വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യന്‍ വ്യോമസേനയുടെ തരിച്ചടി. പുലര്‍ച്ചെ 3.30 ന് 12 ‘മിറാഷ് 2000’ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം നിയന്ത്രണരേഖ കടന്ന് മുസാഫര്‍ബാദ് മേഖലയില്‍ എത്തിയെന്ന ആരോപണവുമായി പാകിസ്ഥാനും രംഗത്തെത്തി. എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദം മറുപടി അര്‍ഹിക്കുന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ബാല്‍കോട്ട് മേഖലയിലെ ജയിഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയുടെ താവളം ലക്ഷ്യമിട്ടാണ് പോര്‍വിമാനങ്ങള്‍ പോയതെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18 നോട് വ്യക്തമാക്കിയിട്ടുണ്ട്.
സിംലാ കരാറിനു ശേഷം ആദ്യമായാണ് ഇന്ത്യ വ്യോമാതിര്‍ത്തി കടന്ന് പാകിസ്ഥാനെ ആക്രമിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് പാക് തീവ്രവാദി കേന്ദ്രത്തിനു നേരെ ഇന്ത്യ ആക്രമണം നടത്തിയത്. പുല്‍വാമ ആക്രണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ- മുഹമ്മദ് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിരുന്നു.
പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ട്വിറ്ററില്‍ ഇന്ത്യ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണമുന്നയിച്ചത്. എന്നാല്‍ ബാല്‍കോട്ട് മേഖലയില്‍ ആക്രമണം നടത്തിയെങ്കിലും ആള്‍നാശമുണ്ടായിട്ടില്ലെന്നും പാക് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന് നൽകിയ തിരിച്ചടിയെത്തുടർന്ന് ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിൽ. പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് വിവരം. ഇന്ത്യയും ശക്തമായി പ്രതികരിക്കുന്നുണ്ട്. ഇന്ത്യ- പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാക്കിസ്ഥാൻ ഇപ്പോൾ വെടിവെപ്പ് നടത്തുന്നത്.
നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങൾക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിർദേശം നൽകിയിരുന്നു. പാക്ക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങൾ പാക്കിസ്ഥാനും ഒഴിപ്പിക്കുകയാണ്.