Breaking News
Home / Lifestyle / പാക്കിസ്ഥാനെ വട്ടം കറക്കിയ യുദ്ധതന്ത്രം ഇതായിരുന്നു ശ്വാസം പോലും വിടാൻ നൽകാതെ ഇന്ത്യൻ സൈന്യം

പാക്കിസ്ഥാനെ വട്ടം കറക്കിയ യുദ്ധതന്ത്രം ഇതായിരുന്നു ശ്വാസം പോലും വിടാൻ നൽകാതെ ഇന്ത്യൻ സൈന്യം

പാക്കിസ്ഥാന്റെ വ്യോമമേഖലയിലേക്ക് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ കടന്നുകയറുന്നത് 1971-നു ശേഷം ഇതാദ്യം. ഇതിനു മുന്‍പ് 1971 ലെ യുദ്ധ സമയത്താണ് ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് വ്യോമമേഖലയിലേക്കെത്തിയത്. അതിനു ശേഷം 1999ലെ കാര്‍ഗില്‍ യുദ്ധസമയത്തു പോലും നിയന്ത്രണ രേഖ മറികടക്കാന്‍ ഇന്ത്യന്‍ സേന തയാറായിരുന്നില്ല.

പാക് അതിര്‍ത്തിക്കപ്പുറം ഏതാണ്ട് 50 മൈല്‍ ദൂരം വരെ കടന്നെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ ബലാക്കോട്ടില്‍ ജയ്‌ഷെ ഭീകര പരിശീലന ക്യാമ്പ് തകര്‍ത്തത്. 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കാൾ പലമടങ്ങ് കരുത്തുള്ളതാണ് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0’ന് ഇക്കുറി ഇന്ത്യ തിരഞ്ഞെടുത്തത്.

1000 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ മൂന്ന് ഇടങ്ങളിലുമായി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചു. അതേസമയം ജയ്ഷ് ഭീകരകേന്ദ്രങ്ങളില്‍ ലേസര്‍ ഗൈഡഡ് ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏകദേശം 300 ന് അടുത്ത് വരുമെന്നാണു വിവരം.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉറിക്കു മറുപടിയായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായതുപോലെ ഏതു നിമിഷവും ഇന്ത്യയുടെ മറുപടി ഉണ്ടാകുമെന്ന് പാക്കിസ്ഥാന് അറിയാമായിരുന്നു. പാക്ക് സേന ഇത്രയും ജാഗ്രത പാലിച്ചിട്ടും ഇന്ത്യന്‍ വിമാനങ്ങള്‍ പാക്കിസ്ഥാനിലേക്കു പറന്നു.

ലക്ഷ്യം നടപ്പാക്കുകയും ചെയ്തു. പാക്ക് വ്യോമസേനയുടെ കണ്ണുവെട്ടിച്ച് അവരുടെ മണ്ണിലെത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു തിരിച്ചെത്തിയത് ഇന്ത്യന്‍ വ്യോമസേനയുടെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നാണ്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് വ്യോമസേന കുതിച്ചെത്തി ആക്രമിച്ചത്.

ഭൂമിക്കടിയിലെ ഗർത്തങ്ങൾ അതും ആഡംബര ഗർത്തങ്ങൾ കുഴിച്ച് അതിനുള്ളിൽ സുരക്ഷിതരായി ഒളിച്ചിരുന്ന തീവ്രവാദികളെയാണ് ശ്വാസം പോലും വിടാൻ നൽകാതെ ഇന്ത്യൻ സൈന്യം തകർത്തെറിഞ്ഞത്. ശത്രുപാളയത്തില്‍ കൃത്യമായി പ്രഹരം ഏല്‍പ്പിക്കാനുള്ള മികവാണ് നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിനായി ഇന്ത്യൻ വ്യോമസേന മിറാഷ് 2000 വിമാനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കാരണം. എതിരാളികള്‍ക്കു അണുവിട പോലും സംശയം തോന്നാതിരിക്കാൻ അഞ്ചു വ്യോമതാവളങ്ങളില്‍ നിന്നാണ് മിറാഷ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ.

വെറും 21 മിനിറ്റിനുള്ളില്‍ നിയന്ത്രണരേഖ കടന്ന് കനത്ത പ്രഹരം ഏല്‍പ്പിച്ച് വിമാനങ്ങള്‍ മടങ്ങിയെത്തി. അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള 12 മിറാഷ് 2000 വിഭാഗത്തിലെ പോര്‍വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. വേഗതയ്ക്കൊപ്പം കൃത്യതയുടെ മികവാണ് ഈ വിമാനത്തെ ആകാശത്തെ മികച്ച പോരാളിയാക്കുന്നത്. 10 മിനിറ്റിനുള്ളിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെ ആകാശത്തെത്താൻ മിറാഷിനാകും.

14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്സ്പാനുമുള്ള വിമാനം ഒരു ഫൈറ്റർ പൈലറ്റിനെയാണ് ഉള്‍ക്കൊള്ളുക. നിലവില്‍ എം2000 എച്ച്, എം2000 ടിഎച്ച്, എം2000 ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ട്. 2030 ല്‍ ഇതില്‍ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്.

ഇന്ത്യന്‍ വ്യോമസേന ഇതിനിട്ടിരിക്കുന്ന പേര് ‘വജ്ര’ എന്നാണ്. അതേസമയം ഇന്ത്യയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൃത്യമായി വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബാലാകോട്ടിലെ ഏറ്റവും വലിയ ജയ്‌ഷെ ക്യാംപിലാണ് ആക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും അറിയിച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത ആക്രമണത്തിന് തയ്യാറായ ചാവേറുകളുടെ സംഘമുൾപ്പെടുന്ന ബാലകോട്ട് തന്നെയാണ് സൈന്യം ആക്രമിച്ചത്. പാക്കിസ്ഥാനിലെ ഒരു പൗരനുപോലും പോറലേറ്റിട്ടില്ലന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. മിന്നലാക്രണത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തിലെ ആർക്കും തിരിച്ചടിയിൽ പരുക്കുകളില്ലന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

ജെയ്ഷെ തലവൻ മൗലാന മസൂദ് അസറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഘൗരി എന്ന് അറിയപ്പെടുന്ന മൗലാന യൂസുഫ് അസ്ഹറാണ് ഈ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം കൊടുക്കുന്നത്. പഠാന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കുള്ള പങ്ക് പലതവണ ഇന്ത്യ നല്‍കിയെങ്കിലും ശക്തമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറായിരുന്നില്ല.

About Intensive Promo

Leave a Reply

Your email address will not be published.