Breaking News
Home / Lifestyle / പത്രവണ്ടി’ എന്നറിയപ്പെടുന്ന 47 വർഷം പഴക്കമുള്ള ഒരു KSRTC ബസ് സർവ്വീസ്

പത്രവണ്ടി’ എന്നറിയപ്പെടുന്ന 47 വർഷം പഴക്കമുള്ള ഒരു KSRTC ബസ് സർവ്വീസ്

പുളളിക്കാനം കിഴക്കൻ മേഖലയിലെക്കുള്ള ആദ്യ കെഎസ്ആർടിസി. പത്രവണ്ടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോട്ടയം – പുളളിക്കാനം ബസ് ഈരാറ്റുപേട്ടയിലൂടെ കടന്നുപോവുന്ന ഏറ്റവും പഴക്കം ചെന്ന ബസ് സർവ്വീസുകളിൽ ഒന്നാണ്. കല്ലും മണ്ണും നിറഞ്ഞ റോഡുകളുള്ള അക്കാലത്ത് കൃത്യമായി പറഞ്ഞാൽ 1971-ൽ ആണ് കോട്ടയം – വാഗമൺ എന്ന പേരിൽ ബസ് സർവീസിന് തുടക്കമാവുന്നത്.

ബസിന്റെ ചരിത്രത്തിലേക്ക്. അക്കാലത്ത് വാഗമൺ റൂട്ടിലോടിയിരുന്ന ‘PTMS’ എന്ന സ്വകാര്യ ബസ് ബസ് വിദ്യാർത്ഥികളെ കയറ്റാൻ കഴിയാത്തതിനാൽ രാവിലെ 8-30 നു വാഗമണ്ണിൽ നിന്ന് ഈരാറ്റുപേട്ടയിലെക്കുള്ള ട്രിപ്പ് നിർത്തലാക്കുകയുണ്ടായി. അതു മൂലം വെള്ളികുളം സ്കൂളിലെ കുട്ടികൾക്കടക്കം യാത്രാ സൗകര്യം ഇല്ലാതായി. ഇതോടെ വെള്ളികുളം സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു പറ്റം ആളുകൾ ഒരു കെഎസ്ആർടിസി സർവീസിനായി തിരുവനന്തപുരത്തെക്ക് യാത്ര തിരിച്ചു.

അന്നത്തെ പൂഞ്ഞാർ MLA യും സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന K.M.ജോർജ് സാറിനെ കണ്ട് വിവരം ധരിപ്പിക്കുകയും, അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായതു കൊണ്ടുമാണ് കോട്ടയം ഡിപ്പോയിൽ നിന്ന് വാഗമണ്ണിലെക്ക് ബസ് ആരംഭിച്ചത്.(പാലാ, ഈരാറ്റുപേട്ട ഡിപ്പോകൾ അന്ന് നിലവിലില്ല).

പുതുതായി തുടങ്ങിയ കെഎസ്ആർടിസി ബസിന് രാജകീയ സ്വീകരണമാണ് അന്ന് വഴി നീളെ ഒരുക്കിയിരുന്നത്. തോരണങ്ങളും പുഷ്പവൃഷ്ടിയുമായി നാട്ടുകാർ ബസിനെ വരവേറ്റു. പുള്ളിക്കാനം എസ്റേററ്റ് തൊഴിലാളികളുടെ സൗകര്യാർത്ഥം ബസ് പിന്നീട് പുള്ളിക്കാനത്തെക്ക് നീട്ടുകയാണുണ്ടായത്. സർവീസ് നിന്നു പോവാതിരിക്കാനായി യാത്ര ചെയ്യാതെ വഴിവക്കിൽ നിന്നും വരെ ആളുകൾ വെറുതെ ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നു എന്നു പഴമക്കാർ പറയുന്നു.

47 വർഷമായി ഓടുന്ന ഈ ബസ് സർവീസ് അന്നും ഇന്നും ‘പത്രവണ്ടി’ എന്നാണ് അറിയപ്പെടുന്നത്. കോട്ടയത്തുനിന്ന് രാവിലെ ബസ് എടുത്താൽ നിറയെ പത്രക്കെട്ടുകളാണ്. ഏറ്റുമാനൂർ തൊട്ട് പുളളിക്കാനം വരെയുള്ള സ്ഥലങ്ങളിലെക്കുള്ള പത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം. തിരിച്ച് പുള്ളിക്കാനം പോസ്റ്റ് ഓഫീസിലേതടക്കം എഴുത്തുകൾ (Mail) കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെക്ക് എത്തിക്കുന്നതും പുളളിക്കാനം ബസ് തന്നെ. പിന്നീട് പാലാ ഡിപ്പോയും ഇപ്പോൾ ഈരാറ്റുപേട്ട ഡിപ്പോയുമാണ് ഏറ്റവും പഴക്കം ചെന്ന ഈ ബസ് ഓപ്പറേറ്റ് ചെയ്യുന്നത്.

അക്കാലത്ത് ഈ ബസിലെ ജീവനക്കാർ യാത്രക്കാർക്ക് കുടുംബാംഗങ്ങളെ പോലായിരുന്നു. കുശലം പറഞ്ഞ്, സൗഹൃദം പുതുക്കിയുള്ള ആ യാത്രകൾ ഒരു അനുഭവം തന്നെ ആയിരുന്നു എന്നും പറയപ്പെടുന്നു. കിഴക്കൻ മേഖലകളിലെ യാത്രക്കാരുടെ ഏറ്റവും പഴക്കം ചെന്ന ബസ് സർവീസ് അങ്ങനെ 47 വർഷം പൂർത്തിയാക്കുകയാണ്.

കടപ്പാട് – റാഷി നൂറുദ്ദീൻ.

About Intensive Promo

Leave a Reply

Your email address will not be published.