ഈയടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട, കൊമേഴ്സ്യൽ സിനിമയുടെ അനിഷേധ്യമായ നടപ്പുശീലങ്ങളിൽ മാറി പ്രേക്ഷകർക്കായി വിസ്മയം ഒരുക്കിയ “ജോസഫ് – man with the scar” എന്ന മലയാളസിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്നാണ് പുതിയ സൂചനകൾ.
റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ജോസഫ് ആയി ജോജു തകർത്തഭിനയിച്ച ചിത്രം തമിഴിൽ എത്തുമ്പോൾ ആ നായക കഥാപാത്രം ചെയ്യാൻ പോകുന്നത് മക്കൾ സെൽവൻ സാക്ഷാൽ വിജയ് സേതുപതിയാണെന്നാണ് കേൾക്കുന്നത്. അങ്ങിനെയെങ്കിൽ ആ കഥാപാത്രത്തോട് ഏറ്റവും നീതി പുലർത്താൻ വിജയ് സേതുപതിക്ക് കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല.
ഈ റിമേക്ക് യാഥാർത്ഥ്യമായാൽ സിനിമാസ്വാദകർക്കും ആരാധകർക്കും അതൊരുപോലെ വിരുന്നായിരിക്കും. റിമേക്ക് സംബന്ധമായ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എങ്കിലും നായക കഥാപാത്രം ചെയ്യാൻ വിജയ് സേതുപതി തയ്യാറാണെങ്കിൽ മാത്രം ഈ റീമേക്ക് സംഭവിക്കും എന്നാണ് അറിയാൻ കഴിയുന്നത്. എം പത്മകുമാർ തന്നെ ജോസഫ് തമിഴ് റീമേക്ക് ചെയ്യുമോ എന്ന കാര്യവും പരിഗണനയിലാണ്.
2018ൽ റിലീസായി വാണിജ്യസിനിമകളുടെ നാട്ടുനടപ്പുകളെ മറികടന്നു മികച്ച വിജയമായി മാറിയ ചിത്രമായിരുന്നു ജോസഫ്. 103 ദിവസമാണ് ജോസഫ് തിയറ്ററുകളിൽ ഓടിയത്. ഒന്നാംതരം അന്വേഷണാത്മക ത്രില്ലറായ ഈ ചിത്രത്തിൽ ജോജു ജോർജ്ജ് എന്ന നടന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം മലയാളികൾ കണ്ടു.
ഈ പ്രകടനം ജോജുവിനെ സംസ്ഥാന അവാർഡ് നോമിനേഷൻ ലിസ്റ്റിൽ വരെ എത്തിച്ചു. ഒപ്പം എം. പദ്മകുമാർ എന്ന സംവിധായകനെ എഴുതിത്തള്ളാറായിട്ടില്ല എന്നും തെളിയിച്ച ചിത്രം കൂടിയാണ് ജോസഫ്. എന്നിരുന്നാലും ഷാഹി കബീർ എഴുതിയ തിരക്കഥയും ജോജു ജോർജ് എന്ന നടന്‍റെ ‘വേഴ്സറ്റൈൽ’ എന്നുപറയാവുന്ന പ്രകടനവുമാണ് ജോസഫിന്‍റെ ഹൈലൈറ്റുകൾ.