കാശ്മീരിൽ പൊലീസും സൈന്യവും സംയുക്തമായി ഭീകരർക്കെതിരെ നടത്തിയ തിരിച്ചടിയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ പൊലീസ് സംഘത്തിലുണ്ടായിരുന്നു മുതിർന്ന ഒരു ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. കാശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്ന് വൈകീട്ടായിരുന്നു സംഭവം. സ്ഥലത്ത് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
കുൽഗാം ഡി.വൈ.എസ്.പിയായ അമൻ കുമാറാണ് വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥൻ. 2011 ബാച്ച് കാശ്മീർ പൊലീസ് ഉദ്യോഗസ്ഥനാണ് അമൻ കുമാർ. കഴിഞ്ഞ രണ്ട് വർഷമായി കുൽഗാമിലെ ഡി.വൈ.എസ്.പിയായി ചുമതലയേറ്റിട്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്‌മീരിൽ വിഘടനവാദികൾക്കെതിരെ കേന്ദ്രസർക്കാർ ശക്തമായി നീങ്ങുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ച രാത്രി പതിനായിരം ഭടന്മാർ ഉൾപ്പെടുന്ന നൂറ് കമ്പനി കേന്ദ്ര സേനയെ കാശ്മീരിൽ എത്തിച്ചു. നിലവിലുള്ള 65,000 കേന്ദ്ര ഭടന്മാർക്ക് പുറമേയാണ് അടിയന്തരമായി 10,000 ഭടന്മാരെ വിന്യസിച്ചത്