Breaking News
Home / Lifestyle / നാല്‍പതിലെത്തി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് എത്രത്തോളം ലൈംഗികതയെ കുറിച്ച് തുറന്നു പറയാനാകും

നാല്‍പതിലെത്തി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് എത്രത്തോളം ലൈംഗികതയെ കുറിച്ച് തുറന്നു പറയാനാകും

സ്ത്രീകള്‍ക്ക് എത്രത്തോളം ലൈംഗികതയെ കുറിച്ച് തുറന്നു പറയാനാകും? പ്രത്യേകിച്ച് നാല്‍പതിലെത്തി നില്‍ക്കുന്ന സ്ത്രീകള്‍ക്ക്? പറഞ്ഞാല്‍ തന്നെ ഭര്‍ത്താവടക്കം എത്രപേര്‍ അതിനെ അംഗീകരിക്കും? ആ അവസ്ഥയെ കുറിച്ച് അധ്യാപികയായ ഗീത തോട്ടം എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇരുപത്തഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും രതിസുഖം അനുഭവിച്ചിട്ടില്ലെന്ന് പറഞ്ഞ സുഹൃത്തിനെ കുറിച്ചും ഗീത കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! പരസ്പര സഹകരണത്തോടെ സംഭവിച്ചുപോകുന്ന ഒന്നല്ലേ അത്? അങ്ങനെയാവുമ്പോഴല്ലേ ഇരുവരും അതിൽ നിന്ന് ആനന്ദം അനുഭവിക്കുകയുള്ളൂ! മുൻകൂട്ടി നിശ്ചയിച്ച ടൈംടേബിൾ പ്രകാരം എല്ലാ ഞായറാഴ്ചയും എന്നോ ആഴ്ചയിൽ രണ്ടു ദിവസം എന്നോ… ഇഷ്ടമില്ലാത്തയാളെ സഹിക്കാനുള്ള ബാധ്യതയായി മാറുമ്പോൾ രതി, പീഡനമായി മാറുന്നു എന്നും ഗീത എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ലൈംഗികതയെക്കുറിച്ച് സ്ത്രീകൾ അതും അദ്ധ്യാപിക എഴുതുന്നത് മോശമാണെന്ന് പല സുഹൃത്തുക്കളും മുന്നറിയിപ്പ് നൽകിയിട്ടുള്ളത് തൽക്കാലം അവഗണിക്കുന്നു.

മധ്യവയസ്സാകുന്നതോടെ സ്ത്രീകളിൽ ലൈംഗികത അവസാനിച്ചു എന്ന് കരുതുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. അതിൽ കൂടുതലും സ്ത്രീകൾ തന്നെയാണ് . ”ഓ വയസ്സ് പത്തു നാല്പത്തഞ്ചായില്ലേ? നമ്മള് പെണ്ണുങ്ങളൊക്കെ ഇനി വല്ലോടത്തും അടങ്ങിയൊതുങ്ങിക്കഴിയുന്നതാ നല്ലത്” എന്നതാണ് സമൂഹത്തിന്റെ കാഴ്ചപ്പാടും.

നാല്പപതുകളിലെ കുസൃതിക്കളികൾ പുരുഷന് അംഗീകരിച്ചു കൊടുത്തിരിക്കുന്നതിന്റെ കാരണവും ഈ വിശ്വാസമാവാം. ‘ഭാര്യയ്ക്ക് വയസ്സായി. അയാളിപ്പഴും ചെറുപ്പമാ, ആണല്ലേ എത്രയാന്ന് വച്ചിട്ടാ അടക്കുന്നത്?’ എന്നൊക്കെ വേലി ചാടുന്ന പുരുഷന്മാരെ ന്യായീകരിച്ച് സ്ത്രീകൾ തന്നെ അനുകൂല പ്രസ്താവനകൾ ഇറക്കാറുമുണ്ട്.

ഒരു സുഹൃത്തുമായുള്ള സംഭാഷണമാണ് ഈ എഴുത്തിനു പിന്നിൽ. എന്റെ പ്രായം തന്നെ അവൾക്കും. പക്ഷെ, കണ്ടാൽ ഒരു നാല്പതേ മതിക്കൂ. മതിക്കുന്നതല്ലല്ലോ പ്രശ്നം മനസ്സല്ലേ. അവൾ എന്നോട് പറഞ്ഞു ”ഗീതാ മരിക്കുന്നതിനു മുൻപ് ഒരു നല്ല ലൈംഗികാനുഭവം വേണമെന്നുണ്ട്. ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിഞ്ഞിട്ടില്ല!” അതിനു വേണ്ടി എന്തു സാഹസത്തിനും ഒരുമ്പെട്ടു നിൽക്കുകയൊന്നുമല്ല അവൾ.

ഒരു പ്രണയമില്ലാതെ പോയതിന്റെ നഷ്ടബോധമാണ്, ഇതുവരെ അറിഞ്ഞിട്ടില്ലാത്ത രതിസുഖത്തേക്കാൾ അവളെ ദുഃഖിപ്പിക്കുന്നത്. പ്രണയത്തിലൂടെയല്ലാതെ ശമിച്ചു പോകാൻ അവൾ അങ്ങനെ മദംപൊട്ടി നിൽക്കുകയൊന്നുമല്ല. പ്രണയമുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അതെങ്കിലും ഒന്നറിഞ്ഞേനെ എന്നാണ്.

