പിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടി നൽകിയത്.
നിരന്തരം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ജെയ്ഷെ മുഹമ്മദിന്റെ ബാലക്കോട്ടെ എന്ന ഏറ്റവും വലിയ ഭീകരക്യാമ്പ് തകർക്കാൻ ഇന്ത്യയ്ക്കായി
കാർഗിൽ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ആക്രമണത്തിനായി മിറാഷ് 2000 പോർ വിമാനങ്ങൾ ഉപയോഗിക്കുന്നത്.