ദുബായിലെ മുഹൈസിനയിൽ താമസിക്കുന്ന ചലച്ചിത്ര സംവിധായകനും നടനുമായ നാദിർ ഷായുടെ സഹോദരൻ സാലിക്കും കുടുംബത്തിനും ഇതു രണ്ടാംജന്മം. ജോലികഴിഞ്ഞു പാതിരാത്രി തിരിച്ചുവരുന്ന സുഹൃത്തിന്റെ ഒരു ടെലിഫോൺ വിളിയാണ് സാലിക്കും കുടുംബത്തിനും ജീവിതം തിരിച്ചു നൽകിയത്.
രാത്രി രണ്ടുമണിക്ക് ജോലി കഴിഞ്ഞു തിരിച്ചുവരുന്ന സഹപ്രവർത്തകൻ അനീസ്. തന്റെ സുഹൃത്തും കുടുംബവും താമസിതാമസിക്കുന്ന കെട്ടിടത്തിൽ തീയും പുകയും കാണുന്നു. താഴെ ആംബുലൻസ് വാഹനങ്ങൾ സർവസജ്ജമായി നിൽക്കുന്നുണ്ട്.ഫോൺ എടുത്ത് സുഹൃത്തിനെ വിളിച്ചു ‘ സാലീ.. നീ എവിടെയാണ് ? നിന്റെ കെട്ടിടത്തിന് താഴെ ആളുകളും ആംബുലൻസ് തടിച്ചു കൂടിയിരിക്കുകയാണ് .
ഈ ഫോൺ വിളി സാലിക്ക് ഒരു ദൈവദൂതന്റെ അറിയിപ്പ് പോലെയാണ് അനുഭവപ്പെട്ടത്. ഉറക്കച്ചടവോടെ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കി. ആളുകൾ മുകളിലേക്ക് നോക്കി നിൽക്കുന്നു, ചിലര്‍ ടോര്‍ച്ച് തെളിച്ചു മുഖം കാണാൻ ശ്രമിക്കുന്നുണ്ട്.ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണർത്തി. വാതിൽ തുറന്നപ്പോൾ കൂരിരുട്ട്, കറുത്ത പുക പരിസരമാകെ പരന്നിരിക്കുന്നു.
വാതില്‍ തുറന്ന പാടെ കറുത്ത പുക മുറിയിലേക്കും കടന്നു. കത്തിക്കരിഞ്ഞ മണം മൂക്കിലടിച്ചു . പുറത്തേയ്ക്ക് കടക്കാൻ യാതൊരു നിർവാഹവുമില്ല. വാതിലടച്ചു കുട്ടികളെയും കൂട്ടി കെട്ടിടത്തിന്റെ ബാൽക്കണിയിൽ അഭയം തേടി. താഴെയുള്ളവരോട് രക്ഷിക്കാൻ അഭ്യർത്ഥിച്ചു. പലരും താഴെനിന്നു സാന്ത്വനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. മരണം മുഖാമുഖം കണ്ടു കുട്ടികളും നിലവിളിക്കാൻ തുടങ്ങി. പ്രതീക്ഷ അസ്തമിച്ച നിമിഷങ്ങള്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ അടഞ്ഞ വാതിൽ തള്ളി തുറന്നു ഒരു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ സാലിയുടെയും കുട്ടികളുടെയും അടുത്തെത്തി. പേടിക്കരുതെന്നു പറഞ്ഞു , അയാളെ പിന്തുടരാൻ നിർദേശിച്ചു. ആ ഉദ്യോഗസ്ഥൻ പോകുന്ന വഴിയിയിലൂടെ ഇരുട്ടത്ത് ജീവൻ കയ്യിൽ പിടിച്ചു പുകച്ചുരുളുകൾക്കിടയിലൂടെ കുട്ടികളുമായി പുറത്തേയ്ക്ക് ഇറങ്ങി മൂന്നു വയസ്സുള്ള മകനെ തോളോട് ചേർത്താണ് സാലി ഗോവണിപ്പടികൾ ഇറങ്ങിയത്. രക്ഷയ്ക്ക് എത്തിയ രണ്ടാമത്തെ ദൈവദൂതായിരുന്നു ആ ഉദ്യോഗസ്ഥനെന്നു സാലി പറയുന്നു.
സാലി സഅബീല്‍ ഓഫീസിലാണ് ജോലിചെയ്യുന്നത്. ഒരു സുഡാനി കുടുംബം താമസിക്കുന്ന തൊട്ടടുത്ത ഫ്‌ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ളവരെല്ലാം പുറത്തിറങ്ങിയിരുന്നെങ്കിലും ഉറക്കത്തിൽ സാലിയും കുടുംബവും ഒന്നും അറിഞ്ഞിരുന്നില്ല. ഫ്ലാറ്റ് ജീവിത സംസ്കാരത്തിൽ ആർക്കും പരസ്പരം ടെലിഫോൺ നമ്പർ അറിയാത്തതിന്റെ ഗൗരവം ഇത്തരം സന്ദർഭങ്ങളിലാണ് അനുഭവിച്ചറിയുകയെന്നു സാലി പറയുന്നു. പതിനൊന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നതിന്റെ ഉള്‍ക്കിടിലം ഇപ്പോഴും സാലിയെ വിട്ടുപോയിട്ടില്ല.
സിവില്‍ ഡിഫന്‍സ് സേവനം മഹത്തരം
ജീവന്‍ പണയം വച്ച് കുടുംബത്തെ രക്ഷിക്കാന്‍ തീ പിടിച്ച കെട്ടിടത്തിലേക്ക് ഒരു സഹസികനെപ്പോലെ കുതിച്ചെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ സാലിക്കും കുടുംബത്തിനും ഒരു മാലാഖയപ്പോലെയാണ്. അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും മനോധൈര്യവുമാണ് അഞ്ചു ജീവനുകള്‍ക്ക് രക്ഷാകവചമായതെന്നു സാലി ഉറപ്പിച്ചു പറയുന്നു
ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ സാലിയും കുടുംബവും ഖുസൈസ് സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിൽ പോയി ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു. ഒരു ‘സന്തോഷ കേക്ക്’ സമ്മാനിച്ചാണ് അവര്‍ തിരിച്ചുപോന്നത്. മൂന്നുവയസ്സായ മകന്‍ സുഫ്യാനെ ഉദ്യോഗസ്ഥര്‍ ലാളിച്ചു, ഒരു കുടുംബത്തെ അഗ്നിബാധയില്‍ നിന്നു രക്ഷിക്കാന്‍ കഴിഞ്ഞ നിവൃതി അവരുടെ മുഖത്തും വിടര്‍ന്നിരുന്നു