കാൽ നൂറ്റാണ്ടു കാലത്തെ ദാമ്പത്യത്തിൽ തനിക്ക് തൃപ്തി കിട്ടുന്നില്ലെന്ന് ഭർത്താവിനോട് പറയാൻ പറ്റാത്ത ഭാര്യ! ഇത് എത്രയോ ഭാര്യമാരുടെ കഥയാണ്, ജീവിതമാണ്! (കാമുകിയില്ലായിരുന്നെങ്കിൽ വല്ലപ്പോഴുമൊക്കെ ഒരു ചടങ്ങു പോലെ നടത്തുന്ന യാന്ത്രികതയല്ല അനുഭൂതിസാന്ദ്രമായ പരമാനന്ദമാണ് അതെന്നറിയാതെ, അത്രയും സുന്ദരമായ ഒന്ന് അനുഭവിക്കാതെ താൻ മരിച്ചു പോവുമായിരുന്നു എന്ന് പറഞ്ഞ ഒരു പുരുഷ സുഹൃത്തിനെയും ഇവിടെ സ്മരിക്കുന്നു.)

അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്. കേരളത്തിൽ മാത്രമൊന്നുമല്ല ഇത്തരം ഹതഭാഗ്യകൾ ഉള്ളത്. കപടസദാചാരത്തിൽ മുഴുകി ആൺകോയ്മയിൽ അടിയുറച്ച് വിശ്വസിച്ച് അടക്കമാണ്, അടുക്കളയാണ് പെണ്ണ് എന്ന് ധരിച്ചുവശായിരിക്കുന്ന ആണും പെണ്ണും ഉള്ളിടത്തോളം, മുട്ടിനിൽക്കുന്ന കെട്ടിയവന് ചടുപടോന്ന് പെയ്തുതീരാനും വല്ലപ്പോഴുമൊക്കെ അറിയാതെ സംഭവിച്ചു പോകുന്ന കുഞ്ഞുങ്ങളെ പ്രസവിക്കാനുമുള്ള ഉപകരണമായി ഭാര്യമാർ മാറും.

ഇനി ഏതെങ്കിലുമൊരു പെണ്ണ് ലൈംഗികമായ അതൃപ്തിയെപ്പറ്റിയോ പുതിയ എന്തെങ്കിലും രീതികളെപ്പറ്റിയോ ഭർത്താവിനോട് പറഞ്ഞു പോയാലോ? എന്തായിരിക്കും അയാളുടെ പ്രതികരണം! എങ്ങനെയായിരിക്കും പിന്നീടയാൾ അവളോടു പെരുമാറുന്നത്?

അത്തരം പെരുമാറ്റങ്ങളുടെ അനന്തര ഫലമായിരിക്കുമല്ലൊ ദാമ്പത്യത്തിന്റെ രജതജൂബിലി കഴിഞ്ഞ ഒരുത്തി സ്വന്തം ആത്മാവിനെപ്പോലെ വിശ്വസിക്കാവുന്ന ഒരു കൂട്ടുകാരിയുടെ മുന്നിൽ പേടിച്ചും നാണിച്ചും വിക്കിവിക്കി “ഫോണിലൂടെയല്ലാതെ നിന്നോടും എനിക്കിതു പറയാൻ വയ്യ” എന്നു കരഞ്ഞത്!

ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! പരസ്പര സഹകരണത്തോടെ സംഭവിച്ചുപോകുന്ന ഒന്നല്ലേ അത്? അങ്ങനെയാവുമ്പോഴല്ലേ ഇരുവരും അതിൽ നിന്ന് ആനന്ദം അനുഭവിക്കുകയുള്ളൂ! മുൻകൂട്ടി നിശ്ചയിച്ച ടൈംടേബിൾ പ്രകാരം എല്ലാ ഞായറാഴ്ചയും എന്നോ ആഴ്ചയിൽ രണ്ടു ദിവസം എന്നോ… ഇഷ്ടമില്ലാത്തയാളെ സഹിക്കാനുള്ള ബാധ്യതയായി മാറുമ്പോൾ രതി, പീഡനമായി മാറുന്നു.

ഇതു സ്ത്രീയുടെ കാര്യം. പുരുഷന്റെ കാര്യം ഇതിലും കഷ്ടമാണ്. രതി ഒരനുഷ്ഠാനമാകുമ്പോൾ പുരുഷൻ പലപ്പോഴും കഴിവു കെട്ടവനാകും. സ്ത്രീക്ക് വഴങ്ങിക്കൊടുത്താൽ മതിയെങ്കിൽ പുരുഷൻ കാർമ്മികനാകേണ്ടതുണ്ടെന്നാണ് നാം പഠിച്ചുവച്ചിട്ടുള്ളത്. ഇഷ്ടമില്ലാതെങ്ങനെയാണ് ‘കർമ്മം’ ചെയ്യാനാവുക? ‘കാമസൂത്രം’ ഉണ്ടായ നാടാണ് ഇതെന്നോർക്കുമ്പോഴാണ് മിഷണറി പൊസിഷനപ്പുറം സങ്കല്പിപിക്കാനാവാത്ത നമ്മുടെ സദാചാരസങ്കല്പങ്ങളുടെ മാറ്റ് കൂടുന്നത്!

ഇതൊന്നും ഇപ്പോഴത്തെ ചെറുപ്പക്കാരിൽ ഭൂരിപക്ഷത്തിനും ബാധകമല്ല എന്നറിയാം. അത്രയും ആശ്വാസം.. മധ്യവയസ്കരുടെ ധർമ്മസങ്കടങ്ങളാണ് ഞാനെഴുതിയതത്രയും.

(അപവാദങ്ങളുണ്ടാവാം അപൂർവ്വമായി. അത് നിഷേധിക്കുന്നില്ല)

About Intensive Promo

Leave a Reply

Your email address will not be published.